Dr Munawar Hanih T T

ICSSR Post Doctoral Fellow at Aligarh Muslim University

__

Munawar Hanih

Building on his extensive scholarly and research experience, Dr. Munawar Hanih T.T. navigates a unique academic path as an ICSSR Post-Doctoral Fellow at Aligarh Muslim University (AMU). He previously served as an Assistant Professor of Malayalam at Sir Syed College in Taliparamba until 2024 in a contractual post. His work is dedicated to exploring the rich intersection of Islamic mysticism, particularly Sufi poetry, and the Bhakti traditions within cultural literature.


A native of Valanchery Munnakkal, Kerala, Dr. Hanih's intellectual foundation began with his Bachelor's degree completed at WMO College, Muttil, Wayanad. He then pursued his M.A. and Ph.D. in Malayalam Literature at AMU. His M.A. research on the folklore of the Kadalundipuzha river banks received the M.P. Paul Memorial Award.
Dr. Hanih has published two books with Book Plus in 2023: Malayalam Sufi Poetry (മലയാള സൂഫി കവിത) and Sufism in Modern Discourses (സൂഫിസം ആധുനിക വ്യവഹാരങ്ങളിൽ).

 

His doctoral thesis, a focused study on the "Poetic identity of Malayalam Sufi poetry," is a significant contribution that has helped establish this literary form as a distinct genre. This research trajectory led to his prestigious ICSSR fellowship, which is funding his current inquiry into "The Role of Bhakti Poetry and Sufi Poetry in the Social Reformation of Kerala," further examining the transformative power of these literary and spiritual traditions.


His book Malayala Sufi Kavitha earned the 2023 Mahakavi Moinkutty Vaidyar Mappila Kala Akademi Literary Award.

 

His areas of expertise encompass Mysticism, the intricate relationship between Sufism and politics, Islamic eschatology, folklore, and anti-imperialism. His analyses and perspectives reach a broad audience through his academic papers in journals, as well as through articles and essays.

 Dr. Munawar Hanih T T

 

പാലസ്തീനിൽ ശാശ്വത സമാധാനം പുലരണം

പതിനഞ്ചു മാസത്തോളം നീണ്ട ഇസ്റാഈൽ- ഹമാസ് യുദ്ധത്തിനു ഒടുക്കമുണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ജനുവരി പതിനഞ്ചിലെ വെടിനിർത്തൽ ധാരണകളുടെ വാർത്തകൾ പുറത്തുവന്നത്. മധ്യപൂർവ്വേഷ്യൻ രാഷ്ട്രീയത്തെയും കവച്ചുകൊണ്ട് ആഗോള ശക്തികൾ പക്ഷം പിടിക്കുന്നൊരു രാഷ്ട്രീയ സമസ്യയായി ഇക്കാലയളവിൽ പാലസ്തീൻ- ഇസ്രയേൽ പ്രശ്നം വ്യവഹരിക്കപ്പെട്ടു. ഇസ്രയേലിന്റെ സയണിസ്റ്റ് ലക്ഷ്യങ്ങളും പലലോക വൻശക്തികളും നേതാക്കളും സയണിസ്റ്റ് അജണ്ടകൾക്ക് വശംവദരാകുന്നതും മൌനികളാകുന്നതും ലോകം കണ്ടു. പാലസ്തീനിനൊപ്പം നിന്ന് സയണിസത്തിനെതിരെ പ്രതിരോധം തീർത്ത ഇറാൻ, ലെബനോൻ, സിറിയ, യമൻ എന്നിവിടങ്ങളെ ആരെല്ലാം പിന്താങ്ങിയെന്നും പുറന്തള്ളിയെന്നും ലോകം വ്യക്തമായി കണ്ടു. സയണിസ്റ്റ് അജണ്ട പാലസ്തീനെ മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്ന ബോധ്യത്തിൽ നിന്നു കൊണ്ട് മധ്യപൂർവ്വേഷ്യൻ രാഷ്ട്രീയത്തെ പുനരവലോകനം ചെയ്യുമ്പോൾ ഈ വെടിനിർത്തലിനു എത്രത്തോളം സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും സയണിസ്റ്റ് വ്യാപനത്തെ പ്രതിരോധിക്കാൻ വെടിനിർത്തൽ മാത്രം പോരെന്നതും പര്യാലോചിക്കേണ്ടതായി വരും.

ഈ പര്യാലോചനയെ നാം കൂട്ടിവായിക്കേണ്ടത് നിലവിൽ ജനാധിപത്യാരോഹണം നടന്ന സിറിയൻ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ്. ഐക്യരാഷ്ട്ര സഭാ വേദിയിൽ സയണിസത്തിന്റെ ശാപമെന്നു ഉയർത്തിക്കാണിച്ച സിറിയയും ഇറാഖും ഇറാനും ലെബനാനുമെല്ലാം ഇസ്രയേലിനെ പ്രതിരോധിക്കുന്നവരാണ്. ശക്തമായ പ്രതിരോധ തീർത്ത സിറിയയിൽ പെട്ടെന്നൊരു അട്ടിമറി ഉണ്ടാക്കിയെടുത്ത് ജനാധിപത്യത്തിലേക്ക് കെട്ടിയുയർത്തിയത് ഇസ്രയേലിന്റെയും അമേരിക്കയുടെയും അജണ്ടകൾ തന്നെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രയേൽ പ്രതിരോധത്തിലെ അച്ചുതണ്ടു ശക്തിയായ സിറിയയെ ബശ്ശാർ അൽ അസദിൽ നിന്ന് മോചിപ്പിച്ച് തീവ്രവാദ പരിശീലനം ലഭിച്ച ജുലാനിക്ക് നൽകുന്നതിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സമരതന്ത്രവും നയതന്ത്രവും അടങ്ങിയിട്ടുണ്ട്. ഇനി സിറിയയെ അകറ്റി നിർത്തേണ്ടതില്ലെന്നും പരസ്പരം നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും ഇസ്രയേൽ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മധ്യപൂർവ്വേഷ്യയിൽ തങ്ങൾക്ക് അത്യന്തം ഭീഷണമായ സിറിയയിൽ തങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ ഭരണകൂടം ഉണ്ടായിരിക്കെ സയണിസ്റ്റ് അജണ്ടകൾക്ക് കാര്യങ്ങൾ താരതമ്യേന എളുപ്പമായതായി തന്നെ മനസ്സിലാക്കണം. അഥവാ, നെതന്യാഹു ഉയർത്തിക്കാട്ടിയ ശാപത്തിന്റെ ഭൂപടത്തിൽ നിന്ന് സിറിയ ഇനി അനുഗ്രഹത്തിന്റെ ഭൂപടത്തിലേക്കു മാറുമെന്നു സാരം.

സയണിസത്തിന്റെ രാഷ്ട്രീയ ഭൂപടം വിപുലീകരിക്കുന്ന ലക്ഷ്യത്തിൽ മർമ്മ പ്രധാനമായ ഭാഗമാണ് സിറിയയും ലെബനോനും. ഇതിൽ സിറിയയെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്നതോടെ പാലസ്തീനെ പൂർണ്ണമായും അശക്തമാക്കാനും ക്രമേണ തങ്ങളുടെ സയണിസ്റ്റ് ലക്ഷ്യം സ്ഥാപിച്ചെടുക്കുന്നതും ഇസ്രയേലിനെ സംബന്ധിച്ച് എളുപ്പമായി തീരും. തങ്ങൾ ആക്രമിച്ച് കയറിയിടത്തൊക്കെ തങ്ങളുടെ അധിനിവേശ പതാക സ്ഥാപിക്കുന്നതും ക്രമേണ ആ മേഖലയെ തന്നെ തങ്ങളുടെ ഭൂപടത്തോടു ചേർത്തൊട്ടിക്കുന്നതും ഗാസയുടെ വിഷയത്തിലും ലെബനാന്റെ വിഷയത്തിലും ഇസ്രയേൽ ആവർത്തിക്കുന്നതു നാം കണ്ടതാണ്. ഇതു തന്നെയാണ് സിറിയയിലും സംഭവിക്കാൻ പോകുന്നത്. ദക്ഷിണ സിറിയയിൽ ഇസ്രയേൽ അധിനിവേശ പതാക ഉയർത്തുന്ന ഇസ്രയേൽ സൈനികരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. മാത്രമല്ല, ഇത്തരത്തിൽ മറ്റൊരു രാജ്യത്തിന്റെ മേഖലയിൽ പതാക നാട്ടുന്നത് ഉചിതമല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യൂ മില്ലർ അഭിപ്രായപ്പെടുകയുമുണ്ടായി. ചുരുക്കത്തിൽ മറ്റൊരു ഗാസയായി സിറിയയും മാറുമോയെന്നു ശക്തമായി സംശയിക്കേണ്ടിയിരിക്കുന്നെന്നു സാരം. പറഞ്ഞുവരുന്നത്, നിലവിലെ വെടിനിർത്തൽ താൽക്കാലികമായെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കുമെങ്കിലും സയണിസത്തിന്റെ സാമ്രാജ്യത്വ വ്യാപന ലക്ഷ്യങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ലെന്നതു കൂടിയാണ്.

ഇനി, നയതന്ത്രപരമായ മറ്റൊരു വിഷയത്തിലേക്കു കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വലിയൊരു പക്ഷം മാധ്യമങ്ങൾ അപ്രധാനമായി തഴയുന്നതോ തെറ്റായി മറ്റു പല ശക്തികൾക്കു മേലും ചുമത്തുന്നതോ ആണ് വെടിനിർത്തൽ കരാറിലേക്കെത്താനുള്ള തന്ത്രപ്രധാനമായ നീക്കങ്ങൾ ആരുടെ ഭാഗത്തു നിന്നാണെന്നുള്ളത്. ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കയും മറ്റു അറബ് രാജ്യങ്ങളും ഇക്കഴിഞ്ഞ പതിനഞ്ചു മാസം ശ്രമിച്ചിട്ടും സാധ്യമാവാത്ത വെടിനിർത്തൽ കരാർ നിലവിൽ സാധ്യമായിട്ടുണ്ടെങ്കിൽ അതിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്താൻ നിലവിലെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനു സാധിച്ചിട്ടുണ്ടെന്നതു നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ഇസ്രയേലിലെ പ്രമുഖ വാർത്താമാധ്യമങ്ങളും ഹമാസ് വക്താക്കൾ തന്നെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഥവാ ജൂതനല്ലെങ്കിലും സയണിസ്റ്റാണെന്നു അഭിമാനിക്കുന്ന ബൈഡനും ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തിനു വംശഹത്യക്കു വേണ്ട സർവ്വ സന്നാഹങ്ങളും ഒരുക്കിനൽകുന്ന അമേരിക്കൻ ഭരണവൃന്ദങ്ങളും ഇക്കഴിഞ്ഞ കാലം ഗാസയ്ക്കു വേണ്ടി പ്രവർത്തിച്ചതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ട്രംപിന്റെ കുറഞ്ഞ മണിക്കൂറുകൾക്കു സാധിച്ചിട്ടുണ്ടെന്നാണ് അതാണ് നിലവിലെ വെടിനിർത്തലിൽ പുലർന്നിരിക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

 അതിനാൽ തന്നെ നിലവിലെ വെടിനിർത്തലും കടന്ന് ശാശ്വതമായൊരു പാലസ്തീൻ പരിഹാരത്തിലേക്കു ഇസ്രയേലിനെയും പാലസ്തീനെയും അടുപ്പിക്കാനുള്ള നയതന്ത്രജ്ഞത ഡൊണാൾഡ് ട്രംപിനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, നിലവിലെ വെടിനിർത്തൽ കൊണ്ടു മാത്രം ഗാസയിലെയോ പാലസ്തീനിലെയോ പ്രശ്നം പരിഹാരിക്കാനാവില്ല. ശാശ്വതമായ പ്രശ്ന പരിഹാരത്തിനു മധ്യപൂർവ്വേഷ്യയുടെ മുഴുവൻ സഹകരണം ആവശ്യമുണ്ട്. കൂടാതെ ഇസ്രയേൽ തങ്ങളുടെ അധീശത്തപരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉപേക്ഷിക്കേണ്ടതും അത്യന്താപേക്ഷിതം തന്നയാണ്.

നിലവിലെ വെടിനിർത്തൽ താൽക്കാലികമായെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കുമെങ്കിലും സയണിസത്തിന്റെ സാമ്രാജ്യത്വ വ്യാപന ലക്ഷ്യങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ലെന്നതു കൂടിയാണ്. മാത്രമല്ല, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ അനുഗ്രഹമായി ഇസ്രയേൽ കണക്കാക്കുന്ന അറബ് രാജ്യങ്ങളുമായി യഥേഷ്ടം വ്യാപാരബന്ധം തുടരാനും വളരാനും അടുത്തൊരു ഉന്മൂലനത്തിനാവശ്യമായ ആയുധ സാമ്പത്തിക സഹായങ്ങൾ സമാഹരിക്കാൻ ഇസ്രയേലിനു സ്രോതസ്സുകൾ നൽകുകയും ചെയ്യും. ഈ വെടിനിർത്തൽ സാധ്യമാവുന്നതോടെ ഇസ്രയേൽ ഉടനടി ഏർപ്പെടുക സൌദി അറേബ്യയുമായുള്ള ബന്ധത്തെ സാധാരണവൽക്കരിക്കുകയാണെന്ന് അറ്റ്ലാന്റിക് കൌൺസിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഥവാ, നിലവിലെ വെടിനിർത്തലിനു പിന്നിൽ സയണിസത്തിന്റെ അനുഗ്രഹ രാജ്യങ്ങൾക്കും ഇസ്രയേലിനും സാമ്പത്തികമായി വളരാനുള്ള കമ്പോള അജണ്ട ഒളിഞ്ഞിരിക്കുന്നുണ്ടെന്നു സാരം.

ഇതിനർത്ഥം വെടിനിർത്തൽ കരാർ അപ്രധാനമാണെന്നോ അംഗീകരിക്കാവതല്ലെന്നോ അല്ല. പകരം, ഇസ്രയേലും സയണിസവും അവരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണോ അത് ഉപേക്ഷിച്ചിട്ടില്ല. പകരം, നിലവിലൊരു വെടിനിർത്തൽ ധാരണയ്ക്ക് ഇസ്രയേൽ തയ്യാറായതു പോലും സിറിയ എന്ന തന്ത്രപ്രധാനമായ പ്രദേശത്തെ സയണിസ്റ്റ് വിരുദ്ധ ചേരിയിൽ നിന്ന് മാറ്റി തങ്ങൾക്കനുകൂലമായി പ്രതിഷ്ഠിച്ചതിനു ശേഷമാണ്. സയണിസത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് പലപ്പോഴും കുഴലൂത്തു നടത്തുന്നത് ഇസ്രയേൽ തന്നെ തങ്ങളുടെ അനുഗ്രഹമായി വിശേഷിപ്പിക്കുന്ന മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളാണ്. നിലവിലെ ഭൌതികരാഷ്ട്രീയ സാഹചര്യമനുസരിച്ച് ഇസ്രയേലിനെ പ്രതിരോധിക്കുന്ന ശക്തികളായി നിലനിൽക്കുന്നത് ശിയാ രാജ്യങ്ങൾ മാത്രമാണ്. ലോകരാഷ്ട്രീയത്തിലെ സുന്നി ശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഇസ്രയേലുമായുള്ള ബന്ധത്തെ സാധാരണവൽക്കരിക്കുകയോ അല്ലെങ്കിൽ രണ്ടു പക്ഷത്തും ചാഞ്ഞുനിൽക്കുന്ന നിലപാടോ ആണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. പറഞ്ഞുവരുന്നത്, വെടിനിർത്തൽ ധാരണ ഇരുകൂട്ടരും നിബന്ധനകൾ പാലിച്ച് പൂർത്തിയാക്കിയാൽ നിശ്ചിതസമയത്തേക്കെങ്കിലും ദുരന്തങ്ങളെ നീട്ടിവെക്കാൻ സാധിക്കും. അതേസമയം, ഗാസ, പാലസ്തീൻ വിഷയത്തിൽ ശാശ്വതമായ പരിഹാരങ്ങളിലേക്ക് എത്തിച്ചേർന്നാൽ മാത്രമേ മധ്യപൂർവ്വേഷ്യയെ ഗ്രസിച്ചിരിക്കുന്ന ഈ രാഷ്ട്രീയസമസ്യക്ക് പരിഹാരം കണ്ടെത്താൻ സാധിക്കൂ.

ഇസ്രയേൽ തങ്ങളുടെ സണിസ്റ്റ് സാമ്രാജ്യത്വ വിപുലീകരണ ലക്ഷ്യത്തിൽ അയവു വരുത്തണമെന്നു മാത്രമല്ല, പാലസ്തീനോടു പ്രതിബദ്ധതയുള്ള മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ തങ്ങളുടെ കമ്പോള നേട്ടങ്ങളെയും സയണിസ്റ്റ് ഭീതിയെയും മാറ്റിവെച്ച് ആത്മാർത്ഥമായി പാലസ്തീന്റെ സുസ്ഥിരതയ്ക്കു വേണ്ടി നിലകൊള്ളേണ്ടതുണ്ട്. കൂടാതെ, ഇസ്രയേലിന്റെ ആജ്ഞാനുവർത്തിയെന്നോണം പ്രവർത്തിച്ച  ബൈഡൻ ഭരണകൂടത്തിൽ നിന്നു വ്യത്യസ്തമായി ആഗോളതലത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ട്രംപിനു സാധിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ മാത്രമേ ആഗോള രാഷ്ട്രീയത്തെ കാലങ്ങളായി പിന്തുടർന്നു കൊണ്ടിരിക്കുന്ന സങ്കീർണമായ ഈ രാഷ്ട്രീയ സമസ്യക്ക് ഉചിതമായൊരു പരിഹാരം കാണാനാവൂ.







.

 

ജമാഅത്തെ ഇസ് ലാമിയും പാരാസൈറ്റിക് സ്ട്രാറ്റജിയും

 

സ്വാശ്രയികളാവുന്നതുവരെ തന്റെ കുഞ്ഞുങ്ങൾ അക്രമിക്കപ്പെടാതിരിക്കാനും സുരക്ഷിതമായി വളരാനും സുശക്തവും സുരക്ഷിതവുമായ മറ്റു പക്ഷികളുടെ കൂടുകളിൽ കുയിലുകൾ മുട്ടയിടുന്നത് ഒരുതരത്തിലുള്ള പാരാസൈറ്റിസം, അഥവാ ഇത്തിൾക്കണ്ണി രീതിയാണ്. ഇതിനെ പക്ഷികളുടെ എവല്യൂഷണറി സ്ട്രാറ്റജിയായും മനസിലാക്കാം. പല കഴിവില്ലായ്മകളെയും അതിജീവനശേഷികളെയും മറികടക്കാനുള്ള തന്ത്രം. തന്റെ തലമുറയെ ഒളിച്ചുകടത്താനുള്ള തന്ത്രം.

പ്രകൃതിയിൽനിന്നു പലതും കണ്ട് അനുകരിക്കുന്ന മനുഷ്യർ തന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിലും ഇതു പ്രയോഗിച്ചു വരുന്നുണ്ട്. സമകാലിക കേരളീയ രാഷ്ട്രീയത്തിൽ ഈ അതിജീവന സമരതന്ത്രം കൃത്യമായി പ്രയോഗിച്ചുവരുന്നത് ജമാഅത്തെ ഇസ് ലാമിക്കാരാണ്. 1941ൽ ഇവരുടെ ആരംഭം തൊട്ടിന്നേവരെയുള്ള വളർച്ചയും തളർച്ചയും കൂട്ടുകെട്ടുകളും സഹോദര സംഘടനകളുടെ രൂപീകരണവും സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാനാവുക, അതിജീവനത്തിനു വേണ്ടിയുള്ള പാരാസൈറ്റിക് സ്ട്രാറ്റജി ഇത്ര ഫലപ്രദമായി ആവിഷ്കരിക്കാൻ മറ്റാർക്കും ഒരുപക്ഷേ സാധിച്ചിട്ടില്ലെന്നു തന്നെയായിരിക്കും.

 

ഇത്തരമൊരു രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ സ്ഥാപകനേതാവിനെ വരെ പൊതുമധ്യത്തിൽ തള്ളിപ്പറയുന്ന സാഹചര്യത്തിൽ കേരള ജമാഅത്തെ ഇസ് ലാമി എത്തിനിൽക്കുമ്പോൾ ഊറിച്ചിരിക്കാനല്ലാതെ മറ്റെന്തിനു സാധിക്കും? തങ്ങളുടെ പ്രത്യയശാസ്ത്രം വ്യക്തമായി എഴുതി അനവധി പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ച് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക അംഗത്വത്തിന് നിർദേശിക്കുന്ന പുസ്തകങ്ങളിൽ ഇവരിന്നു തള്ളിപ്പറഞ്ഞ മൗദൂദിയുണ്ട്. ഇനി മൗദൂദിയെ തള്ളിപ്പറഞ്ഞാലും സയ്യിദ് ഖുതുബിനെയും ഹസനുൽ ബന്നയെയും ഇവർ തള്ളിപ്പറയുമോ? അഥവാ ആഗോളാടിസ്ഥാനത്തിലുള്ള മുസ് ലിം ബ്രദർഹുഡ് രാഷ്ട്രീയത്തെ ഇവർ തള്ളിപ്പറയുമോ?

ഇനി അത്തരത്തിൽ സമൂല സൈദ്ധാന്തിക പരിവർത്തനം കേരളാ ജമാഅത്തെ ഇസ് ലാമിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയും അംബേദ്കറിന്റെ ജാതി ഉന്മൂലനവും കേരളത്തിലെ പാരമ്പര്യ സുന്നികളുടെ വിശ്വാസ- കർമശാസ്ത്ര ഗ്രന്ഥങ്ങളും നിർദേശിക്കട്ടെ. അല്ലാത്തപക്ഷം, ജമാഅത്തെ ഇസ് ലാമിയോടുള്ള ഭയവും അവിശ്വാസവും ചരിത്രമറിയുന്ന, ചിന്തിക്കുന്ന ഒരു ന്യൂനപക്ഷത്തിലെങ്കിലും അവശേഷിക്കും.

തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ ഉപജ്ഞാതാവിൻ്റെയും അതിജീവനശേഷി നഷ്ടമായിരിക്കുന്നു എന്ന പ്രകടമായ പ്രഖ്യാപനം തന്നെയാണ് കേരളാ ജമാഅത്തെ ഇസ് ലാമി അമീറിൽ നിന്നുണ്ടായിരിക്കുന്നത് എന്നതിൽ സംശയിക്കാനില്ല. അതിനാൽ ഇത്തരം, അതിജീവനശേഷിയില്ലാത്ത രാഷ്ട്രീയങ്ങൾ, സത്യത്തിൻ്റെയും നന്മയുടെയും ധാർമിക സംഹിതകളില്ലാത്ത ഇത്തിൾക്കണ്ണി രാഷ്ട്രീയങ്ങൾ, സുശക്തവും സുദൃഢവുമായ ധാർമിക രാഷ്ട്രീയ സംഹിതകളുടെ കൂട്ടിൽ വന്ന് അവരുടെ വിത്തു പാകാൻ ശ്രമിക്കുന്നത് വേഷം മാറലും ഭാവിയിൽ ഇവയെ കൂടി നശിപ്പിച്ച് കൈയേറുന്നതിനുമാണ്. കേരളത്തിലെ മുസ് ലിം ലീഗിന് ഇതുവരെയായും ഞങ്ങൾ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അനുയായികളല്ലെന്നോ ഞങ്ങളുടെ ആദർശം സ്ഥാപക നേതാവിന്റേതല്ല എന്നോ അദ്ദേഹത്തിന്റേതല്ല ഞങ്ങളുടെ അവസാന വാക്കെന്നോ പറയേണ്ട സാഹചര്യമുണ്ടായതായി അറിവില്ല. കാരണം, ഇഹ്സാനികമായ അദ്ദേഹത്തിന്റെ രാഷ്ട്രീയം ക്രാന്തദർശിതത്വത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, ഖാഇദേ മില്ലത്തിനെ നിരന്തരമായി പരാമർശിച്ചുകൊണ്ട് തങ്ങളുടേതാക്കാനുള്ള ശ്രമങ്ങൾ ഡൽഹി ക്യാംപസുകളിൽ ജമാഅത്തെ ഇസ് ലാമിയുടെ കുട്ടി നേതാക്കളിൽ നിന്നുണ്ടാവുന്നത്. കാരണം, ഉത്തരേന്ത്യയിലെ ക്യാംപസുകളിൽ മൗദൂദിയുടെ പേരു പറഞ്ഞ് വോട്ടു പിടിക്കുന്നതിലും എളുപ്പം ഖാഇദേ മില്ലത്തിന്റെ പേരു പറഞ്ഞ് വോട്ടു ചോദിക്കാനാണ്. ചുരുക്കിപ്പറഞ്ഞാൽ, താത്കാലികമായി തള്ളിപ്പറഞ്ഞാലും ജമാഅത്തെ ഇസ് ലാമിയുടെ സത്തയും സ്വത്വവും മൗദൂദിസത്തിൽ തന്നെയെന്നു സാരം. സമകാലിക രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ഫാസിസത്തെയും സാമ്രാജ്യത്വത്തെയും എതിർക്കുന്നതിനായി ആരുടെയൊക്കെ കൂടെ ചേർന്നാലും ഒറ്റയ്ക്കു ചിറകു വിരിക്കാനാകുമ്പോൾ മൗദൂദിസത്തിലേക്കു തന്നെയേ ജമാഅത്തെ ഇസ് ലാമിക്കു ചേക്കാറാനാവൂ. കാരണം, ഇവരുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും വ്യക്തമായ അജൻഡയുണ്ട്. അത്, കേവലം കേരള രാഷ്ട്രീയമോ ഇന്ത്യൻ രാഷ്ട്രീയമോ മാത്രമല്ല, പകരം ആഗോളാടിസ്ഥാനത്തിൽ തന്നെയുള്ള ബൗദ്ധിക വ്യവഹാരങ്ങളിലൂടെ മുസ് ലിംകളുടെ രാഷ്ട്രീയമായ സമചിത്തതയെ നിർജീവമാക്കി ഭയവും അരക്ഷിതത്വവും വളർത്താനും വ്യവസ്ഥാപിത ഭരണകൂടങ്ങളോട് വെറുപ്പും അരക്ഷിതത്വവും നിലനിർത്തുന്നതിനും വേണ്ടിയുള്ളതാണ്. ഇതിനു പിന്നിലെ അജൻഡയെന്തെന്നുള്ളതിന്റെ താത്പര്യം സമസ്തയുടെ അറുപതാം വാർഷിക പ്രഭാഷണത്തിൽ പണ്ഡിതവര്യൻ ശംസുൽ ഉലമ വ്യക്തമാക്കിയിട്ടുണ്ട്.

ചിന്തിക്കുന്നവർക്ക് പ്രകൃതിയിലും ദൃഷ്ടാന്തമുണ്ട്.

നമ്മളെല്ലാരും പക്ഷികളല്ലേ എന്ന് പറഞ്ഞ് ചിരിച്ച് കാണിച്ചാലൊന്നും കാക്കയുടെ മുമ്പിൽവച്ച് കുയിൽ കാക്ക കൂട്ടിൽ മുട്ടയിടില്ല, അതിനുള്ള ധൈര്യം ആ പക്ഷിക്കില്ല. എന്നാൽ ചില പഠനങ്ങൾ അന്വേഷിച്ചത് കുയിൽ പോലുള്ള പരോപജീവികൾ മറ്റുള്ള പക്ഷികളുടെ കൂട്ടിൽ ഇത്തരത്തിലുള്ള കൈയേറ്റം നടത്തുമ്പോൾ അവർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ്. മാഫിയ ഹൈപ്പോതിസീസ് ഇതിനെ വിശദമാക്കുന്നത് ഇങ്ങനെ: ആതിഥേയ പക്ഷികൾ അനധികൃതമായി എത്തുന്ന, മുട്ടകൾ തന്റേതല്ലെന്നു മനസിലാക്കി കൊത്തി താഴെയിട്ടാൽ ഈ പരോപ ജീവികൾ (കുയിൽ) വന്ന് ഇവരുടെ കൂടും അതിലെ മുട്ടകളെയും നശിപ്പിക്കും എന്നതു കൊണ്ടാണ്. ഒരു വിഭാഗം ഗവേഷകർ ഈ നിരീക്ഷണത്തെ പിന്താങ്ങുന്നുണ്ട്. അഥവാ, നശീകരണ മനോഭാവം,അല്ലെങ്കിൽ പ്രതിരോധിക്കുന്നവരെ അക്രമിച്ചു വരുതിയില്ലാക്കുക (അതിനി ബൗദ്ധികമായും ശാരീരികമായും) ഇത്തരക്കാരുടെ സ്വഭാവമാണ്.

 

നിലവിൽ ജമാഅത്തെ ഇസ് ലാമി കേരളത്തിൽ പ്രയോഗിക്കുന്ന തന്ത്രവും ഇതുതന്നെയാണ്. രാജ്യത്തുടനീളം മുസ് ലിം ന്യൂനപക്ഷങ്ങളിൽ ഭരണകൂടത്തോടു ഭയവും അരക്ഷിതാവസ്ഥയും വളർത്താനും എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങളും ആശയവ്യതിയാനങ്ങളും മറന്ന് ഒന്നിച്ചുനിന്നാൽ മാത്രമേ ഇന്ത്യയിൽ മുസ് ലിംകൾക്ക് രക്ഷയുള്ളൂ എന്ന ധാരണ വളർത്തിയെടുക്കാനും ജമാഅത്തിനും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സാമൂഹിക, സാംസ്കാരിക, അക്കാദമിക വ്യവഹാരങ്ങൾക്കും സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ ആർ.എസ്.എസിനോട് ചർച്ച നടത്താനും ഇവർ തയാറാണെന്നത് ചേർത്തുവായിക്കണം. ഇനി ഇത്ര പ്രവർത്തന കാലയളവിൽ ഇന്ത്യയിൽ ഭരണത്തിലിരുന്ന ഏതു ഭരണകൂടത്തിനു കീഴിലാണ് ഈ പ്രസ്ഥാനം വിശ്വാസവും സുരക്ഷിതത്വവും പ്രകടിപ്പിച്ചിട്ടുള്ളത്? പക്ഷേ ഈ വാസ്തവം തിരിച്ചറിയുമ്പോഴേക്കും വലിയൊരു വിഭാഗം പുതു തലമുറ ജമാഅത്ത് വീക്ഷണത്തിന് അടിപ്പെട്ടിട്ടുണ്ടാകും. ഇതിനു വേണ്ടി തങ്ങളുടെ മത, വിദ്യാഭ്യാസ, മാധ്യമ, സാമൂഹിക- സാംസ്ക്കാരിക സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്താൻ ജമാഅത്തെ ഇസ് ലാമിക്കു സാധിക്കുമെന്നു മാത്രമല്ല, അതിനു വേണ്ട സാമ്പത്തിക സ്രോതസ് അവർക്കുണ്ടുതാനും. ഇനി ഒരു രാജ്യദ്രോഹ പ്രവർത്തനവും തങ്ങൾക്കെതിരേ വന്നില്ലല്ലോ എന്നു ആത്മവിശ്വാസപൂർവം ഇവർക്കു പറയാൻ സാധിക്കും. കാരണം സായുധ പ്രവർത്തനത്തിന്റെ വഴികളിവരെന്നോ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ സമൂഹത്തിലുടനീളം കലാപം വിതയ്ക്കാൻ ഉതകുന്ന ചിന്താഗതികളും വീക്ഷണങ്ങളും പൊതുമധ്യത്തിലേക്ക് പ്രചരിപ്പിക്കാനാവുന്ന ശക്തമായ ആയുധങ്ങളിന്നവർക്കുണ്ട്. വാളിനേക്കാൾ ശക്തമാണ് പേന എന്നാണല്ലോ ആപ്തവാക്യം.

തങ്ങളുടെ രാഷ്ട്രീയ പരിണാമത്തിൽ വളരെ വൈരുധ്യ അതിജീവന തന്ത്രങ്ങൾ പുറത്തെടുക്കുന്ന ഇക്കൂട്ടർ (മൗദൂദിസ്റ്റുകൾ) ബൗദ്ധിക ചർച്ചകളിലൂടെ, പൊതുശത്രുവിനെതിരേ ഇരകൾ ഒറ്റക്കെട്ട് എന്ന പരസ്യവാചകത്തിലൂടെ ഇന്ത്യയിൽ നടന്ന പല പ്രശ്നങ്ങളെയും പ്രതിഷേധങ്ങളെയും അക്രമാസക്തമാക്കിയിട്ടുണ്ട് എന്ന് ഗ്രൗണ്ട് ലെവൽ അനുഭവത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഇതിനുള്ള ആൾബലം ഇവർ ഇന്ത്യയിലെ ക്യാംപസുകളിൽ നിന്നും മറ്റു ജനവാസമേഖലകളിൽ നിന്നും കണ്ടെത്തിയത് ഇരവാദത്തിലൂടെയും ഇരബോധത്തിലൂടേയും ജനഹൃദയങ്ങളിൽ ഭയത്തെ കുത്തിവെച്ചു കൊണ്ടാണ്. ഈ ഐക്യത്തിനു വേണ്ടി വാദിക്കുന്നവർ എന്തുകൊണ്ട് തങ്ങളുടെ പ്രതിലോമകരമായ സിദ്ധാന്തങ്ങളെ ഇന്നും തിരുത്തുന്നില്ല? ഒറ്റക്കു നിന്നാൽ തങ്ങളുടെ സിദ്ധാന്തങ്ങളുടെ അസ്തിവാരമിളകും എന്ന ബോധ്യം കൊണ്ടല്ലേ നിലനിൽപ്പിനു വേണ്ടി മറ്റു രാഷ്ട്രീയങ്ങൾക്കൊപ്പം ഇവർ ചേരുന്നത്? ഏറ്റവും ഒടുവിൽ, തങ്ങളുടെ വിഷലിപ്ത സിദ്ധാന്തങ്ങൾ ഇവിടെയെല്ലാം പരത്തി ഡിസ്ട്ടോപ്യ സാക്ഷാത്ക്കരിക്കാം എന്നതുമാണ് ലക്ഷ്യം.

 

മൂടില്ലാതാളി പോലെ മറ്റു സസ്യങ്ങൾക്കു മേൽ പടർന്നു കയറി, അവ ശേഖരിച്ചതെല്ലാം ഊറ്റിക്കുടിച്ച്, അവയുടെ ഹരിതാഭമായ സ്വത്വത്തെ ഇല്ലാതാക്കി, മൃത്യുവിന്റെ വിളറിയ മഞ്ഞച്ചായമടിക്കുന്നവരാണിവർ. രാഷ്ട്രീയ നിഷ്കളങ്കത കൊണ്ടോ രാഷ്ട്രീയ അപക്വത കൊണ്ടോ കൊടികളെല്ലാം കൂട്ടിപ്പിടിക്കുമ്പോൾ ആലോചിക്കേണ്ടത് ആഴത്തിൽ പടർന്നൊരു വേര് കേരളത്തിലെ മുസ് ലിം രാഷ്ട്രീയത്തിനുണ്ടെന്നാണ്. അവർക്കതില്ലെന്നും. നമ്മുടെ വിത്തുകൾ പാകിയത് നന്മയിലും സുസ്ഥിരതയിലും ഈമാനികമായ സഹനത്തിലുമാണെന്നാണ്. അവരുടേത് ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണു താനും. കാക്ക കൂട്ടിൽ കുയിൽ മുട്ടയിട്ടാലും വിരിഞ്ഞിറങ്ങുന്ന കുയിൽ കൂ.. കൂ.. എന്നേകരയൂ. കാ.. കാ.. എന്ന് കരയില്ല. മൂടില്ലാതാളിക്ക് ഇല്ലാത്ത മുരട് ഒരിക്കലും ഉണ്ടാകില്ലെന്നു മാത്രമല്ല പടർന്നു കയറിയതിന്റെ മുരടറുക്കാനും അറിയാം.

 

ഐക്യബോധം കൊണ്ട് ഐക്യപ്പെടുന്നവരോർക്കേണ്ടത് സത്യമായ സ്വന്തം സത്തയെ അസത്യമായ അസത്തകളിൽ ലയിപ്പിക്കരുത് എന്നാണ്. രാഷ്ട്രീയ ഇടപെടലുകളിൽ പലപ്പോഴും പലരുമായും ഇന്റഗ്രേഷൻ വേണ്ടി വരും, എന്നാൽ അത് അസ്സിമിലേഷനാവരുത്.

 

 


 

 

 

 

 

 

 

 

 

.

 ഏകാധിപത്യവും സ്വേച്ഛാധിപത്യവും

ഏകാധിപത്യം എന്നു കേട്ടാൽ പൊതുവെ വ്യക്തികളുടെ പേരുകളോ ചിത്രങ്ങളോ ആണ് മനസ്സിലെത്തുക. കാരണം ഏകാധിപതിയായ വ്യക്തി ഭരണകൂടത്തെയും സമൂഹത്തെയും തന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ ഭരിക്കുന്ന ഭരണസംവിധാനത്തെയാണ് ഏകാധിപത്യമായി രാഷ്ട്രമീമാംസയ്ക്കു കീഴിൽ പഠിക്കപ്പെടുന്നത്. ഫറവോ ഏകാധിപതിയായിരുന്നു, നെപ്പോളിയൻ ഏകാധിപതിയായിരുന്നു, സ്റ്റാലിൻ ഏകാധിപതിയായിരുന്നു, ഹിറ്റ്ലർ ഏകാധിപതിയായിരുന്നു, മുഅമ്മർ ഗദ്ദാഫി ഏകാധിപതിയായിരുന്നു. അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ ഏകാധിപതികളായി കഴിഞ്ഞു പോയവർ ഒട്ടനവധി. നെപ്പോളിയൻ ഏകാധിപതിയാണെന്നു പറയുമ്പോൾ തന്നെയും നെപ്പോളിയൻ എന്ന ഏകാധിപതി ഫ്രാൻസിലും അദ്ദേഹം കീഴടക്കിയ പല യൂറോപ്യൻ മേഖലകളിലും സമൂലമായ ജനസൌഹൃദ പരിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. അന്നും ഇന്നും നെപ്പോളിയനെയും അദ്ദേഹത്തിന്റെ ഭരണത്തെയും ഭരണപരിഷ്ക്കാരങ്ങളെയും ശ്ലാഘിക്കുന്നവരുണ്ട്. സ്റ്റാലിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഗദ്ദാഫിയെ ഏകാധിപതിയെന്നു വിശേഷിപ്പിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭരണത്തകർച്ചയ്ക്കു ശേഷം ലിബിയയിൽ എന്തു സംഭവിച്ചുവെന്നുള്ളതും അദ്ദേഹത്തെ ആര് അട്ടിമറിച്ചു എന്നുള്ളതും അട്ടിമറിക്കു പിന്നിലെ അജണ്ടയെന്തായിരുന്നു എന്നുള്ളതും പിന്നീട് ഗദ്ദാഫിയുടെ ഭരണത്തെ അനുകൂലിച്ചുകൊണ്ടുള്ള വലിയ ചർച്ചകൾക്കു ഇന്നും കാരണമാകുന്നു. ലോകത്തിനു മുഴുവൻ അനുയോജ്യമായി, സകലതും തികഞ്ഞൊരു ഭരണക്രമം ഇല്ലെന്നതു പോലെ ഏകാധിപത്യമോ ജനാധിപത്യമോ രാജാധിപത്യമോ പൂർണ്ണമായും തെറ്റ് അല്ലെങ്കിൽ ശരി എന്ന നിർദിഷ്ഠ പ്രസ്താവനകളിലേക്ക് എത്താൻ സാധിക്കില്ലെന്നതാണ് ഇതിന്റെ ഒരു വശം. തെറ്റെന്നു പറഞ്ഞതും കരുതിയതും അട്ടിമറിക്കപ്പെട്ടതും പലപ്പോഴും ശരിയായിരുന്നുവെന്നും അവ അട്ടിമറിക്കപ്പെട്ടപ്പോൾ ഒരേകാധിപതിക്ക് പകരം ആയിരം ഏകാധിപതിമാർ ഉയർന്നുവന്ന സാഹചര്യങ്ങൾ ഉണ്ടായതായും ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

മനുഷ്യനുൾക്കൊള്ളുന്ന സാമൂഹിക വ്യവഹാരത്തിന്റെ രാഷ്ട്രീയരൂപങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും ഭാവി രാഷ്ട്രീയപദ്ധതികളെ ആവിഷ്ക്കരിക്കാനും സഹായിക്കുന്ന സാമൂഹ്യശാസ്ത്ര ശാഖയാണ് രാഷ്ട്രമീമാംസ. ഇതിൽ ഭരണധാകാരിയേക്കാളും ഭരണസംവിധാനത്തെക്കാളും പ്രാമുഖ്യം മനുഷ്യനും അവരെയുൾക്കൊള്ളുന്ന സമൂഹത്തിനുമാണ്. രാഷ്ട്രമീമാംസയുടെ മൌലികാടിസ്ഥാനമായി വർത്തിക്കുന്നതാവട്ടെ രാഷ്ട്രദർശനങ്ങളും രാഷ്ട്രീയ സിദ്ധാന്തങ്ങളുമാണ്. ഈ പഠനശാഖയെ സംബന്ധിച്ച് ഏതൊരു ഭരണസിദ്ധാന്തവും രാഷ്ട്രദർശനവും ജനങ്ങൾക്ക് അഥവാ സമൂഹത്തിനു വേണ്ടിയാണ്. ജനാധിപത്യമോ ഏകാധിപത്യമോ ആയിക്കൊള്ളട്ടെ സമൂഹത്തിൽ ഇവ എങ്ങനെ പ്രവർത്തിക്കുന്നു, ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാത്രമാണ് രാഷ്ട്രമീമാംസയുടെ വിഷയം. പറഞ്ഞുവരുന്നത്, ഏകാധിപത്യമോ ജനാധിപത്യമോ ആയെന്നതു കൊണ്ടുമാത്രം ഒരു ഭരണക്രമത്തെ അപ്പാടെ തള്ളുന്നതോ കൊള്ളുന്നതോ അല്ല രാഷ്ടീയദർശനങ്ങളുടെ രീതി എന്നു സാരം.

 

ഏകാധിപത്യം അഥവാ ഓട്ടോക്രസി എന്നു വിളിക്കുന്ന ഭരണക്രമത്തിനു നിന്ദ്യമായൊരു പരിവേഷം ലഭിക്കാൻ കാരണം ചരിത്രത്തിലെ പല ദുർഭരണങ്ങളും ഏകാധിപത്യമായിരുന്നു എന്നുള്ളതു കൊണ്ടാണ്. ഭരണം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കുന്നതിനെ അടിസ്ഥാനമാക്കി അതിനെയെല്ലാം ഏകാധിപത്യമെന്നു വിശേഷിപ്പിക്കാൻ തുടങ്ങിയാൽ പലപ്പോഴും രാഷ്ട്രീയവും ചരിത്രപരവുമായ പാളിച്ചകൾ സംഭവിക്കും. ജനാധിപത്യമോ രാജാധിപത്യമോ മതാധിപത്യമോ തുടങ്ങി ഏതു ഭരണക്രമത്തിലാണെങ്കിലും അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെ രാഷ്ട്രീയമായി പ്രശ്നവൽക്കരിക്കുന്നതിനു പകരം ഇതെങ്ങനെ സമൂഹത്തെ, ജനങ്ങളെ, ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്നുള്ളതാണ് പരിശോധിക്കപ്പെടേണ്ടത്. അഥവാ, ഭരണവും നിയന്ത്രണവും ആരുടെ കയ്യിലാണെന്നതിനും അപ്പുറം ഇതു സമൂഹത്തിൽ ഉണ്ടാക്കുന്നത് ഏതുവിധത്തിലുള്ള ചലനമാണെന്നുള്ളതായിരിക്കണം അന്വേഷണത്തിന്റെ കാതൽ. അധികാരത്തെയും ഭരണത്തെയും ഒരാളിലോ സംഘത്തിലോ മാത്രം കേന്ദ്രീകരിച്ച്, മറ്റു വ്യക്തികളിലേക്കോ ഘടകങ്ങളിലേക്കോ അധികാരം പങ്കുവെക്കാതെ, എല്ലാ തീരുമാനങ്ങളും സ്വേച്ഛാപരമായി നടപ്പിലാക്കുന്നതിനെയാണ് ഏകാധിപത്യം എന്നു വിളിക്കുന്നത്. ജനങ്ങൾക്കും സമൂഹത്തിനും പരിമിതമായ തെരഞ്ഞെടുപ്പുകളും പ്രാതിനിധ്യവുമേ ലഭിക്കൂ എന്നതു മാത്രമല്ല, കഠിനമായ അടിച്ചമർത്തലുകളും പീഡനങ്ങളുമാണ് പലപ്പോഴും ഇത്തരത്തിലുള്ള ഭരണങ്ങൾക്കു കീഴിൽ നടക്കുന്നത്. ഇനി ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ കീഴിൽ തന്നെയാവണമെന്നില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പേരുകേട്ട ജനാധിപത്യ സംവിധാനങ്ങളിലെല്ലാം ഇതു നടക്കുന്നുണ്ട്. ഇതിൽ നിന്നു വ്യക്തമാവുന്നത്, ഭരണക്രമമോ ഭരണസംവിധാനമോ ഏതെന്നോ ആരു ഭരിക്കുന്നോ എന്നുള്ളതല്ല പ്രശ്നം പകരം ഭരിക്കുന്ന വ്യക്തിയിലും സംവിധാനത്തിലും അന്തർലീനമായിരിക്കുന്ന രാഷ്ട്രീയദർശനം എന്താണ് എന്നുള്ളതാണ് ആ ഭരണം സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതിനെ നിശ്ചയിക്കുന്നത്.

 

ഇന്നു ലോകത്തു നിലനിൽക്കുന്ന എല്ലാ ഭരണസംവിധാനങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ, ഭരണക്രമങ്ങൾ അത്യന്തം ഭീഷണമായി വളരുന്നത് അത് സ്വേച്ഛാധികാരപരമായി മാറുമ്പോഴാണ്. സ്വേച്ഛാധികാര ഭരണക്രമം ഉണ്ടാവാൻ ഏകാധിപത്യം തന്നെ വേണമെന്നുമില്ല, ജനാധിപത്യത്തിലും രാജാധിപത്യത്തിലും മതാധിപത്യത്തിലുമെല്ലാം സ്വേച്ഛാധികാരത്തിനു കടന്നുകയറാൻ പറ്റും. എന്താണ് സ്വേച്ഛാധികാരം അല്ലെങ്കിൽ സ്വേച്ഛാധിപത്യം? ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഇഷ്ടങ്ങൾ, താത്പര്യങ്ങൾ, ദർശനങ്ങൾ, സംസ്ക്കാരം, രീതികൾ എന്നിവ അത്യന്തം ബഹുസ്വരമായൊരു സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് സ്വേച്ഛാധികാരം. ഏതൊരു രാഷ്ട്രസമൂഹത്തിലും വൈവിധ്യമാർന്ന നിലനിൽപ്പുകളുണ്ടെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് എല്ലാറ്റിനെയും ഒരൊറ്റ അച്ചിൽ വാർത്തെടുക്കാനുള്ള ശ്രമമാണിത്. ഇതിനായി ഭരണകൂടത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംസ്ക്കാരത്തിന്റെയും വിവിധ ഘടകങ്ങളെ ഇത്തരത്തിലുള്ള സ്വേച്ഛാധികാര ഭരണകൂടങ്ങൾ ഉപയോഗപ്പെടുത്തുന്നു. ജർമ്മനിയിൽ ഹിറ്റ്ലറും ഇറ്റലിയിൽ മുസ്സോളിനിയും സോവിയറ്റ് യൂണിയനിൽ സ്റ്റാലിനും ഇസ്രയേലിലിന്ന് നെതന്യാഹുവും ചെയ്യുന്നത് ഇതു തന്നെയാണ്. ഇവരുടെ രാഷ്ട്രീയദർശനങ്ങളിൽ നിന്ന് വ്യത്യസ്തമായതിനെയെല്ലാം ഉന്മൂലനം ചെയ്യുകയോ നാടുകടത്തുകയോ ചെയ്യുന്നു. തങ്ങളുടെ ദർശനങ്ങളോട് തികച്ചും അനുരൂപമായ ഒരു ആഗോള ബൃഹദ് സമൂഹത്തെ സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനു ഉപകരണമായി സാഹിത്യവും കലയും ആയുധങ്ങളും പ്രയോഗിച്ചു. എന്നാൽ ബഹുസ്വരതയെ തകർക്കുക എന്നത് മനുഷ്യന്റെ വളരെ നൈസർഗ്ഗികമായ സത്തയെ പോലും വെല്ലുവിളിക്കുന്നതാണെന്നതിനാൽ സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങൾ ഇത്തരം നിക്ഷിപ്ത ഇച്ഛകൾ അടിസ്ഥാനമാക്കിയുള്ള ഭരണക്രമങ്ങളെ തകർത്തു.

 

രണ്ട് ലോകയുദ്ധങ്ങൾ വരെയുള്ള കാലഘട്ടത്തിൽ സ്വേച്ഛാധികാരം ഭരണത്തിലൂടെ സംവേദിപ്പിച്ചു കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാനും വലിയൊരു വാർപ്പുമാതൃക സൃഷ്ടിക്കാനുമാണ് സ്വേച്ഛാധികാര ശക്തികൾ ശ്രമിച്ചിരുന്നതെങ്കിൽ, ഉത്തരാധുനികതയിലും സത്യാനന്തര കാലഘട്ടത്തിലും സ്വേച്ഛാധികാരത്തെ വലിയൊരു സ്രോതസ്സിൽ നിന്ന് സമൂഹത്തിലേക്കു പ്രേഷണം ചെയ്യുന്നതിനു പകരം സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകങ്ങളിൽ നിന്ന് ഉരുവം കൊള്ളിച്ച് സമൂഹത്തിലേക്കും രാഷ്ട്രീയത്തിലേക്കും അതിനെ പ്രേഷണം ചെയ്യിച്ച് വലിയൊരു രാഷ്ട്രീയ മാതൃകയായും ഭരണക്രമമായും മാറ്റുന്നതാണ് ഇന്നത്തെ രീതി. സ്വന്തം ഇച്ഛ, അഥവാ അവനവന്റെ ഇഷ്ടം, താത്പര്യം എന്നിവ എന്തെന്ന് വ്യക്തിക്ക് മനസ്സിലാകുന്നതിനു മുമ്പേ തന്നെ വ്യക്തിക്ക് അവന്റെ ചുറ്റിലുമുള്ള നിർമ്മിത സാംസ്ക്കാരികഘടകങ്ങളിലൂടെ നിക്ഷിപ്തങ്ങളായ ഇഷ്ടങ്ങളും താത്പര്യങ്ങളും സ്വന്തം ഇച്ഛയെന്ന വ്യാജേന അവരിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വ്യാജ സാംസ്ക്കാരികഘടകങ്ങളിലൂടെ ആർജ്ജിക്കുന്ന സ്വന്തം ഇച്ഛയെ സംരക്ഷിക്കാനായി സാമൂഹികവും സാംസ്ക്കാരികവുമായ ഇടപെടലുകൾ വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടാവുമ്പോൾ അവരുടെ ഇച്ഛകളെ ആരാണോ തീരുമാനിച്ചത്, അവർക്ക് അനുകൂലമായൊരു രാഷ്ട്രീയം സൃഷ്ടിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഒരുകാലത്ത് സ്വേച്ഛാധിപത്യത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹത്തിനു സാധിച്ചിരുന്നെങ്കിൽ ഇന്നതേ സമൂഹത്തെ ഉപയോഗിച്ചു കൊണ്ട് സ്വേച്ഛാധികാരത്തെ ഉറപ്പിക്കുന്ന രാഷ്ട്രീയസാഹചര്യമാണുള്ളതെന്നു സാരം.

 

നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന സ്വേച്ഛാധികാരത്തെ മനസ്സിലാക്കണമെങ്കിൽ ഇന്നു നാം നോക്കേണ്ടത് സിറിയയിലേക്കോ ഉത്തര കൊറിയയിലേക്കോ അല്ല, പകരം സ്വേച്ഛാധികാരത്തെ അധികാരത്തിന്റെ വിശുദ്ധസ്ഥാനത്ത് ഇരുത്താനുള്ള പണികൾ ആരംഭിക്കുന്ന സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകങ്ങളായ വ്യക്തികളിലേക്കാണ്. ഹിറ്റ്ലർ അധികാരത്തിലേറിയത് ജനപിന്തുണയില്ലാതെയല്ല, സ്റ്റാലിൻ ഭരിച്ചതും ജനപിന്തുണയില്ലാതെയല്ല. അപകടകാരികളായ വ്യക്തികൾക്കു വേണ്ടി ആഗോളരാഷ്ട്രീയത്തിൽ തിരയുകയും, പണ്ടത്തെ ആ ഏകാധിപതിയിട്ട കോട്ട് നമ്മുടെ ഈ പ്രധാനമന്ത്രി ഇട്ടെന്നു പറഞ്ഞ് വ്യക്തിയിൽ മാത്രം സ്വേച്ഛാധിപത്യത്തെ തിരയുമ്പോൾ നാം പലപ്പോഴും കാണാതെ പോകുന്നത് ഇവർക്കു ശേഷം വരാനിരിക്കുന്ന ആയിരം സ്വേച്ഛാധിപതികളെയായിരിക്കും എന്നുള്ളതാണ് ദൌർഭാഗ്യകരമായ സത്യം. 

                                                                                          ആയിശാ ഹനീഫ്



 

അദൃശ്യവത്ക്കരണത്തിന്റെ അധിനിവേശ ദർശനം

ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ദേശം’ എന്ന സയണിസ്റ്റ് മുദ്രാവാക്യത്തിൽ തന്നെ പ്രകടമാണ് ഇസ്രയേലിന്റെ അധിനിവേശ ദർശനം. അഥവാ, ഒറ്റപ്പെടുത്തലിന്റെയും അദൃശ്യവത്ക്കരണത്തിന്റെയും ദർശനം. ജൂത ജനതയെ ദേശമില്ലാത്തവരാക്കി അധിനിവേശത്തിനു പ്രേരിപ്പിക്കുകയും പാലസ്തീനിലെ അറബ് ജനസംസ്കൃതിയെ അദൃശ്യരും അപ്രത്യക്ഷരുമാക്കി അധിനിവേശത്തിനു കീഴിലാക്കുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യത്തിൽ മുഴച്ചുനിൽക്കുന്നത്. ഇസ്രയേൽ പാലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത് സാമ്രാജ്യത്വവും അധിനിവേശവുമാണെന്ന് ആഗോളപ്രശസ്തരായ പല ബുദ്ധിജീവികളും വ്യക്തമാക്കി കഴിഞ്ഞു. കാലത്തിനനുസരിച്ച് കോലം മാറി വരുന്ന അധിനിവേശത്തിനും സുവ്യക്തമായൊരു ദർശനമുണ്ട്. രാഷ്ട്രീയമായും സാംസ്ക്കാരികമായും നാമറിയാതെ നുഴഞ്ഞുകയറുക, സ്വാധീനം ചെലുത്തി കീഴടക്കുക എന്നതാണ് ഇതിന്റെ രീതിശാസ്ത്രമെങ്കിൽ ചരിത്രത്തെയും രാഷ്ട്രീയത്തെയും തങ്ങൾക്കു പ്രതികൂലമായൊരു ബൃഹദാഖ്യാനമായി ചിത്രീകരിച്ച് വർത്തമാനത്തിലും ഭാവിയിലും തങ്ങളേറ്റെടുത്തു നടത്താൻ പോകുന്ന എല്ലാ അനീതികളെയും തിന്മകളെയും ഇതേ ബൃഹദാഖ്യാനം ഉപയോഗിച്ച് ന്യായീകരിക്കുന്നതാണ് അധിനിവേശത്തിന്റെ സ്വഭാവം.

ഓരോ വ്യക്തിക്കും വ്യക്തിഗതമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഉണ്ടെന്നു വാദിക്കുന്ന ലിബറലിസം ഒറ്റനോട്ടത്തിൽ അധിനിവേശവിരുദ്ധ ദർശനമാണെന്നു തോന്നാമെങ്കിലും ക്ലാസിക്കൽ ലിബറലിസത്തിന്റെ ചരിത്രത്തിലെ അതികായന്മാരുടെ (ജോൺ ലോക്ക്, ജെ എസ് മിൽ) സിദ്ധാന്തങ്ങൾ തന്നെയാണ് കാലാക്കാലങ്ങളായി അധിനിവേശത്തെയും സാമ്രാജ്യത്വത്തെയും സാധൂകരിക്കാൻ ഉപയോഗിച്ചു പോന്നിട്ടുള്ളത്. മുഖ്യധാരാ പൊതുസമൂഹത്തിൽ ലിബറലിസം എന്നത് മനുഷ്യനു സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നേടിക്കൊടുത്ത സിദ്ധാന്തമായി മനസ്സിലാക്കപ്പെടുമ്പോൾ, ഇതേ ലിബറൽ സൈദ്ധാന്തികർ തന്നെയാണ് ആഗോളരാഷ്ട്രീയ തലത്തിൽ അധിനിവേശത്തെ സൈദ്ധാന്തികമായി അരക്കിട്ടുറപ്പിച്ചതെന്നുള്ള വാസ്തവം സമകാലികതയിലെ മാനവികരും ഉദാര, സ്വാതന്ത്ര്യ, സമത്വവാദികളും മറന്നുപോകുകയോ അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയോ ആണ്. ലിബറലിസം ഓരോ വ്യക്തിക്കും വ്യക്തിയെന്ന ചുരുങ്ങിയ തലത്തിലെ മിഥ്യാ സ്വാതന്ത്ര്യത്തെ നൽകുമ്പോൾ പലപ്പോഴും നഷ്ടമാകുന്നത് വിശാലമായ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സ്വാതന്ത്ര്യമാണ്. ലിബറലിസം വ്യക്തിസ്വാതന്ത്ര്യമെന്ന ഇരയിൽ കൊളുത്തി പൌരസ്ത്യലോകത്തെ കാലാക്കാലങ്ങളായി അധിനിവേശത്തിനു കീഴിലാക്കിയതും ഇന്നും തുടരുന്നതും ഇതേ മാർഗ്ഗത്തിലൂടെയാണ്. വ്യക്തിസ്വാതന്ത്ര്യത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ നഷ്ടമായത് സാമൂഹികവും രാഷ്ട്രീയവുമായ വിശാലമാനങ്ങളുള്ള സ്വാതന്ത്ര്യമാണെന്നതാണ് വാസ്തവം.

ഒരു വ്യക്തി ജനിക്കുമ്പോൾ തൊട്ട് നിബന്ധനകളേതുമില്ലാതെ സ്വതന്ത്രരാണെന്നും സാമൂഹികവും സാംസ്ക്കാരികവുമായ യാതൊരു പ്രത്യേകതകളുമില്ലാത്തവരാണെന്നും അതിനാൽ വ്യക്തിയുടെ ഇഷ്ടങ്ങൾ, തീരുമാനങ്ങൾ, രീതികൾ എല്ലാം സ്വയം നിർണ്ണയിക്കാമെന്നും ഇതിലാർക്കും കടന്നുകയറാനാവില്ലെന്നുമുള്ള ക്ലാസിക്കൽ ലിബറൽ ദർശനം പാശ്ചാത്യലോകത്തിനും പൌരസ്ത്യ ലോകത്തിനും ഒരുപോലെ ആകർഷണീയമായിരുന്നു. കെട്ടുപാടുകളില്ലാത്ത, വിധിവിലക്കുകളില്ലാത്ത എന്തും നേടാവുന്ന സ്വാതന്ത്ര്യത്തിന്റെ സ്വേച്ഛയുടെ ലോകം. വ്യക്തിയെ നിർണ്ണയിക്കുന്നതിൽ മതത്തിനോ ചരിത്രത്തിനോ സംസ്ക്കാരത്തിനോ യാതൊരു പങ്കുമില്ലെന്ന പ്രഥമദൃഷ്ട്യാ യുക്തിസഹമായ ദർശനം. യഥാർത്ഥത്തിൽ ഇതു തന്നെയാണ് അധിനിവേശ ദർശനം പ്രയോഗവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി വർത്തിച്ചത്. ഓരോ വ്യക്തിയെയും സാമൂഹിക ചരിത്രസംസ്കൃതിയിൽ നിന്നും വേർപ്പെടുത്തി യാതൊരു സംസ്ക്കാരത്തിനോടും കടപ്പെട്ടിരിക്കാത്ത സ്വേച്ഛയുടെ അതിരുകളും പരിധികളുമില്ലാത്ത ലോകത്തിലേക്കു ലിബറലിസം ഇറക്കിവിട്ടതോടെ സംസ്കൃതിയെ മനുഷ്യർ സംശയത്തോടെ നോക്കുകയും അതിനെ ഉപേക്ഷിക്കുകയും അതിനെ ലിബറലിസത്തിന്റെ ചട്ടക്കൂടിനൊത്തു പരിഷ്കരിക്കാനും ശ്രമിച്ചു. അവിടെ സമൂഹം, സംസ്ക്കാരം, ദേശം, ചരിത്രം, മനുഷ്യൻ എന്നിവയെല്ലാം സംയുക്തമായിരുന്നെങ്കിൽ, പിന്നീടത് ലിബറലിസത്തിന്റെ കടന്നുവരവോടെ ഒറ്റപ്പെട്ട തുരുത്തുകളായി. ഇതിലേറ്റവും ഒറ്റപ്പെട്ടത് മനുഷ്യനായിരുന്നു. എല്ലാം ചുറ്റിലും ഉണ്ടായിരിക്കെ തന്നെ ജീവിതത്തെ അർത്ഥവത്താക്കുന്നതും താനെവിടെ ഭാഗമായിരിക്കുന്നതെന്നറിയാതെ, എവിടെയും ബന്ധിക്കപ്പെടാതെ വ്യക്തിസ്വത്വത്തെ അലച്ചിലിനു വിധേയമാക്കുകയുമാണ് ലിബറലിസം ചെയ്തത്.

ഇത്തരത്തിൽ മനുഷ്യന്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്നെല്ലാം വ്യക്തിയെ അടർത്തിയെടുക്കാൻ സാധിച്ചതോടെ ചില ജനതകൾക്ക് ദേശമില്ലെന്നും സംസ്ക്കാരവും ചരിത്രവുമില്ലെന്നും അവരെയും അവിടങ്ങളെയും യൂറോകേന്ദ്രിതമായ സാംസ്ക്കാരികസാമൂഹിക ദർശനത്തിനും രാഷ്ട്രീയദർശനത്തിനും കീഴിൽ എന്നന്നേക്കുമായി അധീനത്തിലാക്കാമെന്നുള്ളതും സ്ഥാപിതമായി. ആത്യന്തികമായി പറഞ്ഞാൽ, യൂറോകേന്ദ്രിതമല്ലാത്ത, വെള്ളക്കാരന്റേതല്ലാത്ത സമൂഹവും സംസ്ക്കാരവും നാഗരികമല്ലെന്നും അതിനെ ഒന്നുകിൽ കൊളോണിയലിസത്തിലൂടെ, സാമ്രാജ്യത്വത്തിലൂടെ, അല്ലെങ്കിൽ ഉദാരവത്ക്കരണത്തിലൂടെ പരിഷ്കരിക്കുക സമം അധിനിവേശത്തിനു കീഴിലാക്കുക എന്നതു മാത്രമാണ് അധിനിവേശത്തിന്റെ ദർശനം. സ്ഥലകാലങ്ങൾക്ക് വിധേയമായി അധിനിവേശത്തിന്റെ രീതിശാസ്ത്രത്തിൽ മാറ്റം വന്നിരിക്കാം. ഇന്ത്യയിൽ വാണിജ്യ സൌഹൃദത്തിലൂടെ വേരുറപ്പിച്ചതിനു ശേഷമാണ് ‘വെള്ളക്കാരന്റെ ഭാരമെന്ന നാട്യത്തിലൂടെ ഭാഷയിലൂടെയും സംസ്ക്കാരത്തിലൂടെയും അധിനിവേശം നടത്തിയത്. പിന്നീട് ഇരുന്നൂറു വർഷത്തോളം രാഷ്ട്രീയമായി തുടരുകയും സാംസ്ക്കാരികാധിനിവേശത്തിലൂടെ ആധുനികവും ലിബറലുമായൊരു ഇന്ത്യ ഇവിടെ തുടരുമെന്നും ഉറപ്പിച്ചുകൊണ്ടാണ് പാശ്ചാത്യർ ഇന്ത്യ വിടുന്നത്. പാലസ്തീനിലാവട്ടെ, ഒട്ടോമൻ സാമ്രാജ്യത്തെ ഒന്നാം ലോകയുദ്ധത്തിൽ തകർത്തതോടെ പാലസ്തീനെന്ന ‘അസംസ്കൃത അറബ് സമൂഹത്തെ പാശ്ചാത്യ സംസ്ക്കാരവും രാഷ്ട്രീയവും ഭരിച്ചാലേ സംസ്ക്കരിക്കപ്പെടൂ എന്ന ‘രക്ഷാദൌത്യ’ നാട്യമായിരുന്നു പാലസ്തീൻ അധിനിവേശത്തിന്റെ ആദ്യപടി. ഇക്കാലയളവിൽ വെള്ളക്കാരന്റെ സംസ്ക്കാരത്തിൽ മയങ്ങിയ വരേണ്യ അറബ് ജനതയെ കൂട്ടുപിടിച്ച് പാലസ്തീന്റെ ജനതയെ അതിന്റെ ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്ന് വിഘടിപ്പിക്കാൻ ബ്രിട്ടീഷ് അധീശത്വത്തിനു സാധിച്ചു. പിന്നീട് സയണിയസത്തിന്റെ ‘ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ദേശം’ എന്ന ആഖ്യാനം നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഒടുവിൽ സയണിസത്തിനു വിട്ടുകൊടുക്കാനും ഇതേ കൊളോണിയൽ ദർശനത്തിനു ഏറെ പാടുപെടേണ്ടി വന്നില്ല. 


 ബ്രിട്ടനിൽ നിന്ന് സയണിസത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയിൽ അധിനിവേശത്തിന്റെ കൈമാറ്റം നടന്നപ്പോഴും പാശ്ചാത്യശക്തികൾ ഉറപ്പുവരുത്തിയത് ഇസ്രയേലിൽ യൂറോകേന്ദ്രിത സംസ്ക്കാരവും രാഷ്ട്രീയവും തഴച്ചുവളരുമെന്നും തദ്ദേശീയ പാലസ്തീൻ ചരിത്രവും സമൂഹവും സംസ്ക്കാരവും  അശേഷം ഇല്ലാതാക്കുമെന്നുമാണ്. പകരം, വെള്ളക്കാരന്റെ ഭാരവും രാഷ്ട്രീയ രക്ഷാദൌത്യവും പോലെ ആലംബഹീനരായ ജൂതജനതയ്ക്ക് ആലംബമായവർ ഞങ്ങളെന്ന ആഖ്യാനത്തെയും ഈ അധിനിവേശ ശക്തികൾ അക്കാദമികമായും അല്ലാതെയും പ്രചരിപ്പിച്ചു. ഇതുമുന്നിൽ നിർത്തി ഇന്നും ഈ അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം സ്ഥലകാല ബന്ധിതമായ ഉപരിപ്ലവമായ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലും അന്തർവർത്തിയായിരിക്കുന്നത് സംസ്കൃതിയെയും സമൂഹത്തെയും അദൃശ്യമാക്കി കൊണ്ട് അധിനിവേശം സാധ്യമാക്കുന്ന ഉദാരവത്കൃത ദർശനം മാത്രമാണ്.

ലിബറലിസവും കൊളോണിയലിസവും തമ്മിലുള്ള ബന്ധം സൂക്ഷ്മമെങ്കിലും ദൃഢവും സ്ഥായിയുമാണ്. കൊളോണിയലിസവും അധിനിവേശവും രാഷ്ട്രീയദർശനങ്ങളുടെ ചേരിയിൽ വലതുപക്ഷത്താണെങ്കിൽ ലിബറലിസം മാനവരാശിക്കു അനുഗുണമായ ഇടതുപക്ഷചേരിയാണെന്നാണ് പൊതുധാരണ. എന്നാൽ, ഇതേ ലിബറലിസം പാലൂട്ടുന്ന യൂറോകേന്ദ്രിത ചരിത്രസാംസ്ക്കാരിക മേൽക്കോയ്മ തന്നെയാണ് അധിനിവേശത്തിന്റെ ദർശനവും. തങ്ങളാണ് വലിയവരെന്നും തങ്ങളുടേതു മാത്രമാണ് ഉത്കൃഷ്ടമെന്നുമുള്ള ദർശനത്തിൽ നിന്നാണ് മറ്റെല്ലാത്തിനേയും പരിഷ്ക്കരിക്കണമെന്നും നാഗരികമാക്കണമെന്നും അതിനു വേണ്ടി വേണമെങ്കിൽ കീഴ്പ്പെടുത്താമെന്നും നിയന്ത്രിക്കാമെന്നും ഉപയോഗപ്പെടുത്താം എന്നുമുള്ള ഉദാര സ്വേച്ഛാധിപത്യ (ബെനവലന്റ് ഡെസ്പോട്ടിസം) ക്ലാസിക്കൽ ലിബറലിസ്റ്റുകൾ വിഭാവനം ചെയ്തത്. ഇനി, ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ആവിർഭവിച്ചതോടെ തിരോഭവിച്ച പ്രതിഭാസമല്ല അധിനിവേശം. അത് ഇന്ത്യയിൽ നിന്നും ആഫ്രോ- ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇരുപതാം നൂറ്റാണ്ടോടെ ഇല്ലാതായ ഒന്നല്ല. ഇന്ന് ഇസ്രയേൽ പാലസ്തീനിൽ ചെയ്യുന്നതു മാത്രവുമല്ല അധിനിവേശം. ഓരോ സംസ്ക്കാരവും ചരിത്രവും ദേശവും നാഗരികമല്ലെന്നും സംസ്കൃതമല്ലെന്നും യൂറോപ്പിന്റെ സാംസ്ക്കാരിക സൌന്ദര്യദർശനങ്ങൾക്കനുസരിച്ച് ഇതെല്ലാം പരിഷ്കരിക്കപ്പെടേണ്ടതുമുണ്ടെന്നും ഇന്നും അബോധമായി നിലനിൽക്കുന്ന ചിന്താഗതി പോലും അധിനിവേശമാണ്. ഇങ്ങനെ സ്ഥലകാലങ്ങൾക്കതീതമായി ലോകത്തെ വിവിധ ജനതകളിലെ വ്യക്തികളിലും തന്റെ സംസ്ക്കാരത്തെയും ചരിത്രത്തെയും കുറിക്കുന്ന അപകർഷതാബോധമാണ് അധിനിവേശ ദർശനത്തിന്റെ ആദ്യത്തെ വിത്തിടീൽ. ചരിത്രത്തെയും സംസ്ക്കാരത്തെയും പരിഷ്ക്കരിക്കുന്നതു വഴി ‘കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന രീതിയാണ് പിന്നെ അവലംബിക്കുന്നത്. ക്രമേണ, ചരിത്രവും സംസ്ക്കാരവും അദൃശ്യമാകുന്നു. പിന്നീട് ജനതയില്ലാത്ത, ചരിത്രവും സംസ്ക്കാരവുമില്ലാത്ത ദേശങ്ങളിൽ മേലാളന്മാരായി ആർക്കും വാഴാമെന്ന സ്ഥിതി വരുന്നതോടെ അധിനിവേശം സമ്പൂർണ്ണമാകുന്നു. പിന്നീട് സമയവും സൌകര്യവും അനുസരിച്ച് ചരിത്രത്തെയും സംസ്ക്കാരത്തെയും തങ്ങളുടെ ആഖ്യാനങ്ങൾക്ക് അനുരൂപമായി പുനർനിർമ്മിക്കുകയും അതിനെ വലിയൊരു ആഖ്യാനമാക്കി മാറ്റുകയും ചെയ്യുന്നു.

ജൂതനു ദേശമില്ലെന്നും ഈ ജനത കാലങ്ങളായി മതഭ്രഷ്ടിനിരയാവുന്നുണ്ടെന്ന ചരിത്രത്തെ വലിയൊരു ആഖ്യാനമാക്കി കൊണ്ടാണ് ഇസ്രയേലിന്റെ പാലസ്തീൻ അധിനിവേശം പലപ്പോഴും ന്യായീകരിക്കപ്പെടുന്നത്. ഇതുകൂടാതെഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നടന്ന ഹോളോകാസ്റ്റും സയണിസ്റ്റ് അധിനിവേശത്തെ ന്യായീകരിക്കുന്ന യുക്തിയായി വർത്തിക്കാറുണ്ട്. ഹിന്ദുവും ഹിന്ദുത്വയുംമുസ്ലീങ്ങളും ഇസ്ലാമിസവും തമ്മിൽ ദാർശനിക ബന്ധമില്ലെന്നു പറയുന്നതു പോലെ ജൂതമതവും സയണിസവും തമ്മിൽ ബന്ധമില്ലെന്നതാണ് വാസ്തവം. പലപ്പോഴും സയണിസത്തിന്റെ ലിബറൽ രാഷ്ട്രീയദർശനങ്ങൾ ജൂതമതത്തെയും അതിന്റെ സംസ്ക്കാരത്തെയും ചരിത്രത്തെയും അപഹരിക്കുകയും അങ്ങനെ സയണിസത്തിനു ജൂതമതത്തോളം പഴക്കമുള്ള ചരിത്രവും സംസ്ക്കാരവും സൃഷ്ടിച്ചുകൊണ്ട് അധിനിവേശത്തെ ന്യായീകരിക്കുകയും തദ്ദേശീയ സാമൂഹിക ജനസംസ്കൃതിയെ ഇല്ലാതാക്കുകയും ചെയ്യുകയാണ് എന്നതാണ് വാസ്തവം. ചുരുക്കത്തിൽഅധിനിവേശത്തിനുള്ള വിളനിലമാവുന്നത് ചരിത്രംസംസ്ക്കാരംസമൂഹം എന്നിവയിലുണ്ടാകുന്ന അശ്രദ്ധയും കൃത്യമായ പ്രതിരോധത്തിന്റെ അഭാവവുമാണെന്നു സാരം

അധിനിവേശങ്ങൾ ചരിത്രത്തിൽ സുലഭമാണെങ്കിലും യൂറോകേന്ദ്രിതമായ അധിനിവേശങ്ങൾ ലിബറലിസത്തിന്റെ സാംസ്ക്കാരികദർശനത്തോടെ നുഴഞ്ഞുകയറി വിമോചനം അസാധ്യമാകുന്ന വിധത്തിൽ നിലനിൽക്കുന്നതാണ് പതിവുകാഴ്ച്ച. അദൃശ്യമായി വർത്തിച്ചുകൊണ്ട് വിദൂരഭാവിയിലേക്കു പോലും അധിനിവേശപദ്ധതികൾ സുസ്ഥിരമാക്കുന്നതുമാണ് കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്നും ഇസ്രയേലിന്റെ സമാനമായ അധിനിവേശ പദ്ധതികളിൽ നിന്നും വ്യക്തമാകുന്നത്. അധിനിവേശത്തെ സമരതന്ത്രമായി പ്രതിരോധിക്കുക എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ദാർശനികമായി എതിരിടുക എന്നതും. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതികളെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക- വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കുക എന്നിങ്ങനെ മാത്രമേ നിലവിലെ അധിനിവേശത്തിൽ നിന്നും വരാനിരിക്കുന്ന അധിനിവേശങ്ങളിൽ നിന്നും വിമോചനം സാധ്യമാവൂ.














 

ഓർബിറ്റൽ; മനുഷ്യജീവിതത്തിന്റെ ഭ്രമണപഥം

    2013ലെ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഗ്രാവിറ്റിയുടെ അവസാന സീനുകളിലൊന്നിൽ ബഹിരാകാശത്തു നിന്ന് പേടകം തകർന്ന് ഭൂമിയിലേക്ക് വീഴുന്ന സാന്ദ്ര ബുള്ളോക്ക് തന്റെ നഗ്നപാദങ്ങൾ ഭൂമിയിലെ ചളിയിൽ പുതഞ്ഞെഴുന്നേൽക്കുന്നൊരു ദൃശ്യമുണ്ട്. മനുഷ്യനും ഭൂമിയും തമ്മിലെ അഗാധ ബന്ധത്തെ തീവ്രമായി അവതരിപ്പിക്കുന്നഓർബിറ്റൽ ആ ഒരൊറ്റ അവസാനരംഗത്തിലൂടെ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന മനോഹരമായൊരു ദാർശനിക ചാരുത കൈവന്നിരുന്നു. മനുഷ്യനു വേണ്ടിയുള്ള ഭൂമിഭൂമിക്കു വേണ്ടിയുള്ള മനുഷ്യൻ എന്ന മനോഹര ദർശനത്തിൽ ഇവ രണ്ടിനുമിടയിലെ ബന്ധവുമുണ്ട്. രണ്ടിന്റെയും നിലനിൽപ്പിനെ അർത്ഥവത്താക്കുന്ന ബന്ധം. ലോകവ്യവഹാരങ്ങൾ സങ്കീർണതയ്ക്കു മേൽ സങ്കീർണ്ണമായി കൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെമനുഷ്യന്റെ നിലനിൽപ്പിനെ ലളിതമാക്കാൻ സഹായിക്കുന്ന ചിന്തയാണ് ഇത്. ആ ഒരു ചിന്ത ഒരു ലഘു നോവലായാൽ എങ്ങനെയിരിക്കും..ഈയൊരു ചിന്തയെ പല മനുഷ്യരിലൂടെആണിലൂടെയും പെണ്ണിലൂടെയുംആസ്തിക്യത്തിലൂടെയും നാസ്തിക്യത്തിലൂടെയുംപല രാഷ്ട്രീയത്തിലൂടെയും ദേശീയതയിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും എന്നാൽ ഭൂമിക്കു പുറത്തു നിന്ന് പറയുന്ന ബോധധാരാ നോവലാണ് സാമന്താ ഹാർവിയുടെ ഓർബിറ്റൽ. പതിനാറു തവണ ഭൂമിയെ വലം വെക്കുന്ന ഇന്റർനാണൽ സ്പേസ് സ്റ്റേഷനിലെ ആറു പേരുടെ ഒരു ദിവസത്തെ മാനസിക വ്യാപാരങ്ങളിലൂടെ പുരോഗമിക്കുന്ന നോവലിൽ ഭൂമിക്കു പുറത്തുള്ള ഒരൊറ്റ ദിവസത്തെ ആറു പേരിലൂടെ കാണാൻ ശ്രമിക്കുന്നു. തങ്ങളുടെ ജീവിതത്തെജീവിതമല്ലാതാകുന്ന ഭൂമിക്കു പുറത്തുള്ള നിലനിൽപ്പിനെഭൂമിയിൽ ഉയർന്നു പൊങ്ങുന്ന കൊടുങ്കാറ്റിനെ ആറു പേർ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ട് വീക്ഷിക്കുന്നു.

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്ത് വിവിധ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന ആറു പേർറഷ്യക്കാരായ റോമനും ആന്റണും, ജപ്പാൻകാരിയായ ഛൈ, ഇറ്റലിക്കാരനായ പിയെട്രോ, അമേരിക്കക്കാരനായ ഷോണും ബ്രിട്ടീഷുകാരിയായ നെല്ലും. തങ്ങളുടെ പേടകത്തിനകത്ത് വ്യത്യസ്ത ജോലികൾ ചെയ്യുന്ന ഭൂമിക്കു പുറത്തുള്ള ആ മനുഷ്യസമൂഹത്തിൽ വിവിധ ധർമ്മങ്ങൾ ചെയ്ത് പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ആറുപേർ. ഭൂമിയുടെ പരിലാളനകൾക്കു പുറത്തുള്ള പ്രതികൂല സാഹചര്യത്തിലും അതിജീവിക്കുന്ന ജീവാണുക്കളെ തിരയുന്ന, പഠിക്കുന്ന പിയെട്രോ, ജീവന്റെ സ്രോതസ്സായ മാംസ്യ പരലുകളെ വളർത്തുന്ന ഛൈ, ഭൂഗുരുത്വത്തിന്റെ വ്യത്യാസം തന്റെ നാഡീപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഭൂഗുരുത്വവും സൂര്യപ്രകാശവുമില്ലാതെ ചെടികളുടെ വേരുകൾക്കെന്ത് സംഭവിക്കുന്നുവെന്നാണ് ഷോൺ പഠിക്കുന്നത്. പരീക്ഷണത്തിനായി കൊണ്ടുവന്ന നാൽപ്പത് ചുണ്ടെലികളെ പരിശോധിക്കുന്ന ഛൈയും നെല്ലും പിന്നീട് നെല്ലും ഷോണും ജ്വലനം സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നു, റോമനും ആന്റണും ഓക്സിജൻ ജനറേറ്റർ വൃത്തിയാക്കുകയും ഹൃദയ കോശങ്ങളിൽ പരീക്ഷണം നടത്തുകയും ചെയ്യുന്നു, ആന്റൺ തന്റെ കാബേജിനും കുള്ളൻ ഗോതമ്പിനും വെള്ളം പകരുന്നു ഇങ്ങനെ മാറ്റമില്ലാതെ പോകുന്നു ഇവരുടെ ദിവസങ്ങൾ. ദിവസങ്ങൾ മാറ്റമില്ലാതെ പോകന്നുവെന്നു പറയുമ്പോഴും പ്രശ്നമുണ്ട്. ഉദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയമാണ് ദിവസമെങ്കിൽ ദിവസവും പതിനാറ് ഉദയങ്ങളും അസ്തമയങ്ങളും കാണുന്ന ഇവർക്കെത്ര ദിവസങ്ങളുണ്ടായിരിക്കും?

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്തിരുന്ന്, കിടന്ന്, അന്തരീക്ഷത്തിൽ തങ്ങി ഇവർ ഭൂമിയെ പതിനാറു തവണ വലം വെക്കുന്നു. ഒരു ജീവിതകാലം കൊണ്ട് കണ്ടുതീർക്കാനാവാത്ത ഭൂമിയുടെ സൌന്ദര്യത്തെ ഒരു ദിവസം കൊണ്ടു കാണുന്നു. മണൽക്കാടുകളും മഞ്ഞുപുതപ്പുകളും പട്ടുപോലുള്ള കടലുകളും ഉയർന്നു പൊങ്ങുന്ന കാറ്റും, എന്നാൽ ആ സൌന്ദര്യം അവർക്ക് അനുഭവിക്കാനാവില്ല താനും. “ചിലപ്പോഴൊക്കെ തണുപ്പ് തിങ്ങിയൊരു കാറ്റുണ്ടായിരുന്നെങ്കിൽ, ഇരമ്പുന്ന മഴയുണ്ടായിരുന്നെങ്കിൽ, ശരത്കാല നിറമുള്ള ഇലകളുണ്ടായിരുന്നെങ്കിൽ, ചുവന്നു തുടുത്ത വിരൽത്തുമ്പുകൾ, ചളി പുതഞ്ഞ കാലുകൾ, സംശയക്കാരനായൊരു നായ, ചകിതനായൊരു മുയൽ, പെട്ടെന്നൊളിഞ്ഞു നോക്കുന്ന മാൻ, ചളി കലങ്ങിയ വെള്ളക്കുഴി, കുതിർന്ന കാൽപാദങ്ങൾ, ഒരു മൊട്ട കുന്ന്, രാവിലെകളിൽ കൂടെ ഓടുന്നൊരാൾ, വെയിലിന്റെ തോണ്ടൽ ഇങ്ങനെ ഭൂമിയിൽ അപ്രധാനമെന്നു തോന്നുന്ന എന്നാൽ ജീവിതത്തെ അർത്ഥവത്താക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവരാഗ്രഹിക്കാറുണ്ടെന്ന് ഹാർവി എഴുതുന്നു. അഥവാ ഭൂമിയും പ്രകൃതിയും ഒരുക്കുന്ന അതിസൂക്ഷ്മതകളിൽ പോലും ജീവിതസൌന്ദര്യത്തെ കണ്ടെടുക്കകയാണ് ഭൂമിക്ക് പുറത്തിരുന്ന് കൊണ്ടിവർ ആറു പേരും. കാഴ്ച്ച എന്ന അനുഭവം മാത്രമല്ല സത്യമെന്നും സത്യത്തെ സൌന്ദര്യമാക്കുന്നതിൽ അനുഭവത്തിന്റെ വിവിധ തലങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്നുമുള്ള അനുഭവജന്യവാദത്തിന്റെ അംശങ്ങളും ഇവിടെ കാണാം.

     മനുഷ്യനെയും മനുഷ്യന്റെ വ്യവഹാരങ്ങളെയും യുക്തികൊണ്ടു മാത്രം നിർവ്വചിക്കാനും  നിവർത്തീകരിക്കാനും സാധിക്കില്ലെന്ന് ശാസ്ത്രസാങ്കേതികതയുടെ കാലികതയിൽ, അതിന്റെ ഉത്തുംഗതയ്ക്കും അപ്പുറത്ത് നിൽക്കുന്ന ഈ ആറു പേരും വിളിച്ചു പറയുകയാണ് ഈ നോവലിൽ. ഇതിലെ ആറു കഥാപാത്രങ്ങളും മനുഷ്യന്റെ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിന്റെ നേട്ടങ്ങളുടെ ഭൌമചക്രവാളത്തെയും കടന്ന് ആ ഭൂമിയെ ശാസ്ത്രസാങ്കേതികതയുടെ നൌകയിലിരുന്ന് വീക്ഷിക്കുന്നവരാണ്. “ആ ഭൂമിയില്ലെങ്കിൽ ഒരു നിമിഷം പോലും തങ്ങളില്ലെന്ന് അവരോർത്തു. അതിന്റെ കാരുണ്യത്തിൽ മാത്രമാണ് തങ്ങളുടെ നിലനിൽപ്പെന്നും. ഒരിക്കലും ഊളിയിടാനാവാത്ത കനത്ത കടലിൽ ഒരു കപ്പലിലാണവരെന്നു അവർക്ക് തോന്നി.” പോസിറ്റീവിസമല്ല മനുഷ്യനെയും അവന്റെ സത്തയെയും അർത്ഥവത്താക്കുന്നതെന്നും ഭൂമിയും മനുഷ്യനും അവന്റെ വികാര- വിചാരങ്ങളും ഇടപെടലുകളുമാണെന്ന് ഈ നോവൽ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഏതെങ്കിലും അന്യഗ്രഹ നാഗരികതയിലുള്ളവർ തങ്ങളെ നോക്കി ഇവരെന്താണിവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എവിടേക്കും പോകാതെ ഇവരെന്തേ ഈ നീല പന്തിനു ചുറ്റും വട്ടമിടുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടാവും. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഭൂമി എന്നു മാത്രമാണ്. സന്തോഷിക്കുന്ന പ്രണയിതാവിന്റെ മുഖമാണ് ഭൂമിക്കുള്ളതെന്ന് അവർക്കു തോന്നി. ഭൂമി ഉറങ്ങുന്നതും ഉണരുന്നതും കൃത്യങ്ങളിൽ മുഴുകുന്നതും അവർ സാകൂതം നോക്കി. അതെ ഞങ്ങളെ, കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മയാണ് ഭൂമിയെന്ന് അവർക്ക് തോന്നി. നിറയെ കഥകളും ആനന്ദവും കാത്തിരിപ്പുമായി തന്റെ മക്കൾ മടങ്ങി വരുന്നതും കാത്തിരിക്കുന്നൊരു അമ്മ. എന്തെങ്കിലും അസുഖമുണ്ടാകുമ്പോൾ ഒറ്റക്കാവുന്നത് താൻ വെറുക്കുന്നുവെന്നും എന്നാൽ എപ്പോഴും തെന്നി നടക്കുന്ന ഒരു കുടുംബം നിനക്കുണ്ടല്ലോ എന്നും നെല്ലിനു സന്ദേശം അയയ്ക്കുന്ന സഹോദരനോട് നെല്ലിനു ഈർഷ്യ തോന്നുന്നുണ്ട്. ചെറുപ്പത്തിൽ താനാഗ്രഹിച്ചതായി തീർന്നെങ്കിലും എല്ലാം നേടിക്കഴിഞ്ഞ് മുകളിലിവിടെ ഭൂമിയുടെ കരവലയത്തിൽ നിന്ന് സ്വതന്ത്രമായി തെന്നിനീങ്ങുമ്പോൾ യാതൊന്നും മനോഹരമല്ലെന്നും താനിവിടെ അകപ്പെട്ടതായി തോന്നുന്നുവെന്നുമെല്ലാം നെൽ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനു തന്റെ സഹോദരനുമായി ഒരു വാഗ്വാദത്തിനു തുനിയുന്നുവെന്ന് ഓർത്ത് അവൾ ‘സ്നേഹത്തോടെ’ എന്ന കുറിപ്പിനോടൊപ്പം ഉദയാസ്തമയങ്ങളുടെ ഫോട്ടോ അവനു തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയും വ്യർത്ഥതയും മാത്രമല്ല, നെല്ലിന്റെ ബോധധാരയിലൂടെ അനാവൃതമാവുന്നത്. പകരം, ഭൂമിയും അവിടെ മനുഷ്യനും മനുഷ്യനും തുന്നോടു തുന്നായി ചേർന്നിരിക്കുന്നതുമാണ് ജീവിതത്തെ സമ്പൂർണ്ണമാക്കുന്നതെന്നും പറയാൻ ശ്രമിക്കുകയാണ് ഹാർവി. ഭൂമിയിൽ നിന്ന് ഏറെ അകലെയാണെങ്കിലും തങ്ങളുടെ സ്റ്റേഷനെ ഭൂമിക്കു സമാനമായൊരു വൈകാരിക ഇടമാക്കി മാറ്റാനാകുമോ എന്നവർ ആറു പേരും ശ്രമിക്കുന്നുണ്ട്ഈ പേടകത്തിന്റെ ഹൃദയം ആന്റണാണ്. പിയെട്രോ മനസ്സും, റോമൻ കൈകളും ഷോൺ ആത്മാവും ഛൈ മനസ്സാക്ഷിയും നെൽ ശ്വാസവുമാണ്. എന്നാൽ വെറും മണ്ടത്തരമാണീ സാദൃശ്യപ്പെടുത്തലെന്ന് അവർ തന്നെ അടുത്ത നിമിഷത്തിൽ മനസ്സിലാക്കുന്നു. അഥവാ, ഭൂമിയെ വേറൊന്നുമായി സാദൃശ്യപ്പെടുത്താനാവില്ലെന്ന ബോധ്യമാണിവിടെ വ്യക്തമാകുന്നത്.

     നിലവിൽ ശാസ്ത്രസാങ്കേതികയുടെ കയ്യിലെ കളിപ്പാട്ടമാകുന്ന മനുഷ്യൻ തന്റെ വൈകാരികതകളെയും അനുഭവങ്ങളെയും ചിന്തകളെയും എല്ലാം വൈയക്തിക സ്വാതന്ത്ര്യമെന്ന ദർശനത്തിലൂടെ സംസ്ക്കരിച്ച് ഒറ്റത്തുരുത്തായി മാറാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ മാറിയ സാഹചര്യത്തിൽ ഓർബിറ്റൽ പോലൊരു നോവലിനു വലിയ പ്രാധാന്യമുണ്ട്. കാരണം, ഓരോ മനുഷ്യനും ഈ ഭൂമിയിലെ അവന്റെ ലോകത്തിനു ചുറ്റുമുളള ഭ്രമണപഥത്തിലാണ് ജീവിക്കുന്നത്. ബന്ധങ്ങളും വൈകാരികതകളുമാണ് അതിനെ അർത്ഥവത്താക്കുന്നത്. എന്ന് ആ ‘ഓർബിറ്റിൽ’ നിന്ന് അവൻ പുറത്തു കടക്കുന്നുവോ അതോടെ തന്റെ സത്തയെ, സ്വത്വത്തെ അവൻ സംശയത്തോടെ നോക്കാനാരംഭിക്കുന്നു. ഭൂമിയുടെ, പ്രകൃതിയുടെ, സാമൂഹിക ബന്ധങ്ങളുടെ, വിശ്വാസങ്ങളുടെ, അതിൽ മനുഷ്യന്റെ സ്ഥാനത്തെ ഇവയെല്ലാം തമ്മിലെ പാരസ്പര്യത്തെ സ്വത്വപരമായും സത്താപരമായും പര്യാലോചിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമാണ് സാമന്താ ഹാർവി ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയായിരിക്കെ ഷോണിനെങ്ങനെ ദൈവ വിശ്വാസിയായിരിക്കാനും ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും വിശ്വസിക്കാനും സാധിക്കുന്നുവെന്ന് നെൽ അത്ഭുതപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ഉത്തരം അവൾ തന്നെ കണ്ടെത്തുന്നുണ്ട്.  പേടകത്തിനു പുറത്തെ ഘോരവും അറ്റമില്ലാത്തതുമായ ഇരുട്ടിൽ ചിതറിക്കിടക്കുന്ന സൌരയൂഥങ്ങളും ഗാലക്സികളും എന്നാൽ ഏറെ ആഴത്തിൽ ബഹുമാനങ്ങളിലായി സ്ഥലകാലങ്ങളെല്ലാം പിരിഞ്ഞിരിക്കുന്ന അവസ്ഥയും എല്ലാം ചൂണ്ടിക്കാട്ടി, ഇതെല്ലാം സൃഷ്ടിച്ചത് മനോഹരമായൊരു ശക്തിയല്ലാതെ മറ്റെന്തായിരിക്കും എന്നായിരിക്കും ഷോൺ ചോദിക്കുക എന്നവൾക്കറിയാം. ഒരിടത്ത് പിയെട്രോ ചിന്തിക്കുന്നതിങ്ങനെതാൻ കഴിക്കുന്നു, ഉറങ്ങുന്നു. എന്നാൽ ഒന്നും ഭൂമിയിലേതു പോലെയല്ല. ഇവിടെ തനിക്ക് തന്റെ ജന്തു ജീവിതത്തോടു പ്രതിബദ്ധത പുലർത്താൻ സാധിക്കുന്നില്ലെന്നു പിയെട്രോക്കു തോന്നി.

     ഇങ്ങനെ വിവിധ ചിന്തകളിലൂടെ, സംഭാഷണങ്ങളിലൂടെ ഭൂമിയിലെ മനുഷ്യ നിലനിൽപ്പിനെയും അതിന്റെ മൂല്യത്തെയും പാരസ്പര്യത്തെയും മനോഹരമായി അവതരിപ്പിക്കുകയാണ് സാമന്താ ഹാർവി. ഇവിടെ അതിർത്തികളോ വിവേചനങ്ങളോ രാഷ്ട്രീയ കൃത്യതകളോ ഇല്ല. പകരം ഭൂമിയെന്നൊരൊറ്റ അമ്മ, ആ അമ്മയില്ലാതെ നിലനിൽപ്പില്ലാത്ത മനുഷ്യവർഗ്ഗം. മറ്റെല്ലാ സങ്കീർണതകളും ക്രയവിക്രയങ്ങളും ചിന്തകളും ഈയൊരു നോവൽ വായിക്കവേ അപ്രസക്തമാവുന്നതായി കാണാം. പകരം മനുഷ്യനു വേണ്ടത് ഈ ഭൂമിയും അവനെ അവനാക്കുന്ന ബന്ധങ്ങളുടെയും മനുഷ്യരുടെയും വിശ്വാസങ്ങളുടെയും ഭ്രമണപഥവും മാത്രമാണ്. എല്ലാ വ്യത്യാസങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് മനുഷ്യനെയും അവന്റെ നിലനിൽപ്പിനെയും ആഴത്തിൽ ബോധഘടനാത്മകമായി നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതിനാൽ തന്നെയാവാം ഈ വർഷത്തെ ബുക്കർ സമ്മാനത്തിനു ഈ കൃതി അർഹമായത് എന്നു കരുതാവുന്നതാണ്

 .

 ആയിശാ ഹനീഫ്

 





.

x

Contact