സത്യാനന്തര സമൂഹവും നീതിയും
സത്യാനന്തര കാലത്തിന്റെ അതിഭീകരമായ ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ സ്ക്രോളിലും വിരലുകൾക്കിടയിലൂടെ നീങ്ങുന്ന അനേകായിരം വിവരങ്ങളെല്ലാം സത്യമാണെന്നുള്ള മിഥ്യാധാരണയിൽ ജീവിക്കുമ്പോൾ പലപ്പോഴും ഈ നുണകളാണ് നമ്മുടെ യാഥാർത്ഥ്യങ്ങളെ കെട്ടിപ്പടുക്കുന്നതെന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ എത്തിനിൽക്കുന്നു നാം നേരിടുന്ന അപകടത്തിന്റെ തീവ്രത.  നാം കാണുന്ന, പങ്കിടുന്ന വിവരങ്ങളിൽ ഏതെല്ലാമാണ് സത്യമെന്ന് കണ്ടെത്താനോ, ഉറപ്പിക്കാനോ ഇന്നാരും തയ്യാറല്ല, വിവരങ്ങൾ നമ്മിലേക്ക് എത്തുന്നത്ര എളുപ്പത്തിൽ അവ പരിശോധിച്ചുറപ്പിക്കാൻ സാധിക്കുന്നില്ലെന്നതും മറ്റൊരു വസ്തുത. ഒരുപക്ഷേ, അതു തന്നെയാണല്ലോ സത്യാനന്തര സമൂഹത്തിന്റെ പ്രധാന ലക്ഷണവും. തികച്ചും വൈയക്തികമായ വൈകാരികതകളുടെയും ബോധ്യങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ വിവരങ്ങളെ വസ്തുതകളായി അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള സത്യം പലപ്പോഴും അട്ടിമറിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സവിശേഷമായ സാമൂഹിക ഭാവുകത്വമോ പ്രവണതയോ ആണ് സത്യാനന്തരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കാലഘട്ടത്തിൽ വസ്തുതകൾക്കോ സത്യത്തിനോ അല്ല പ്രാധാന്യം, പകരം വളരെ പെട്ടെന്ന് ഏറ്റവും പ്രകടമായി നമ്മുടെ വൈകാരികതകളെയും അഭിപ്രായങ്ങളെയും സ്വരൂപിക്കാൻ പര്യാപ്തമായി എന്താണോ നമുക്ക് മുമ്പിലെത്തുന്നത്, അതാണ് പലപ്പോഴും ഇന്ന് സത്യമായി അവതരിപ്പിക്കപ്പെടുന്നതും അത്തരം സത്യങ്ങൾക്ക് മേലാണ് ഇന്നത്തെ നമ്മുടെ ജീവിതത്തെ കെട്ടിപ്പടുത്തിരിക്കുന്നതും. സത്യാനന്തര സമൂഹത്തെ യാഥാർത്ഥ്യമാക്കുന്നതിലും അനുദിനം തീവ്രമായി പരിപോഷിപ്പിക്കുന്നതിലും സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. കാരണം, സമകാലിക സമൂഹത്തിൽ സത്യത്തിന്റെയും നുണയുടെയും അതിർവരമ്പുകളെ നേർപ്പിക്കുന്നതിൽ, സാധാരണ മനുഷ്യനു മുമ്പിൽ അവന്റെ വൈകാരികതയെയും അഭിപ്രായത്തെയും സത്യമേത് നുണയേതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ആശങ്കപ്പെടുത്തുന്നതിലെല്ലാം പങ്കു വഹിക്കുന്നത് സമൂഹമാധ്യമങ്ങൾ തന്നെയാണ്. 
വ്യാപകവും അതിവേഗത്തിലുമുള്ള ആശയവിനിമയ സംവിധാനങ്ങളും അതിലൂടെ സംവഹിക്കുന്ന വിവരങ്ങളുമാണ് നമ്മെയും നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെയും അതുവഴി ഈ സമൂഹത്തെയും കെട്ടിപ്പടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ലല്ലോ. അഥവാ, നമ്മുടെ സമൂഹം സത്യാനന്തര ഭാവുകത്വത്തിലേക്ക് ഏറെ മുമ്പു തന്നെ മാറ്റിച്ചവിട്ടിയിരിക്കുന്നുവെന്നു സാരം. അതിനർത്ഥം, വ്യക്തികൾ മാത്രമല്ല, നമ്മുടെ രാഷ്ട്രീയവും സംസ്ക്കാരവും നൈതിക ധാർമ്മികതകൾ പോലും ഇതേ സത്യാനന്തര സ്വഭാവത്തിലേക്കു പരിണമിച്ചിരിക്കുന്നുവെന്നു വ്യക്തം. നുണ സത്യമായി വിൽക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നൊരു സമൂഹത്തിൽ ഇതിന്റെ അനന്തരഫലം പേറേണ്ടി വരുന്നവർ ആരായിരിക്കുമെന്ന് ചോദ്യമുയർന്നാൽ, അതിന്റെ ഉത്തരങ്ങളാണ് വില്ലേജ് ഓഫീസർ നവീൻ ബാബുവിന്റെ മുതൽ ഗോവിന്ദപുരത്തെ ദീപക്കിന്റെ വരെയുള്ള ആത്മഹത്യകൾ. 
സത്യാനന്തര സമൂഹത്തിൽ വസ്തുതയായിരിക്കേണ്ട സത്യം നുണക്ക് വഴിമാറുമ്പോൾ നീതിയുടെ കൊടുക്കൽ വാങ്ങലിലും പ്രശ്നങ്ങളുയരുകയാണ്. ഔപചാരിക നീതിനിയമസംവിധാനങ്ങൾ താരതമ്യേന സമയമെടുത്തു കൊണ്ടാണ് നീതിയിലേക്കും ന്യായത്തിലേക്കും എത്തുന്നതെങ്കിലും തീർത്തും വൈകാരികതയുടെയോ അഭിപ്രായ സ്വരൂപണത്തിന്റെയോ പേരിലായിരിക്കില്ല സത്യവും  അതുവഴി നീതിയും നിർണ്ണയിക്കപ്പെടുന്നത്,കാരണം ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്നുണ്ട്. എന്നാൽ, യാതൊരു തീർച്ചപ്പെടുത്തലുകളുമില്ലാതെ, തികച്ചും വൈയക്തികവും വൈകാരികവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ, ഒരൊറ്റ വീക്ഷണം മാത്രം വസ്തുതയെന്ന നിലയ്ക്ക് ആഖ്യാനമായി പ്രചരിക്കുമ്പോൾ ഭരണഘടനാ നീതിക്കു പകരം നടപ്പിലാവുന്നത് സത്യാനന്തര നീതിയാണ്. വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി സമയബന്ധിതമായ പ്രക്രിയകളിലൂടെയാണ് വ്യവസ്ഥാപിതമായ നീതിയിലേക്കെത്തുന്നതെങ്കിൽ സത്യാനന്തര നീതിയിൽ തെളിവുകൾക്ക് പകരം വൈകാരികതയും സമയബന്ധിത പ്രക്രിയകൾക്ക് പകരം ദ്രുതഗതിയിലുള്ള പ്രതികരണങ്ങളുമാണ് പകരം വരുന്നത്. വ്യവസ്ഥാപിത നിയമസംവിധാനത്തിൽ ആരോപണ വിധേയനായൊരു വ്യക്തിയെ നിരപരാധിയെന്ന് കണക്കാക്കി കൊണ്ടാണ് കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതു വരെ മുന്നോട്ടു പോകുന്നതെങ്കിൽ, സത്യാനന്തര നീതിയിൽ ആരോപണ വിധേയൻ കുറ്റക്കാരനെന്ന് മുദ്രകുത്തപ്പെടുകയും അയാളുടെ നിരപരാധിത്വം തെളിയിക്കേണ്ടതു സമൂഹമാധ്യമങ്ങളിലാണെന്ന സാഹചര്യത്തിലേക്കു വ്യക്തികൾ എത്തിപ്പെടുകയും ചെയ്യുന്നു. 
ഇവിടെയാണ് സങ്കീർണവും പ്രശ്നകരവുമായ സമൂഹമാധ്യമ അൽഗരിതങ്ങളും സമൂഹത്തിൽ നിലനിൽക്കുന്ന പരിഭ്രാന്തികളും ഒന്നിച്ചു ചേർന്ന് സത്യാനന്തര സമൂഹത്തിൽ നുണയുടെ വിജയം ഉറപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ദൃശ്യപരതയുള്ള, പങ്കുവെക്കപ്പെടുന്ന, പ്രകടനാത്മകമായ കണ്ടന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുക. കാരണം, എത്രത്തോളം കൃത്യവും വാസ്തവുമാണെന്ന് പരിശോധിക്കുന്ന വിധത്തിലല്ല, പകരം എത്രത്തോളം ആളുകൾ ഇടപെടുന്നു എന്നതിനനുസരിച്ചാണ് അൽഗരിതങ്ങളുടെ പ്രവർത്തനം. അങ്ങനെ വരുമ്പോൾ, ഒരാളെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന കണ്ടന്റുകൾക്കായിരിക്കും ഒരാളുടെ നിരപരാധിത്തം വ്യക്തമാക്കുന്ന കണ്ടന്റുകളേക്കാൾ കാഴ്ച്ചക്കാരും പ്രചാരവും ഉണ്ടാവുക എന്നു സാരം. അങ്ങനെ വരുമ്പോൾ സത്യാനന്തര നീതിയിൽ വാസ്തവത്തിനും കൃത്യതക്കുമായിരിക്കില്ല പ്രാധാന്യമെന്നുള്ളത് വ്യക്തമാണല്ലോ.
സമൂഹത്തിൽ പെണ്ണ് നിരന്തരമായി വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പെണ്ണിനു ആണധികാര നിയമസംവിധാനത്തിൽ നീതി ലഭിക്കില്ലെന്നുമുള്ള ധാരണയോടൊപ്പം തന്നെ ആൺ വർഗ്ഗത്തെ സംബന്ധിച്ചുള്ള പരിഭ്രാന്തി കേരളത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ലിംഗാധിഷ്ഠിത പരിഭ്രാന്തി (Gendered Panic) എത്രത്തോളം വാസ്തവമാണെന്നും ഇത് സമൂഹയാഥാർത്ഥ്യത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നുമുള്ളത് കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ട വസ്തുതയാണ്. എന്നിരിക്കിലും സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പരിഭ്രാന്തികൾക്ക് കൂടുതൽ ദൃശ്യത ലഭിക്കുന്നുണ്ടെന്ന വസ്തുത തള്ളാനാവില്ല. അഥവാ, പുരുഷന്മാരെ മാത്രം വേട്ടക്കാരും സാമൂഹികോപദ്രവങ്ങളുമായി ചിത്രീകരിക്കുന്ന കണ്ടന്റുകൾക്ക് കൂടുതൽ ദൃശ്യതയുണ്ടെന്നർത്ഥം. അതേസമയം, കേരളത്തിലെ കേസുകളെടുത്തു നോക്കിയാൽ അങ്ങനെയൊരു ലിംഗാധിഷ്ഠിത പരിഭ്രാന്തി പുരുഷനു മാത്രമായി സംവരണം ചെയ്യുന്നതിൽ എന്തെങ്കിലും ക്രമാതീതമായ വസ്തുതകളോ കേസുകളോ ഉണ്ടെന്ന് കരുതാനാവില്ല. ബാലപീഡനം മുതൽ കൊലപാതകങ്ങളിൽ വരെ സമത്വസുന്ദരമായൊരു കുറ്റകൃത്യ പ്രവണതയാണ് കേരളത്തിലെ സ്ത്രീപുരുഷ സമൂഹം പ്രായഭേദമെന്യേ പ്രകടിപ്പിച്ചു പോരുന്നത്. അങ്ങനെ വരുമ്പോൾ കേരളത്തിലിന്നു പുരുഷനെ മാത്രം ചുറ്റി നിലനിൽക്കുന്ന ലിംഗാധിഷ്ഠിത പരിഭ്രാന്തി, മിഥ്യാ പരിഭ്രാന്തിയാണെന്നു പറയേണ്ടി വരും. അതിനർത്ഥം ആണിനെയും പെണ്ണിനെയും പേടിക്കണമെന്നോ പേടിക്കേണ്ടെന്നോ അല്ല, പകരം ആരോടായാലും കൃത്യമായ മുൻകരുതലുകളോടു കൂടിയ നീതിന്യായ യുക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്നു സാരം. അല്ലാത്ത പക്ഷം, ഇവിടെ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത പരിഭ്രാന്തിയും അൽഗരിതങ്ങളുടെ കൂടിക്കുഴയലും ചേർന്ന് സത്യവും വാസ്തവവുമെല്ലാം സ്ഥാപിക്കപ്പെടുന്നതിനു മുമ്പു തന്നെ ആത്മഹത്യകളും കൊലപാതകങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ടാവും. 
കേരളത്തിലിന്നു നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും സമൂഹമാധ്യമങ്ങളുടെ വലിയ പങ്കുണ്ട്. സമൂഹമാധ്യമങ്ങളെ ഔചിത്യപൂർവ്വം ഉപയോഗിക്കാനറിയുക എന്നത് സമൂഹത്തിലിടപെടേണ്ട മര്യാദകൾക്കു സമാനമാണ്. ഒരുപക്ഷേ, സമൂഹത്തിൽ ഇടപെടുന്നതിനേക്കാൾ ജാഗ്രത സമൂഹമാധ്യമങ്ങളിൽ കാണിക്കേണ്ടതായും വരും. കാരണം, അതിന്റെ വ്യാപ്തിയും വ്യാപനവും അത്രത്തോളമുണ്ട്. കൂടാതെ, സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും അന്യായങ്ങൾക്കും വിർച്വൽ ലോകത്തിലൂടെ നീതിയും ന്യായവും നേടിയെടുക്കാൻ ശ്രമിക്കുന്നത് ആത്യന്തികമായ ദോഷത്തിലേക്കേ വഴിവെക്കൂ. അതാണ് ഈയടുത്ത കാലത്തുണ്ടായ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങൾ എന്ന ഇരുതലമൂർച്ചയുള്ള ആയുധം അപ്രതീക്ഷിതമായ ആഘാതങ്ങളേൽപ്പിക്കുമെന്നു മാത്രമല്ല, പലപ്പോഴും സ്വാഭാവികമായ പ്രതികരണങ്ങളെയും സ്വാഭാവികമായ നീതിയേയും ന്യായത്തേയും ഇനിയങ്ങോട്ട് ക്രൂരമായി പരിക്കേൽപ്പിക്കാനും കാരണമായേക്കും.

 

 .