തൊഴുത്ത് മാറിപ്പോകുന്ന മുസ്ലിം രാഷ്ട്രീയം

ആയിശാ ഹനീഫ്


സർവ്വേന്ത്യാ മുസ്ലിം ലീഗിനെ പിരിച്ചുവിട്ടതിനു ശേഷം ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്വതന്ത്ര ഇന്ത്യയിൽ സ്ഥാപിതമാകുമ്പോൾ അതിന്റെ ലക്ഷ്യം ഈ പുതു ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ വിശ്വാസം, സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങൾ, ധാർമ്മികത എന്നിവ സംരക്ഷിച്ചു കൊണ്ട് ന്യൂനപക്ഷമായിരിക്കുന്ന സമുദായത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക- രാഷ്ട്രീയ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു.


മുസ്ലിം സാമുദായിക രാഷ്ട്രീയം

വമ്പിച്ച സാംസ്ക്കാരിക വൈവിധ്യ സ്ഥലിയുടെ ഭാഗമായി നിന്നുകൊണ്ടു തന്നെ സാമുദായിക ധാർമ്മികതകളെ പരിപോഷിപ്പിക്കുക എന്ന സാമുദായിക രാഷ്ട്രീയം (communitarian politics) ആണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദാർശനിക അടിത്തറ. ഇന്ത്യ പോലെ ലിബറൽ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ രാഷ്ട്രീയം നിലനിൽക്കുന്ന സമ്പന്നമായ സാംസ്ക്കാരിക വൈവിധ്യമുള്ളൊരിടത്ത് ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രയോഗിക്കാവുന്ന ഏറ്റവും പ്രസക്തമായ രാഷ്ട്രീയമാണിത് എന്നതിൽ സംശയമേതുമില്ല. കാരണം, ഇന്ത്യ പോലെ പരമ്പരാഗതവും പൌരാണികവുമായ സാംസ്ക്കാരിക അടിവേരുകളുള്ളിടത്തേക്ക് വ്യക്തികേന്ദ്രീകൃതവും വ്യക്തിസ്വാതന്ത്ര്യത്തെ പ്രാമാണീകരിക്കുന്നതുമായ ലിബറൽ ജനാധിപത്യ വ്യവസ്ഥിതി പറിച്ചു നടപ്പെട്ട സ്വാതന്ത്ര്യലബ്ധിയുടെയും വിഭജനത്തിന്റെയും സങ്കീർണ്ണ രാഷ്ട്രീയസാഹചര്യത്തിൽ, വ്യക്തികേന്ദ്രീകൃത സങ്കൽപ്പനങ്ങളുടെ അടിയൊഴുക്കുകളിൽ പെടാതെ സാംസ്ക്കാരികവും സാമുദായികവുമായ സങ്കലനങ്ങളുടെ നങ്കുരങ്ങളിൽ വ്യക്തികളെ അചഞ്ചലമായി നിർത്തിയിരുന്നത് ഇത്തരത്തിലുള്ള സാമുദായിക രാഷ്ട്രീയമാണ്. ലിബറൽ സാമൂഹിക-രാഷ്ട്രീയ ക്രമം വ്യക്തിയെ ഒറ്റപ്പെട്ട തുരുത്തുകളായി കണക്കാക്കിയപ്പോൾ, അലസ്ദൈർ മാക്കന്റയ്ർ, മൈക്കൽ സാൻഡ്ൽ, ചാൾസ് ടെയ്ലർ തുടങ്ങിയ കമ്യൂണിറ്റേറിയൻ ചിന്തകരെല്ലാം തന്നെ മതവിശ്വാസം, ചരിത്രം, സംസ്ക്കാരം എന്നിവയോടൊപ്പം കോർത്തെടുത്തക്കപ്പെട്ടവരാണ് വ്യക്തികളെന്നാണ് കണക്കാക്കിപ്പോന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തികളുടെ രാഷ്ട്രീയവും സമാന പരിസരങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടിട്ടുള്ളവയാണെന്നും സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കൾ വാദിക്കുന്നു.

ഇസ്ലാം എന്നതിനോടൊപ്പം തന്നെ ഇന്ത്യ കടന്നു പോന്നിട്ടുള്ള ചരിത്ര, സാമൂഹിക, രാഷ്ട്രീയ ഘടകങ്ങളും ഉൾച്ചേർന്നു കൊണ്ട് വളരെ വിശേഷമായ സ്വത്വനിർമ്മിതിയാണ് ഇന്ത്യൻ മുസ്.ലീങ്ങളിൽ സംഭവിച്ചിട്ടുള്ളത്. ഇതാവട്ടെ ഇന്ത്യയുടെ ഓരോ മേഖലകളിൽ വ്യത്യസ്തമാണു താനും. കേരളമുസ്ലീമിന്റെ സ്വത്വത്തെയും കശ്മീർ മുസ്ലീമിന്റെ സ്വത്വത്തെയും ഉത്തരേന്ത്യൻ മുസ്ലീമിന്റെ സ്വത്വത്തെയും ഏതെങ്കിലും അർത്ഥത്തിൽ സ്വത്വരാഷ്ട്രീയത്തിന്റെ അച്ചിലിട്ട് വാർത്തെടുക്കുന്നത് ചരിത്രപരവും സാംസ്ക്കാരികവുമായ മണ്ടത്തരമായിരിക്കും. അതേസമയം, ഇസ്ലാം എന്നത് സമുദായം എന്ന സങ്കൽപ്പത്തിനു ഏറെ പ്രാധാന്യം നൽകുന്ന സംവിധാനമായിരിക്കുന്നതിനാൽ, സാമുദായികതയുടെ മാനത്തിൽ ഇന്ത്യൻ മുസ്ലീമിനെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള രാഷ്ട്രീയവ്യവഹാരത്തിനു ഇന്ത്യയിലെ ഇസ്ലാമിക സ്വത്വരാഷ്ട്രീയത്തേക്കാൾ സാധുതയും സാധ്യതയുമുണ്ട്. പക്ഷേ, അനന്യമായ ഇന്ത്യൻ സാംസ്ക്കാരിക വിതാനത്തിൽ മുസ്ലിം സാമുദായിക രാഷ്ട്രീയം പോലും പൂർണ്ണമായി വിജയിക്കില്ലെന്നതാണ് മുസ്ലിം ലീഗിന്റെ കാര്യത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം. എന്നിരിക്കിലും, അനേകമായ സാംസ്ക്കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്നൊരിടത്ത് ന്യൂനപക്ഷമായിരിക്കുന്ന വിഭാഗം തങ്ങളുടെ സാമുദായിക ധാർമ്മികതയിൽ ഉറച്ചു നിന്നു കൊണ്ട് സാമുദായിക രാഷ്ട്രീയത്തിലൂടെ സാമൂഹിക രാഷ്ട്രീയാവകാശങ്ങൾ നേടിയെടുക്കുക എന്നത് മുസ്ലിം ലീഗ് സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച പുത്തൻ രാഷ്ട്രീയ ചുവടുവെപ്പായിരുന്നു. കാരണം, 1980കളിലാണ് പാശ്ചാത്യലോകത്ത് റൌൾസിയൻ വ്യക്തികേന്ദ്രീകൃത- ഉദാരവൽകൃത രാഷ്ട്രീയാശയങ്ങൾക്കെതിരെ മക്കന്റെയ്റും സാൻഡലുമെല്ലാം സാമുദായികാശയങ്ങളുമായി അക്കാദമിക രംഗത്തു വരുന്നത്. ഇതിനും ദശകങ്ങൾക്കു മുമ്പു തന്നെ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ എന്ന രാഷ്ട്രീയദാർശനികൻ ഇന്ത്യയുടെ സാംസ്ക്കാരിക സവിശേഷ സാഹചര്യത്തിൽ മുസ്ലിം സാമുദായിക രാഷ്ട്രീയത്തെ പ്രായോഗികമായി നടപ്പിലാക്കിയെന്നു വരുമ്പോൾ ലോക മുസ്ലിം രാഷ്ട്രീയവ്യവഹാരത്തിൽ ഖാഇദേ മില്ലത്തിലൂടെ മുസ്ലിം ലീഗ് നടത്തിയ രാഷ്ട്രീയ മുന്നേറ്റം മാതൃകാപരവും ആദ്യത്തേതുമാണ്.

വളരെ പൌരാണികവും സാംസ്ക്കാരിക സങ്കീർണ്ണതകളുമുള്ള ഇന്ത്യയുടെ സാംസ്ക്കാരിക വിതാനത്തിലും, കൊളോണിയലാനന്തരം സംജാതമായ അങ്ങേയറ്റം ആധുനികമായ ജനാധിപത്യ ലിബറൽ രാഷ്ട്രീയ സംവിധാനത്തിലും മുസ്ലിം/ഇന്ത്യൻ എന്ന സങ്കരസ്വത്വത്തെ യോജിപ്പിച്ചു നിർത്തുന്ന അത്യന്തം ശ്രമകരമായ കർത്തവ്യമാണ് ഖാഇദേ മില്ലത്ത് ഏറ്റെടുത്ത് വിജയിപ്പിച്ചത്. കാരണം, ഒരേ സമയം ലിബറൽ രാഷ്ട്രീയത്തിൽ ഇടപെടാനും എന്നാൽ സാംസ്ക്കാരികവൈവിധ്യത്തിന്റെ ഭൂമികയിൽ തുല്യവും സമാനവുമായ മറ്റ് വൈവിധ്യങ്ങളോട് തങ്ങൾക്കനുരൂപമായ പൊരുത്തത്തിൽ വർത്തിച്ചു കൊണ്ട് മുസ്ലിം സാമുദായിക ധാർമ്മികതയുടെ ഉന്നമനത്തിനു വേണ്ടിയാണ് മുസ്ലിം ലീഗ് രാഷ്ട്രീയം പ്രവർത്തിച്ചത്. പരസ്പര വിരുദ്ധങ്ങളായ സാമൂഹിക രാഷ്ടീയ സാഹചര്യത്തിൽ  ഇന്ത്യൻ മുസ്ലിമിന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ നിലനിൽപ്പും അസ്തിത്വവും ആശയക്കുഴപ്പത്തിലാവാതിരിക്കാനായിരുന്നു ഇത്തരമൊരു സാമുദായികമായ ഇടപെടൽ ഖാഇദേ മില്ലത്ത് നടത്തിയത്. അഭിമാനകരമായ മുസ്ലിം അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഖാഇദേ മില്ലത്ത് ആഹ്വാനം ചെയ്തത് ഇന്ത്യയിലെ മറ്റു സാംസ്ക്കാരിക വിഭാഗങ്ങളിൽ നിന്ന് ഇന്ത്യൻ മുസ്ലിമിന്റെ വ്യത്യാസത്തെ ദൃഢീകരിക്കുന്നതിനായിരുന്നില്ല. പകരം, പൌരാണികമായ ഇത്തരം അനേകം സാംസ്ക്കാരികതകൾക്കിടയിൽ നിന്നു കൊണ്ട് അത്യന്തം ആധുനികവും വ്യക്തിപ്രാമാണ്യവുമുള്ള ലിബറൽ ജനാധിപത്യത്തിൽ ഒരു മുസ്ലിം വ്യക്തി എങ്ങനെ ഇടപെടും എന്ന ആശയക്കുഴപ്പത്തെയാണ് ഇന്ത്യൻ മുസ്ലിമിന്റെ അഭിമാനകരമായ അസ്തിത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് രാഷ്ട്രീയത്തിലിടപെടൂ എന്ന ആഹ്വാനത്തിലൂടെ അദ്ദേഹം സംവദിച്ചത്.

പാശ്ചാത്യവും പൌരസ്ത്യവുമായ ദ്വന്ദ്വം, വൈയക്തികതയുടെയും സമഷ്ടിത്വത്തിന്റെയും ദ്വന്ദ്വം, ലിബറലിസത്തിന്റെയും കമ്യൂണിറ്റേറിയനിസത്തിന്റെയും ദ്വന്ദ്വം എന്നിങ്ങനെയുള്ള പരസ്പര വൈരുദ്ധ്യങ്ങൾക്കിടയിൽ പെട്ട് ഉഴലാതിരിക്കാനാണ് അഭിമാനകരമായ ഇന്ത്യൻ മുസ്ലിം എന്ന അസ്തിത്വത്തെ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പ്രേരക(instrumental) മാക്കി നിർത്തിയത്. അഥവാ ഇന്ത്യൻ പരിസരത്തിൽ കൃത്യമായ ചരിത്ര സാമൂഹിക സാംസ്ക്കാരിക പിൻബലമുള്ള സമുദായ ധാർമ്മികതയെ ആദർശവത്ക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയ—മുസ്ലിം സാമുദായിക രാഷ്ട്രീയം—ത്തിലെ ഒരു ഉപകരണമോ പ്രേരകമോ മാത്രമായിരുന്നു ഇന്ത്യൻ മുസ്ലിമിന്റെ സ്വത്വം എന്ന അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതമായ സങ്കൽപ്പം. ആ സങ്കൽപ്പത്തെ ഖാഇദേ മില്ലത്തും മുസ്ലിം ലീഗും അന്നുപയോഗിച്ചതും സമീപചരിത്രത്തിൽ വരെ ഉപയോഗിച്ചു പോന്നതും ഇന്ത്യയിലെ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെ പരിധിയിൽ പ്രതിഷ്ഠിച്ചു കൊണ്ട് മാത്രമാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, സാമുദായികരാഷ്ട്രീയത്തിന്റെ പരിസരത്തിലും പരിധിക്കകത്തും മാത്രം ഉപയോഗിക്കാവുന്ന സ്വത്വസങ്കൽപ്പം. അസ്തിത്വമെന്ന രാഷ്ട്രീയ പ്രയോഗം സാമുദായികതയിലേക്ക് വ്യക്തിയെ കോർത്തിടുന്നതാണെന്നതു കൊണ്ടും അതിൽ കവിഞ്ഞൊരു പരിപ്രേക്ഷ്യത്തിലേക്ക് ഇന്ത്യൻ മുസ്ലിമിന്റെ അസ്തിത്വം പരിവർത്തിക്കപ്പെടില്ല (പരിവർത്തിക്കപ്പെടരുത്!) എന്നുള്ളതു കൊണ്ടുമായിരിക്കാം അഭിമാനകരമായ അസ്തിത്വത്തിനു മുസ്ലിം ലീഗ് പരിധി നിശ്ചയിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമുദായിക രാഷ്ട്രീയത്തിനകത്ത് മുസ്ലിം അസ്തിത്വം എന്നത് ഇന്ത്യയിലെ മറ്റെല്ലാ വൈവിധ്യങ്ങളോടും പൊരുത്തത്തിൽ നിൽക്കുമ്പോൾ, അതിന്റെ വിവക്ഷയും ആശയവുമെല്ലാം ശുഭസൂചകവും ഒരേസമയം വ്യക്തിക്കും സമുദായത്തിനും ഇവർ നിൽക്കുന്ന വിശാലമായ സാംസ്ക്കാരിക സ്ഥലിക്കും നിർമ്മാണാത്മകമായി വർത്തിക്കുന്നതുമാണ്.


സ്വത്വരാഷ്ടീയത്തിന്റെ അടിയൊഴുക്ക്

സവിശേഷമായ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ രൂപപ്പെട്ടൊരു രാഷ്ട്രീയാശയത്തിനകത്ത് ഉപയോഗിച്ചിരുന്ന കേവലമായ സങ്കേതത്തെ അതിന്റെ രാഷ്ട്രീയാശയ പരിസരത്തു നിന്ന് വേർപ്പെടുത്തി ആ സങ്കേതത്തെ തന്നെ രാഷ്ട്രീയാശയമാക്കി പരിവർത്തിപ്പിച്ചാൽ എന്തെല്ലാം രാഷ്ട്രീയ മതിഭ്രമങ്ങളുണ്ടാകുമോ അതാണ് മുസ്ലിം ലീഗിന്റെ പുത്തൻ രാഷ്ട്രീയ പരിവേഷമായ സ്വത്വരാഷ്ട്രീയത്തിനകത്തു സംഭവിക്കാനിരിക്കുന്നത്. സ്വത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സാമുദായിക ധാർമ്മികത മുറുകെപ്പിടിച്ചു കൊണ്ടുള്ള സാമുദായിക ഉന്നമനവും മറ്റു സമാനമായ വൈവിധ്യങ്ങളോടുള്ള പൊരുത്തവുമൊന്നും പ്രസക്തമല്ല. സ്വത്വരാഷ്ട്രീയത്തിന്റെ സംഹിതയിൽ സാമുദായിക ധാർമ്മികത എന്നതിൽ സമഞ്ജസങ്ങളായ സാംസ്ക്കാരിക ഘടകങ്ങളോ വിശ്വാസഘടകങ്ങളോ ഇല്ല. അവിടെയുള്ളത് അമ്പേ വൈയക്തികമായ സ്വത്വ നിർണ്ണയങ്ങൾ മാത്രമാണ്. സ്വത്വരാഷ്ട്രീയം (identity politics) സാമുദായിക ഉന്നമനത്തേക്കാൾ പ്രാധാന്യം നൽകുന്നത് തങ്ങളുടെ വ്യതിരിക്തമായ സ്വത്വത്തെ അരക്കിട്ടുറപ്പിക്കാനായിരിക്കും. വളരെ കണിശവും ബാലിശവുമായ സ്വത്വ നിർണ്ണയത്തിനായി ചരിത്രപരമായോ സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായോ ഇരവാദം ഉന്നയിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഇരവാദങ്ങളിലൂടെ കാലാക്കാലങ്ങളായി തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്ന നിരന്തരമായ ആഖ്യാനം മറ്റുള്ള സ്വത്വ വൈവിധ്യങ്ങളെയെല്ലാം ശത്രുസ്ഥാനത്തു അതല്ലെങ്കിൽ വേട്ടക്കാരുടെ സ്ഥാനത്ത് അപ്രത്യക്ഷമായെങ്കിലും ആരോപിക്കുന്നതാണ്. പരോക്ഷമായെങ്കിലും ഇര-വേട്ടക്കാരൻ ആഖ്യാനം നിലനിൽക്കുന്നതിനാൽ സ്വത്വരാഷ്ട്രീയത്തിനു മറ്റു വൈവിധ്യങ്ങളോട് പൊരുത്തത്തിൽ നിൽക്കാനോ വിശാലമായ വൈവിധ്യ ഭൂമികയെ നിർമ്മാണാത്മകമാക്കി ഉയർത്താനോ സാധിക്കില്ല. ഇത് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നവർക്കും സമൂഹത്തിനു വിശാലാർത്ഥത്തിലും പ്രതിലോമകരമായി ഭവിക്കും. സർവ്വർക്കും ക്ഷേമോന്മുഖമായ സാമുദായിക ധാർമ്മികതയെ ഉയർത്തിപ്പിടിക്കാനും അതിലൂടെയുള്ള ഉന്നമനത്തിനും സാമുദായിക രാഷ്ട്രീയം ശ്രമിക്കുമ്പോൾ സമുദായത്തിന്റെ ദൈവികമായ ധാർമ്മികതകളും നൈതികതകളും കയ്യൊഴിഞ്ഞുകൊണ്ട് വൈയക്തികമായ സ്വത്വ നിർണ്ണയത്തിലേക്ക് ഒരു കൂട്ടം ആളുകളെ ചുരുക്കാനാണ് സ്വത്വരാഷ്ട്രീയം ശ്രമിക്കുന്നത്. അങ്ങനെയെങ്കിൽ, ഇന്ത്യൻ പരിസരത്തിൽ ഏതുവിധത്തിലുള്ള നിർമ്മാണാത്മക രാഷ്ട്രീയം ആവിഷ്ക്കരിക്കാനാണ് ഇസ്ലാമിക സ്വത്വരാഷ്ട്രീയത്തിനു സാധിക്കുക?

ഇന്ത്യൻ മുസ്ലീങ്ങളെ മുസ്ലിം/ഇസ്ലാം എന്ന സ്വത്വരാഷ്ട്രീയത്തിലിട്ട് വാർക്കുക എന്നത് അസാധ്യമാണെന്നു മാത്രമല്ല, ഇത് സാംസ്ക്കാരികമായ അബദ്ധവുമാണ്. കാരണം അത്രമേൽ സൂക്ഷ്മവും സങ്കീർണവുമായ സാമൂഹിക, സാംസ്ക്കാരിക, പ്രാദേശിക വൈവിധ്യങ്ങളാണ് ഇന്ത്യയിൽ മുസ്ലീങ്ങൾക്കുള്ളത്. എന്തുകൊണ്ട് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഏകീകൃതമായൊരു സാമൂഹികരാഷ്ട്രീയ നേതൃത്വം ഇല്ല എന്നതിനുള്ള ഉത്തരവും ഇതേ വൈവിധ്യങ്ങൾ തന്നെയാണ്. മുസ്ലിം ലീഗിന്റെ ഉത്തരേന്ത്യൻ വംശനാശത്തിലും അപ്രസക്തിയിലും രാഷ്ട്രീയമായി പരിതപിക്കുമ്പോൾ പോലും ജൈവികമായ ഇന്ത്യൻ സാംസ്ക്കാരിക വൈവിധ്യത്തിന്റെ വിജയമായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. എന്നാൽ ഇന്ത്യൻ മുസ്ലീങ്ങളെ ഇസ്ലാമെന്നോ മുസ്ലീമെന്നോ ഉള്ളൊരൊറ്റ അച്ചിലിട്ട് വാർക്കാനാവില്ലെന്ന സാംസ്ക്കാരിക യുക്തിയെ ഇസ്ലാമിക/ മുസ്ലിം സ്വത്വരാഷ്ട്രീയത്തിലൂടെ, ഇസ്ലാമോഫോബിയ എന്ന നിരന്തരമായ ഇരവാദത്തിലൂടെ ഏകശിലാത്മകമാക്കി മാറ്റാനാണ് ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ ഇസ്ലാമിക സ്വത്വരാഷ്ടീയവാദികളായ ജമാഅത്തെ ഇസ്ലാമിയും ഇവരുടെ പ്രോക്സികളായുള്ള ഫ്രറ്റേണിറ്റി, ജി ഐ ഓ, എസ് ഐ ഓ, സോളിഡാരിറ്റി, വെൽഫയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംവിധാനങ്ങളും ശ്രമിക്കുന്നത്. ഇതിനു വേണ്ടിയുള്ള സാമൂഹിക മൂലധനങ്ങളായി മാധ്യമസ്ഥാപനങ്ങളും സാമൂഹികസാംസ്ക്കാരിക പ്രവർത്തകരും ബുദ്ധിജീവി മണ്ഡലവും ഇവർക്കുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളായ മാൽക്കം എക്സ്, സയ്യിദ് ഖുത്ബ്, ശൈഖ് അഹ്മദ് യാസീൻ തുടങ്ങിയ അനേകം ബിംബങ്ങളെ ഇന്ത്യൻ സാഹചര്യത്തിൽ മൌദൂദിസ്റ്റുകൾ രാഷ്ട്രീയമാതൃകകളാക്കി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങളെ തള്ളിവിടുന്നത് അത്യന്തമായ അപകടത്തിലേക്കാണ്. ഇതിനർത്ഥം മേൽപ്പറഞ്ഞവരുടെ സ്വത്വരാഷ്ട്രീയം തെറ്റായിരുന്നു എന്നല്ല, പകരം അവ ഉയർന്നു വന്നത് അതാത് സാമൂഹിക സാംസ്ക്കാരിക ജൈവികതയ്ക്ക് അനുസരിച്ചാണെങ്കിൽ അവയ്ക്ക് രാഷ്ട്രീയമായ സാധുതയുണ്ട് എന്നതാണ്. എന്നാൽ അവരെ കൊണ്ടു വന്ന് ഇന്ത്യൻ പരിപ്രേക്ഷ്യത്തിലെ സ്വത്വരാഷ്ട്രീയ വളർച്ചക്കു വേണ്ടിയുള്ള രാസവളമാക്കി ഇടുന്നത് ഇന്ത്യയിലെ മുസ്ലിം ജൈവികതയെ നശിപ്പിക്കുന്നതിനു വേണ്ടിയാണ്.

ഇസ്ലാമോഫോബിയ വെച്ചുള്ള ഇരവാദം പണ്ടു മുതലേ നിരന്തര രാഷ്ട്രീയായുധമാക്കാൻ മുസ്ലിം ലീഗിനു സാധിച്ചിരുന്നെങ്കിൽ കേരളത്തിൽ മാത്രമായി ചുരുങ്ങിപ്പോവില്ലായിരുന്നു. ഇത് മുസ്ലിം ലീഗിന് അറിയാഞ്ഞിട്ടല്ല, പകരം സമുദായധാർമ്മികതയിലും ആത്മീയതയിലും ഉറച്ചുനിൽക്കുന്ന അഭിമാനകരമായ അസ്തിത്വത്തിനു തുരങ്കം വെക്കുന്ന യാതൊന്നിനെയും കേവല രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്താൻ മുസ്ലിംലീഗിന്റെ സാമുദായികരാഷ്ട്രീയം അനുവദിക്കില്ല എന്നതുകൊണ്ടായിരുന്നു. എന്നാൽ, ബി ജെ പിയുടെ തുടർച്ചയായ അധികാരം, മൌദൂദിസ്റ്റ് സംവിധാനങ്ങളുടെ വളർച്ച എന്നിവയിലൂടെ, സാമുദായിക രാഷ്ട്രീയത്തിന്റെ സമഷ്ടിബോധത്തിലടിസ്ഥാനമായുള്ള ധാർമ്മിക ബോധത്തിലുറച്ചു നിന്നതു കൊണ്ട് ഇനി അധികാര രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ടായേക്കില്ല എന്ന രാഷ്ട്രീയ കുബുദ്ധിയാണ് ജമാഅത്തെ ഇസ്ലാമി പാഠങ്ങളിലെ സ്വത്വരാഷ്ട്രീയത്തിലേക്ക് മാറിച്ചവിട്ടാൻ മുസ്ലിം ലീഗിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ പരിസരത്തിൽ അധികാരം കയ്യാളുക എന്നതിലപ്പുറം ഒരു പ്രഷർ ഗ്രൂപ്പായി നിന്നുകൊണ്ട് മുസ്ലിം ധാർമ്മികതയിലൂന്നിയ സാമുദായിക ഉന്നമനത്തിനു ശ്രമിക്കുകയാണ് മുസ്ലിം ലീഗ് ചെയ്യേണ്ടത്. കാരണം, ഇന്ത്യയുടെ ബഹുസാംസ്ക്കാരിക വിതാനം അതാണ് മുസ്ലിംലീഗിനോട് ആവശ്യപ്പെടുന്നത്. എന്തെന്നാൽ, ഇന്ത്യൻ മുസ്ലീങ്ങൾക്കായി അത്തരമൊരു രാഷ്ട്രീയ ഇടപെടൽ നടത്താനുള്ള ജൈവികമായ ചരിത്രവും രാഷ്ട്രീയ ധാർമ്മികതയും മുസ്ലിംലീഗിനു മാത്രമാണുള്ളതെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അതിന്റെ മികച്ച ഉദാഹരണമായി കേരളീയ മുസ്ലിം സമുദായവും നമുക്കു മുമ്പിലുണ്ട്.

മുസ്ലിം ലീഗിനു സ്വത്വരാഷ്ട്രീയം എന്ന പകർച്ചവ്യാധി ജമാഅത്ത് സഹവാസത്തിൽ നിന്നു ലഭിച്ചതാണെന്നതിൽ സംശയമില്ല. മുസ്ലിം എന്ന ഏകശിലാത്മകതയിലേക്ക് മുസ്ലിംലീഗ് ചുരുങ്ങുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങൾക്ക് നഷ്ടമുണ്ട്, സമുദായ ധർമ്മത്തിനു നഷ്ടമുണ്ട് എല്ലാത്തിനുമുപരി ഇന്ത്യൻ സമൂഹത്തിനും നഷ്ടമുണ്ട്. ജമാഅത്തെ ഇസ്ലാമിയോ അവരുടെ ഉപരിപ്ലവാശയങ്ങളോ മുസ്ലിം ലീഗിനെ അവരറിയാതെ സ്വാധീനിക്കുന്നതാണോ, അതോ ഇനി രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി മുസ്ലിം ലീഗ് സ്വീകരിച്ചതാണോ എന്നത് ആഴത്തിൽ അന്വേഷിക്കേണ്ട വിഷയമാണ്. രണ്ടാണെങ്കിലും ഖാഇദേ മില്ലത്ത് ഉദ്ദേശിച്ച അഭിമാനകരമായ അസ്തിത്വത്തിനു വിഘാതമുണ്ടാക്കുന്നതാണ്. കാരണം, അത്യന്തം ഉദാരവൽകൃതമായൊരു ലോകത്ത് ഇസ്ലാമിക ധാർമ്മികതയെ സാംസ്ക്കാരികമായും ആത്മീയമായും ഉയർത്തിപ്പിടിക്കാൻ ഇന്ത്യൻ മുസ്ലീങ്ങളെ പ്രാപ്തരാക്കുന്നതിനു പകരം സാമുദായിക ധാർമ്മിക ബോധത്തിൽ നിന്ന് അവരെ അടർത്തിമാറ്റി വരൂ തെരുവുകളിൽ നമുക്ക് രാഷ്ട്രീയ വസന്തം നിർമ്മിക്കാമെന്ന അരാജക രാഷ്ട്രീയത്തിലേക്കാണ് സ്വത്വരാഷ്ട്രീയം ഇന്ത്യൻ മുസ്ലീങ്ങളെ എത്തിക്കാൻ പോകുന്നത്. ഇതിന്റെ പാഠങ്ങൾ ആഫ്രോഅറേബ്യൻ രാജ്യങ്ങളിൽ നിന്നുണ്ടായിട്ടു പോലും മുസ്ലിം ലീഗിതിൽ നിന്നെന്തുകൊണ്ട് പാഠം ഉൾക്കൊള്ളുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാമുദായിക രീതിശാസ്ത്രത്തിൽ നിന്നും മാറി റാഡിക്കൽ സ്വത്വരാഷ്ട്രീയത്തോടു ചേരാൻ ശ്രമിക്കുന്നതോടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രപരവും ജൈവികവുമായ സാധുത വിസ്മൃതിയിലാവും. ജൈവികമായ ചരിത്ര, രാഷ്ട്രീയ പരിസരങ്ങളില്ലാത്ത സ്വത്വരാഷ്ട്രീയത്തിന്റെ ഇസ്ലാമിസ്റ്റ് ആലയിലേക്ക് മുസ്ലിം ലീഗ് തെളിയ്ക്കപ്പെടുകയും കഴിഞ്ഞ എഴുപത്തേഴു വർഷമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സാമുദായിക രാഷ്ട്രീയത്തിന്റെ ഭാഗമായുണ്ടാക്കിയെടുത്ത നേട്ടങ്ങളെല്ലാം സ്വത്വരാഷ്ട്രീയത്തിലേക്ക് തളയ്ക്കപ്പെടുകയും ചെയ്യും. ഇത് ഇന്ത്യൻ മുസ്ലിമിന്റെ സാമുദായിക രാഷ്ട്രീയം എന്ന ഖാഇദേ മില്ലത്ത് ദർശനത്തെ സാമൂഹിക രാഷ്ട്രീയ പരിസരത്തു നിന്നു പോലും ഇല്ലാതാക്കുകയും ഇത്രനാൾ സമാഹരിച്ച സാമുദായിക രാഷ്ട്രീയ നേട്ടങ്ങൾ സ്വത്വരാഷ്ട്രീയത്തിനു ഉപോദ്ബലകമായുള്ള തെളിവുകളായി അക്കാദമിക വ്യവഹാരങ്ങളിൽ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും. ഏറെ വൈകാതെ ഇന്ത്യൻ മുസ്ലിമിന്റെ സ്വത്വരാഷ്ട്രീയം എന്ന ക്ഷണികമായ രാഷ്ട്രീയഭാവുകത്വം, ചരിത്രത്തിന്റെ നിമ്ന്നോന്നത സന്ധികളിലൊന്നിൽ കരിഞ്ഞു പോകുമ്പോൾ ഉയർത്തിപ്പിടിക്കാൻ ധാർമ്മികമായൊരു അസ്തിത്വമില്ലാത്ത വ്യഥയിൽ ഇന്ത്യൻ മുസ്ലിം അകപ്പെടും. കാരണം, സ്വത്വരാഷ്ട്രീയമെന്നതിന്റെ അധികാര- രാഷ്ട്രീയ വിപണി ബി ജെ പി അധികാരത്തിലിരിക്കുന്നിടത്തോളം മാത്രമാണ്. എന്നാൽ, സാമുദായിക രാഷ്ട്രീയമെന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയഘട്ടത്തിനു വേണ്ടിയുള്ളതല്ല, പകരം ഒരാളെങ്കിൽ ഒരാളായി ന്യൂനപക്ഷം ഇന്ത്യയിലുണ്ടായിരിക്കുന്നിടത്തോളം പ്രസക്തമായ ഒന്നാണ്. അതിനാൽ നിലവിൽ സ്വത്വരാഷ്ട്രീയത്തിനുള്ള സാമൂഹിക സാംസ്ക്കാരിക മൂലധനങ്ങളുടെ ഡംഭിൽ ആകർഷിക്കപ്പെട്ട് ദരിദ്രമെങ്കിലും പ്രശാന്തമായ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ തൊഴുത്ത് മാറ്റിക്കെട്ടുമ്പോൾ മുസ്ലിം ലീഗ് സകലവ്യവഹാരങ്ങളിലും കുറഞ്ഞു പോവുകയാണെന്ന് ഓർത്താൽ നന്ന്.

 

 



- 25/08/2025