ജമാഅത്തെ
ഇസ്ലാമി: നിലപാടുകളിലെ
മതവും രാഷ്ട്രീയവും
ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൃത്യമായ
മാർഗ്ഗനിർദേശങ്ങളും ദർശനവും നൽകുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്.ലാം. ഒരു
വ്യക്തിയുടെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളെയെല്ലാം
സംവിധാനിക്കുന്ന ഈ പദ്ധതി മനുഷ്യന്റെ നൈമിഷികമായ ഇഹലോക ജീവിതത്തെ നന്മകളാൽ
സമ്പന്നമാക്കി പരലോക ജീവിതത്തിലേക്ക് തയ്യാറെടുപ്പിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ
നാനാതുറകളെയും കൃത്യമായി സംവിധാനിക്കാനും സ്വാധീനിക്കാനും സഹായിക്കുന്ന, പൊരുത്തമുള്ള
നിലപാടുകളും വിശ്വാസ സംഹിതയും ആദർശവുമാണ് ഇസ്.ലാം. ഇസ്.ലാം അനുശാസിക്കുന്നതും
മുന്നോട്ടു വയ്ക്കുന്നതുമായ ആശയങ്ങളും തത്ത്വങ്ങളും പരസ്പരം അനുരൂപമായി
വർത്തിക്കുന്നതാണെന്നു മാത്രമല്ല ഇവ വൈരുദ്ധ്യാത്മകമായി വർത്തിക്കുന്നില്ല എന്നതു
ഇസ്.ലാമിക ആശയദർശനങ്ങളുടെ ദിവ്യത്വത്തെ വ്യക്തമാക്കുന്നതാണ്. പറഞ്ഞു വരുന്നത് വാക്കും
പ്രവൃത്തിയും ആശയവും ദർശനവും പരസ്പരം ഖണ്ഡിക്കാതിരിക്കുക എന്നത് ഒരു ദർശനത്തിന്റെ
ഉത്കൃഷ്ടമായ മേന്മയാണ്. കാരണം, അത്തരമൊരു യോജിപ്പ് വികസിപ്പിച്ചെടുക്കുക എന്നത്
പലപ്പോഴും അസാധ്യമാണ് എന്നതിനാലാണത്. കാലത്തിനും സമൂഹത്തിനും സാങ്കേതികതയ്ക്കും
അനുസരിച്ച് യുക്തിയിൽ മാറ്റം വന്നേക്കാം. എന്നാൽ ഇസ്.ലാം മുന്നോട്ടു വെക്കുന്ന
ആശയവും നിലപാടും വർത്തിക്കുന്നത് ദൈവികമായ യുക്തിയിലായതിനാൽ സമൂഹത്തിനോ കാലത്തിനോ
രാഷ്ട്രീയസാഹചര്യങ്ങൾക്കോ അനുസരിച്ച് തോന്നുംപടിയുള്ള നിലപാടുകൾ ഇസ്.ലാമിന്റേതെന്ന
പേരിൽ പ്രചരിപ്പിക്കുന്നത് ഇസ്.ലാമിന്റെ മൌലികമായ ദർശനങ്ങൾക്ക് എതിരായിത്തീരും. അതിനാൽ,
നിലപാടുകളുടെ യോജിപ്പിൽ ഇസ്.ലാമിക ആദർശ
സംഹിതക്കുള്ള കൃത്യത മുഖ്യധാരയിൽ ഇസ്.ലാമിനെ പ്രതിനിധീകരിക്കുന്നുവെന്നു
അവകാശപ്പെടുന്ന സംഘടനകളും പുലർത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, ഇസ്.ലാമിനെ
സംബന്ധിച്ച് വികലമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീക്ഷണങ്ങൾ സമൂഹത്തിൽ
പ്രചരിക്കാൻ ഇടയാകും.
ഇന്ത്യയിലെ മുസ്.ലിം ന്യൂനപക്ഷത്തിന്റെ മൊത്തം സംരക്ഷകരായാണ്
ജമാഅത്തെ ഇസ്ലാമി സ്വയം വീക്ഷിക്കുന്നത്. എന്നാൽ, വിശ്വാസത്തിലും നിലപാടുകളിലും
ഇസ്.ലാമിനുള്ള യോജിപ്പ് ജമാഅത്തെ ഇസ്.ലാമിക്കുണ്ടോ എന്നുള്ളത് സംശയകരമാണ്. എല്ലാം
അസ്ഥിരമാണ് എന്നു പറഞ്ഞൊരു ദാർശനികൻ സോക്രട്ടീസിനും മുമ്പ് ജീവിച്ചിരുന്നു.
തങ്ങളുടെ അഭിപ്രായങ്ങളെയും നിലപാടുകളെയും മാറ്റത്തിലും അസ്ഥിരതയിലും
പ്രതിഷ്ഠിക്കാനും എന്നിട്ടതിനെല്ലാം ഇസ്.ലാമിന്റെ മേൽവിലാസം കൊടുക്കാനും ജമാഅത്തെ
ഇസ്ലാമിക്ക് പ്രത്യേക വൈദഗ്ദ്ധ്യമാണുള്ളത്. ഒരേസമയം, തങ്ങൾ ഇസ്.ലാമിനെ
പ്രതിനിധീകരിക്കുന്നുവെന്നു വാദിക്കുകയും അതേ സമയം ആധുനിക രാഷ്ട്രീയ സാമൂഹ്യ
വ്യവഹാരത്തിൽ തങ്ങളുടെ നിലനിൽപ്പ് സുസ്ഥിരമാക്കുന്നതിനായി ഇസ്.ലാമിക ആദർശങ്ങളിൽ
വെള്ളം ചേർക്കാനും ജമാഅത്തെ ഇസ്ലാമി തയ്യാറാണ്. കേരളത്തിൽ പുരോഗമന മുസ്.ലിമിന്റെ
മേൽവിലാസമുള്ള ജമാഅത്തെ ഇസ്ലാമി ഇസ്.ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്തിന്റെ
വിഷയത്തിൽ പോലും തങ്ങളുടെ സാമൂഹിക രാഷ്ട്രീയ നിലനിൽപ്പിനെ അടിസ്ഥാനമാക്കി
പ്രവർത്തിക്കുന്നതാണ് കാണാനാവുക.
ഇസ്.ലാം ദാനധർമ്മങ്ങളെ അങ്ങേയറ്റം
പ്രോത്സാഹിപ്പിക്കുന്ന മതമാണ്. ഒരു മുസ്.ലിം പിന്തുടരേണ്ട നിർബന്ധ കർമ്മമെന്ന
നിലയ്ക്കും അതല്ലാതെ താത്പര്യത്തിന്റെ പുറത്ത് അല്ലെങ്കിൽ ഐച്ഛികമായി ചെയ്യുന്ന
ദാനധർമ്മങ്ങൾക്കും അല്ലാഹുവിൽ നിന്ന് പ്രതിഫലങ്ങൾ ഉണ്ടായിരിക്കുമെന്നു കാണാം. ഇതിൽ
നിർബന്ധമായി ചെയ്യേണ്ടുന്ന ദാനധർമ്മം അഥവാ സക്കാത്തിനു ഒരു ആരാധനാ
കർമ്മത്തിന്റേതായ നിയമനിബന്ധനകൾ ഇസ്.ലാം നിർദ്ദേശിച്ചിട്ടുണ്ട്. ആർക്കു കൊടുക്കണം,
എങ്ങനെ കൊടുക്കണം, എന്തു കൊടുക്കണം, എപ്പോൾ കൊടുക്കണം എന്നിവയിലെല്ലാം കൃത്യമായി
നിബന്ധനകൾ രൂപീകരിച്ചിട്ടുണ്ട്. സകാത്ത് വിതരണത്തിനുള്ള മാർഗ്ഗങ്ങൾ മൂന്നാണെന്നാണ്
ഇസ്.ലാം നിശ്ചയിച്ചിരിക്കുന്നത്. 1. ഉടമകൾ നേരിട്ട് അവകാശികൾക്ക് കൊടുക്കുക, 2. ഇസ്.ലാമിക
ഭരണകൂടം നിലവിലുള്ള ഇടങ്ങളിൽ ഭരണാധികാരികളെയോ അവരുടെ ഉദ്യോഗസ്ഥരെയോ ഏൽപ്പിക്കുക,
3. സകാത്ത് വിതരണം ചെയ്യാൻ വേണ്ടി മറ്റൊരു വ്യക്തിയെ ഏൽപ്പിക്കുക
(അൻവർ സാദിഖ് ഫൈസി താനൂർ, സുപ്രഭാതം, ജനുവരി, 31).
ഇതിൽ നിലവിൽ ജമാഅത്തെ ഇസ്ലാമി പിന്തുടരുന്ന രീതി രണ്ടാമത്തേതാണ്. അഥവാ, ഇസ്.ലാമിക
ഭരണകൂടമെന്നതു പോലെ തങ്ങളുടെ പ്രവർത്തകരിൽ നിന്നും ഇതൊന്നുമറിയാത്ത സാധാരണ
മുസ്.ലീങ്ങളിൽ നിന്നും സംഘടിത സകാത്ത് വിതരണത്തിനായി അവരുടെ സകാത്ത് വിഹിതം
ശേഖരിക്കുകയാണ് ചെയ്യുന്നത്. വിശാലാർത്ഥത്തിൽ തങ്ങളുടെ ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനം
സാധ്യമല്ലെങ്കിലും അതിനകത്തു തങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ അടയാളങ്ങളിലൂടെ
അനിസ്.ലാമികമായി ഉയർത്തിക്കൊണ്ടുവന്ന് അതുവഴി രാഷ്ട്രീയവും സാമൂഹികവുമായ
മുതലെടുപ്പ് നടത്താനുമാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. അല്ലെങ്കിൽ ആരാധനയായി
അനുഷ്ഠിക്കേണ്ട ദാനധർമ്മത്തെ ഇത്രമേൽ കൊട്ടിഘോഷിച്ചു പരസ്യപ്പെടുത്തേണ്ടതിന്റെ
ആവശ്യമെന്താണ്? കേരളത്തിലെ പാരമ്പര്യ
മുസ്.ലീങ്ങൾ അഥവാ ഇസ്.ലാമിക രാഷ്ട്രവാദത്തെ നിശിതമായി എതിർക്കുന്ന കേരളീയ സുന്നി മുസ്.ലിങ്ങൾ
നടത്തുന്നതിനേക്കാൾ സകാത്ത് വിതരണം ഫലപ്രദമായി തങ്ങൾ സംഘടിത സകാത്തിലൂടെ
നിവർത്തീകരിക്കുന്നു എന്നു സ്ഥാപിക്കുകയാണ് ജമാഅത്തിന്റെ ലക്ഷ്യം.
സകാത്തിന്റെ വിഷയത്തിൽ യാഥാസ്ഥിതിക
ആശയാധിഷ്ഠിത ഇസ്ലാമിക ഭരണകൂട മാതൃക സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി മറ്റു ചില
സാമൂഹിക വിഷയങ്ങളിലേക്കു വരുമ്പോൾ നേരെ മലക്കം മറിഞ്ഞ് ആധുനിക- പുരോഗമന
കാഴ്ച്ചപ്പാടുകൾ പങ്കുവെക്കുന്നതു കാണാം. ഒരു സ്ത്രീ വിനോദയാത്ര പോയി
അതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചപ്പോൾ ഇസ്.ലാമിന്റെ കാഴ്ച്ചപ്പാടും നിലപാടും പറയാൻ
യോഗ്യനായൊരു മതപണ്ഡിതൻ അതേ കുറിച്ച് ഉണർത്തിച്ചു. ദാനധർമ്മങ്ങളുടെ വിഷയത്തിൽ
പറഞ്ഞതു പോലെ യാത്രയെ സംബന്ധിച്ചു കൃത്യമായ നിർദ്ദേശങ്ങളും നിബന്ധനകളും
ഇസ്.ലാമിനുണ്ട്. അതു സ്ത്രീകളുടെ യാത്രയാണെങ്കിൽ പ്രത്യേകിച്ചും. ഇതേക്കുറിച്ച്
ജമാഅത്തെ ഇസ്ലാമിയുടെ തന്നെ സ്ഥാപകനായ അബുൽ അഅ്ലാ മൌദൂദി തന്റെ ‘പർദ്ദ’യിൽ
വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഈ നിയമങ്ങളും നിബന്ധനകളും ആരെയെങ്കിലും യാത്രകളിൽ
നിന്ന് വിലക്കുന്നതിനു വേണ്ടിയോ വിനോദത്തെ ഇല്ലാതാക്കുന്നതിനോ വേണ്ടിയല്ല. പകരം
ഇത്തരത്തിലുള്ള നിബന്ധനകളും നിർദ്ദേശങ്ങളും രൂപീകരിച്ചിരിക്കുന്നത് ഓരോ
വ്യക്തിയുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ്. ഇതു സംബന്ധിച്ച് ജമാഅത്തെ
ഇസ്.ലാമി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാനലിൽ നടന്ന ചർച്ച കാണുന്നൊരാൾക്ക്
ശരാശരി മനസ്സിലാക്കാനാവുക സിവിലിയൻ വേഷത്തിലല്ലാതെ നടക്കുന്ന മതപണ്ഡിതരും
പുരോഹിതരും പറയുന്നതൊന്നും ഇസ്.ലാമിലുള്ളതല്ലെന്നും ഖുർആനും ഹദീസും മനഃപാഠമാക്കിയ
ഇവരൊന്നും ഇസ്.ലാമിക പണ്ഡിതരല്ലെന്നുമാണ്. പകരം കാലത്തിനനുസരിച്ച് ഇസ്ലാമിനെ
മാറ്റിപ്പറയാൻ അറിയുന്നവരാണ് പണ്ഡിതരെന്നുമാണ് ഇവർ സ്ഥാപിക്കുന്നത്. ഇവിടെയും
വ്യക്തമാകുന്നത് കേരളത്തിലെ പാരമ്പര്യ സുന്നികളോടും അവർ മതപരമായി നടത്തുന്ന
അഭിപ്രായ പ്രകടനങ്ങളോടും നിലപാടുകളോടും ജമാഅത്തെ ഇസ്ലാമിക്കുള്ള വിയോജിപ്പാണ്.
പ്രത്യേക വേഷവിധാനത്തിലുള്ള മതപണ്ഡിതരോടും മദ്രസയോടുമൊക്കെയുള്ള പുച്ഛമാണ് ഈ
ത്രിമൂർത്തി ചർച്ചയുടെ സത്ത.
ഇസ്.ലാമിലെ സ്ത്രീകൾ യാത്ര ചെയ്യാത്തവരോ യാത്ര
ചെയ്യുന്നതിൽ വിലക്കുകൾ അനുഭവിക്കുന്നവരോ അല്ല. കാലാക്കാലങ്ങളായി ആരാധനയ്ക്കും
വിജ്ഞാനത്തിനുമായി വിവിധ ദേശങ്ങളിൽ സഞ്ചരിച്ച സ്ത്രീകൾ ഇസ്.ലാമിന്റെ ആദ്യകാലം
മുതൽക്കേ ഉണ്ടായിട്ടുണ്ട്. ഫാത്വിമ ബിൻത് സആദ് അൽ ഖയ്ർ, ആയിശ ബിൻത് മുഹമ്മദ്ബ്നു
അബ്ദൽ ഹാദി, ഫാത്വിമതുൽ ഫിഹ്രിയ്യ തുടങ്ങിയ പണ്ഡിതകളെല്ലാം വിജ്ഞാന
സമ്പാദനത്തിനായും അധ്യാപനത്തിനായും തങ്ങളുടെ ജന്മദേശത്തു നിന്നും
വിവിധയിടങ്ങളിലേക്കായി യാത്ര ചെയ്തവരാണ്. ഇങ്ങനെ യാത്ര ചെയ്തെന്നു മാത്രമല്ല,
തങ്ങളുടെ യാത്രാവിവരണങ്ങൾ ചരിത്രസ്രോതസ്സുകളായി പരിഗണിക്കാവുന്നത്ര കൃത്യതയോടെ
രേഖപ്പെടുത്തിയിട്ടുമുണ്ട് ഇസ്.ലാമിക ചരിത്രത്തിലെ വനിതകൾ. ചുരുക്കത്തിൽ, നിലവിലെ
പുരോഗമന മുസ്.ലിം പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായോ അല്ലെങ്കിൽ പുരോഗമനാശയങ്ങളുടെ
ഫലമായോ അല്ല മുസ്.ലിം സ്ത്രീകൾ യാത്ര ചെയ്യാനും അവ അടയാളപ്പെടുത്താനും തുടങ്ങിയത്.
അതേസമയം അവരുടെ യാത്രകൾ
ഏതുവിധത്തിലുള്ളതായിരിക്കണമെന്നും അതിന്റെ മര്യാദകളെന്തെന്നും കൃത്യമായി ഇസ്.ലാം
പറയുന്നുണ്ട്. അതാവട്ടെ യാത്ര ചെയ്യുന്ന വ്യക്തിയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും
വേണ്ടിയാണ്. ഇസ്.ലാമിന്റെ ആശയാദർശങ്ങൾ പിന്തുടരുന്നവർക്ക് അതു പിന്തുടരാം.
അതേസമയം, മുസ്.ലിം സ്ത്രീകളെന്തോ ലോകം കാണാത്തവരാണെന്നും യാത്ര
ചെയ്യാത്തവരാണെന്നും മതപണ്ഡിതരുടെ വിലക്കാണിതിനൊക്കെ കാരണമെന്നും മൈക്ക് കെട്ടി
മതം പറയുന്നവർ സ്വാതന്ത്ര്യത്തിനും നീതിസമത്വത്തിനും എതിരെ പറഞ്ഞാൽ ആ വിശ്വാസ
സംഹിത ഏറെക്കാലം നിലനിൽക്കില്ല എന്നൊക്കെ പറയുമ്പോൾ ഇവരിവിടെ വേട്ടയാടുന്നത്
പാരമ്പര്യ സുന്നി മുസ്.ലിം വിശ്വാസത്തെയാണ്. കാരണം, രാഷ്ട്രീയം മുതൽ സകാത്ത് വരെ
വിവിധ വിഷയങ്ങളിലായി മതത്തിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമിക്കാർ നടത്തുന്ന
ഇരട്ടത്താപ്പ് നിലപാടുകളെ കൃത്യമായി ‘സിവിലിയൻ
വേഷവിധാനത്തിൽ നിന്നും വ്യത്യസ്തമായി വേഷം ധരിക്കുന്നവർ’
തുറന്നു കാട്ടുന്നുണ്ട്.
ആധുനിക ലോകത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച്
വെട്ടിമുറിച്ച് ഒട്ടിക്കേണ്ട വിശ്വാസസംഹിതയല്ല ഇസ്.ലാം. ആധുനിക ലോകം വിഭാവനം
ചെയ്യുന്ന സ്വാതന്ത്ര്യവും സമത്വവുമല്ല ഇസ്.ലാം മുന്നോട്ടു വെക്കുന്ന
സ്വാതന്ത്ര്യവും നീതിയും സമത്വവും. ആധുനിക ലോകത്തിന്റെ വീക്ഷണത്തിൽ നൈമിഷികമായ ഈ
ലോകമാണ് പ്രധാനമെങ്കിൽ ഇസ്.ലാം വിഭാവനം ചെയ്യുന്നത് ഈ ലോകത്തെയും അതിവർത്തിക്കുന്ന
മണ്ഡലമാണ്. ആധുനിക ലോകത്തിന്റെ യുക്തിക്കനുസരിച്ച് ഇസ്.ലാമിന്റെ നിലപാടുകളെ
മാറ്റിപ്പറയുന്നതല്ല മതപണ്ഡിതരുടെ ധർമ്മം, അതല്ല ഇസ്.ലാം ലക്ഷ്യമാക്കുന്നതും.
അതേസമയം ഇസ്.ലാമിനെ സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾക്കായി
ഉപയോഗിക്കുന്നവർക്കും ഇസ്.ലാമിനെ മറയാക്കുന്നവർക്കും സകാത്താവട്ടെ സ്ത്രീകളുടെ
യാത്രയാവട്ടെ, എല്ലാം ആധുനിക പൊതുബോധത്തിന്റെ മാനദണ്ഡങ്ങൾക്ക് മാത്രം
പൊരുത്തപ്പെട്ടതായാൽ മതി. ഇവിടെ ജമാഅത്തെ ഇസ്ലാമിയും അവരുടെ ജിഹ്വകളും
പ്രതിനിധീകരിക്കുന്നത് ഇസ്.ലാമിനെയല്ല പകരം, അവരുടെ രാഷ്ട്രീയ അതിജീവനത്തെയാണ്.
ആരാധനാധിഷ്ഠിതമായ ദാനധർമ്മങ്ങളെ ജീവകാരുണ്യ പ്രവർത്തനമായി നാടൊട്ടുക്ക് വിളംബരം
ചെയ്യുന്നതും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതിനിധികളായെത്തുന്നതും
ഇസ്.ലാമികാദർശത്തിനോടുള്ള പ്രതിബദ്ധത കൊണ്ടല്ല പകരം, സമകാലിക ആധുനികതയിൽ അവരുടെ
നിലനിൽപ്പ് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ്. അതേസമയം, ഇസ്.ലാം എന്ന സമഗ്രജീവിത
പദ്ധതിയുടെ നിബന്ധനകൾ കൃത്യമായി ജനങ്ങളെ പ്രബോധനം ചെയ്യാൻ ഉത്തരവാദിത്തമുള്ളവരാണ്
മതപണ്ഡിതർ. അതിനി ദാനധർമ്മങ്ങളുടെ വിഷയത്തിലാണെങ്കിലും സ്ത്രീ ഇടപെടലുകളുടെ
വിഷയത്തിലാണെങ്കിലും അതവർ തുടരും. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യയിലെ
ജനാധിപത്യ ഭരണകൂടം നൽകുന്നുണ്ട്. എന്നാൽ ജമാഅത്തെ ഇസ്ലാമിയെ പോലെ രാഷ്ട്രീയ
സാമൂഹിക നിലനിൽപ്പ് മാത്രം നോക്കി കാലത്തിനനുസരിച്ച് കോലം കെട്ടിക്കാനുള്ള
ആശയാദർശമല്ല ഇസ്ലാമിന്റേത്. നിരന്തരമായി ഇസ്ലാമിനെ ആധുനികതയുടെ
രാഷ്ട്രീയാവശ്യങ്ങൾക്കനുസരിച്ച് മാറ്റി വ്യാഖ്യാനിക്കുന്ന ജമാഅത്തുകാരുടെ
രാഷ്ട്രീയ കെണികളിൽ വീഴാതിരിക്കാൻ മുസ്.ലിം സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന്
മാത്രം ഈ സാഹചര്യത്തിൽ ഉണർത്തുന്നു.
.
.