എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന

എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന


 
 
 
എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന
 
 

     അന്ത്യപ്രവാചകരായ മുഹമ്മദ് (സ) മുൻകാലങ്ങളിൽ കഴിഞ്ഞുപോയ കാര്യങ്ങളെ തന്റെ ജീവിത കാല യാഥാർത്ഥ്യത്തോട് ചേർത്തുവെച്ചുകൊണ്ടു വരും തലമുറകൾക്ക് പാഠമുൾക്കൊണ്ട് ജീവിക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ തന്നെ മാതൃകയാക്കിയിരുന്നു. എന്നാൽ പ്രവാചകർ (സ) ഇത്തരമൊരു ജീവിതം ബക്കായിലോ യഥ്രിബിലോ നയിച്ച കാലത്ത് പ്രവർത്തിച്ചു കാണിക്കുകയോ, അക്കാലത്തെ സാധാരണ ജനങ്ങൾക്ക് മുമ്പാകെ നേർദൃഷ്ടാന്തങ്ങളിലൂടെ ബോധ്യപ്പെടുത്താൻ ആവാത്തതോ ആയ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. അവയെല്ലാം ഒരേസമയം മുൻ തലമുറകളോട് ബന്ധപ്പെട്ടതും, ഇന്നത്തെ തലമുറക്ക് വെളിച്ചം നൽകുന്നവയും, ഭാവി തലമുറകൾ മനസ്സിലാക്കി എടുക്കാനുമുള്ളവയാണ്.

    ഖുർആൻ, തിരുസുന്നത്ത് എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമായാണ് ഇസ്‌ലാമിന്റെ ജീവിതപദ്ധതിയായ 'ശരീഅത്ത്' ക്രമപ്പെടുത്തിയിരിക്കുന്നത്. വ്യക്തി, കുടുംബ, സാമൂഹിക, സാംസ്കാരിക - ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെ മനസ്സിലാക്കിയെടുക്കും വിധം ഖുർആൻ സൂക്തങ്ങളെയും അവയുടെ നേർ സാക്ഷ്യമായി പ്രവാചകർ (സ) തങ്ങളുടെ ജീവിതത്തിൽ പുലർത്തിയ സന്ദർഭങ്ങളെയും മനസ്സിലാക്കി ഗവേഷണത്തിലേർപ്പെട്ടാൽ ശരീഅത്തിനെ പ്രബലമാക്കുന്നതിനും വളർത്തുന്നതിനുമുതകുന്ന പഠനഗവേഷണങ്ങളിലേർപ്പെടാനാകും. മനുഷ്യൻ ഏതൊരുകാലത്തിൽ ജീവിച്ചാലും  ശരീഅത്തിന്റെ അടിസ്ഥാന ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നവയാണ്. അതിനാൽ തന്നെ പുതിയകാലത്ത് ഉയർന്നുവരുന്ന ബാഹ്യമായ പല വിഷയങ്ങളിലും മേൽപ്പറഞ്ഞ അടിസ്ഥാന തത്ത്വങ്ങളെ അവലംബിച്ചുകൊണ്ടുള്ള ഗവേഷണപ്രവർത്തനങ്ങളിലേർപ്പെടുക  എന്നതായിരിയ്ക്കും പിൻകാലക്കാർക്ക് (പ്രവാചകർ(സ)യുടെ ദേഹവിയോഗത്തിനുശേഷം വരുന്ന തലമുറകൾ) ഈ മേഖലയിൽ  നിർമ്മാണാത്മാകമായി ചെയ്യാനുണ്ടാവുക.

     ചര്യകളിലൂടെ പരിചയിച്ച് പകർത്തുവാനല്ലാതെ റസൂൽ(സ) അവിടുന്ന് വാക്കാൽ തന്നിട്ടുള്ള സന്ദേശങ്ങൾ ഒട്ടേറെയാണ്. അവയിൽ പിൻകാലക്കാർക്ക് വേണ്ടിയുള്ള സന്ദേശങ്ങളും മുന്നറിയിപ്പുകളും പ്രവചനങ്ങളും  ഉണ്ട്. അവ പരമ്പരാഗത പഠനസമ്പ്രദായത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട്  ഗവേഷണങ്ങൾ നടത്തുന്നതിനു ചില പരിമിതികളുണ്ട്. കാരണം പല സാഹചര്യങ്ങളിലും ഇത്തരം സന്ദേശങ്ങളും പ്രവചനങ്ങളും അവ യാഥാർത്ഥ്യമാകുന്ന കാലത്തിൽ നിന്നുകൊണ്ട് മാത്രം മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നവയാണ്. അപ്പോൾ പ്രവാചകർ(സ) നൽകിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പഠനവിധേയമാക്കുന്നതിനു  നിലവിലെ അക്കാദമിക പഠനങ്ങളുടെ  വിതാനങ്ങൾക്കുമപ്പുറം കടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രവാചകരിൽ(സ) നിന്ന് സഹസ്രാബ്ദങ്ങൾക്കിപ്പുറം ജീവിക്കുന്ന ശിഷ്യവൃന്ദങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളെ പഠനവിധേയമാക്കുന്നതിനു പുതിയ വഴി അന്വേഷിക്കുക എന്നത് നിർബന്ധമോ നിശ്ചയമായും ചെയ്യേണ്ടുന്നതോ ആയ കർമ്മമായി  മാറുന്നു. അതിനാൽ പുതിയ ജ്ഞാനപദ്ധതികൾ ഈ മേഖലയിൽ ആവിഷ്കരിക്കുക അനിവാര്യം തന്നെ.

 അഹമ്മദരായ അന്ത്യപ്രവാചകർ(സ)യെ കൂടാതെ ഇസ്ലാമിന്റെ ചരിത്രത്തിൽ മുൻകഴിഞ്ഞുപോയ പ്രവാചകന്മാരും മറ്റു സംസ്കൃതികളിൽ നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്മാരും ഇവ്വിധം വരുംകാലത്തോട് സംവദിക്കുന്ന പ്രവചനങ്ങൾ/സന്ദേശങ്ങൾ നൽകിയിട്ടുണ്ടാകും. അവയെല്ലാം തന്നെ സമാന രീതിയിൽ വൈജ്ഞാനികവും മതകീയവുമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആധുനികതയിൽ ഇത്തരം കാര്യങ്ങൾ പഠിക്കുന്നതും നിലവിൽ വലിയ പ്രചാരമെത്താത്തതുമായ പഠനശാഖയാണ് എസ്കറ്റോളജി(Eschatology). ചരിത്രാവസാനകാല പഠനമെന്നോ ലോകാവസാനകാല പഠനമെന്നോ ഇതിനെ വിളിക്കാം. ലോകത്തെ പ്രമുഖമതഗ്രന്ഥങ്ങളിൽ പരാമർശമുള്ള ലോകാവസാന കാലത്തു നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗവേഷണം ചെയ്തുകൊണ്ട് ഈ കാലത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി തുലനം ചെയ്ത് പഠിക്കുക എന്നതാണ് ഈ ശാഖയുടെ പ്രത്യേകത. ഇസ്ലാം, ക്രിസ്തു, ജൂത, ഹൈന്ദവ മതങ്ങളുടെ ഗ്രന്ഥങ്ങളാണ് ഇത്തരത്തിൽ പ്രധാനമായും പഠനവിധേയമാക്കുന്നത്. മുൻ തലമുറയ്ക്ക് അവർ ജീവിച്ച സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഗതിവിഗതികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയാതെ പോയ ഒട്ടേറെ കാര്യങ്ങൾ വർത്തമാനത്തിൽ നിന്ന് കണ്ടെടുക്കാൻ ഈ പഠന മേഖല സഹായിക്കുന്നു. ഇങ്ങനെ പഠനവിധേയമാക്കപ്പെടുന്ന വിഷയങ്ങളും അതിൽ നിന്നുള്ള കണ്ടെത്തലുകളും ആഗോള വർത്തമാന വ്യവഹാരത്തിന്റെ വിവിധ മേഖലകളിൽ മതസാംസ്ക്കാരിക വീക്ഷണത്തോടു കൂടിയുള്ള സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതികൾ ആവിഷ്കരിക്കാനും പ്രയോജനപ്രദമാകുന്നവയാണ്. ലോകരാഷ്ട്രീയത്തിന്റെ സാമ്പത്തിക പരിസ്ഥിതിയെ പോലും നിയന്ത്രിക്കാൻ ഉതകുന്ന ഇത്തരം അറിവുകളെ കണ്ടെടുക്കുന്ന, ഇത്തരമൊരു പഠനശാഖ പരിപോഷിക്കേണ്ടത് മതവൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കർത്തവ്യമാണ്. അല്ലെങ്കിൽ മതനിരാസത്തിന്റെ ലിബറൽ രാഷ്ട്രീയ ശക്തികൾ ഈ മേഖലയിലൂടെ നേടുന്ന അറിവുകൾ മതങ്ങൾക്കും മാനവരാശിക്കും തന്നെ എതിരായി ഉപയോഗിക്കും. അക്കാരണത്താൽ ഇത്തരം അറിവുകൾ യഥാവിധി ഗവേഷണം ചെയ്തു കണ്ടെത്തുകയും അത് വിശ്വാസികൾക്ക് മുന്നറിയിപ്പായി, ഉചിതമായ രീതിയിൽ അവതരിപ്പിച്ചു കൊടുക്കുകയും ചെയ്യേണ്ടുന്നത്  ഈ കാലഘട്ടത്തിലെ മതപ്രവർത്തനത്തിന്റെയും മതപ്രബോധനത്തിന്റെയും ഭാഗം തന്നെയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

    ‘അന്ത്യനാൾ അടുക്കുമ്പോൾ യൂഫ്രട്ടീസിൽ സ്വർണമല മറനീക്കി പുറത്തുവരും. യൂഫ്രട്ടീസ് വറ്റും. അന്നു ജീവിച്ചിരിക്കുന്ന ആരും അതിൽ നിന്നു ഒന്നും എടുക്കരുത്. അതിന്റെ പേരിൽ മനുഷ്യർ പരസ്പരം യുദ്ധം ചെയ്യും. ഞാൻ രക്ഷപ്പെടുമെന്നു ഓരോരുത്തരും വിചാരിക്കുമെങ്കിലും (ആ സ്വർണമല കാരണം) നൂറിൽ തൊണ്ണൂറ്റൊമ്പതും കൊലചെയ്യപ്പെടും.’ (ബുഖാരി, മുസ്ലിം.) (രിയാളുസ്സ്വാലിഹീൻ- 1822, ഭാഗം-18, ഹദീസ് 15) എന്ന ഹദീസിനെ വർത്തമാനകാല സാമൂഹികസാമ്പത്തിക രാഷ്ട്രീയ പരിതസ്ഥിതിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ് ഉസ്താദ് റഹ്മതുള്ളാഹ് ഖാസിമി തന്റെ ‘യൂഫ്രട്ടീസിലെ സ്വർണമലകൾ’ എന്ന ഗ്രന്ഥത്തിൽ നടത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ മാറ്റങ്ങളെ കണ്ടുംകേട്ടും അനുഭവിച്ചും അറിയാത്തൊരു മനുഷ്യനു  തുലോം അന്വേഷണത്തിലൂടെ ഈ ഹദീസിന്റെ പൊരുൾ ചികഞ്ഞെടുക്കാൻ സാധിക്കില്ല. കാരണം, ഈ ഹദീസിൽ പറയുന്ന കാര്യങ്ങൾ വ്യക്തമായും ലോകത്ത് ദൃശ്യമാകുന്നത് വർത്തമാനകാല സമൂഹത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പുലർന്നുതുടങ്ങുന്ന ഹദീസിൽ സൂചിതമായ ഈ സംഭവം, ഹദീസിൽ പറയുംപ്രകാരംതന്നെ എന്നുറപ്പിക്കണമെങ്കിൽ  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോളം കാത്തിരിക്കേണ്ടിവരും. അവിടെവരെ എത്തി നിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാലേ ലോകത്ത് ഈ പ്രവചനം പുലർന്നോ ഇല്ലയോ എന്നു പോലും  സാക്ഷ്യപ്പെടുത്താനാവൂ. 1900കളിൽ ആരംഭിച്ച ഇരുപതാം നൂറ്റാണ്ട് അവസാനിച്ചു, 24 വർഷം പിന്നിട്ടിട്ടു പോലും  ഈ ഹദീസിൽ സൂചിതമായ കാര്യം നടന്നുകഴിഞ്ഞു എന്ന് തിരിച്ചറിയാതിരിക്കുന്ന സാമാന്യജനങ്ങൾ ഈ വിഷയം മുഹമ്മദ് (സ) മുന്നറിയിപ്പ് നൽകിയതിൻ പ്രകാരം നടന്നുവെന്നു തിരിച്ചറിയേണ്ടതായിട്ടില്ലെ?. അത്തരമൊരു തിരിച്ചറിവിലേക്കുള്ള അക്കാദമികവും പ്രബോധനാത്മകവുമായ പ്രവർത്തനമാണ് ഈ പുസ്തകം. യൂഫ്രട്ടീസ് എന്ന നദിയെ ആ നദി ഒഴുകിയിരുന്ന പ്രദേശമായി ഉൾക്കൊണ്ടുകൊണ്ട്, ആ ഭൂമികയിൽ നിന്ന് ആകാശത്തിലേക്ക് ഉയർന്നുപൊങ്ങിയ സ്വർണ്ണ മലയുടെ ചരിത്രത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരൻ ആരംഭിക്കുന്നു. സ്വർണ്ണം എന്നതിൽ സൂചിതമായ ആ സമ്പദ്ശേഖരം, ഖര രൂപത്തിലുള്ള ലോഹമല്ലെന്നും മറിച്ച് ദ്രാവക രൂപത്തിൽ കുതിച്ചു ചീറ്റി പുറത്തുവന്ന ക്രൂഡോയിൽ ആണെന്നും തെളിവുകളോടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

    ക്രയവിക്രയ ഉപാധിയായി ഖുർആൻ നാണയം എന്ന നിലയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് സ്വർണ്ണ കാശിനെയും  വെള്ളിക്കാശിനെയുമാണ്. സൂചിതമായ ആയത്തുകൾ ആലുഇംറാൻ(75), യൂസഫ്(20) എന്നീ അദ്ധ്യായങ്ങളിൽ നമുക്ക് കാണാം. ഖുർആനിൽ സൂചിതമായ സ്വർണ്ണ ലോഹം പരിമിതമായെ ഭൗതിക ലോകത്തിൽ ഉണ്ടാവുകയുള്ളൂ എന്ന് ദൈവ ഗ്രന്ഥത്തിൽ ചൂണ്ടികാണിയ്ക്കപ്പെട്ടു എന്നതിനാൽത്തന്നെ ഉറപ്പിയ്ക്കാവുന്നതാണ്. കാരണം ഒരു സ്വർണ്ണ മല തന്നെ ഉയർന്നു വന്നാൽ പിന്നെ ലോകത്തെ എക്കാലത്തേക്കുമായുള്ള ഒരു നാണയവ്യവസ്ഥയായി തുടരാനാവാത്ത ഒരു വിനിമയ ഉപാധിയായി സ്വർണ്ണം മാറും.  അതിനാൽ തന്നെ അങ്ങിനെയൊന്ന് ക്രയവിക്രയത്തിനായി ഖുർആൻ എടുത്തുപറയാൻ തരമില്ല. എന്നാൽ ഇപ്രകാരമുള്ളൊരു മതകീയ ന്യായോക്തി വിശദീകരണത്തിലേക്ക് ഒതുങ്ങാതെ ഭൗതിക ലോകത്തിൽ എല്ലാവരാലും അംഗീകരിക്കപ്പെടാവുന്ന അക്കാദമികമായ തെളിവുകൾ നിരത്തുകയാണ് ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്. 

    ഇന്ന് ലോകത്തെ എല്ലാ ക്രയവിക്രയങ്ങളെയും നിയന്ത്രിക്കുന്ന ചരക്കായി ക്രൂഡോയിൽ മാറി എന്നു ഭൗതിക സാഹചര്യത്തിലെ തെളിവുകൾ നിരത്തിക്കൊണ്ട് സമർത്ഥിക്കുന്നുണ്ട് ഗ്രന്ഥകാരൻ. നാണ്യകേന്ദ്രമായി വികസിച്ചുവന്ന ലോകകമ്പോളം ആധുനിക വ്യവസായ വിപ്ലവത്തോടെ ഊർജ്ജകേന്ദ്രിതമായി എന്നും ചൂണ്ടിക്കാണിക്കുന്നു ഗ്രന്ഥത്തിൽ. ക്രൂഡ്ഓയിലിന്റെ യൂഫ്രട്ടീസ് മേഖലയിൽനിന്നുള്ള കണ്ടെടുപ്പും പിന്നിലെ ആഗോളരാഷ്ട്രീയ ചരടുവലികളും ഗ്രന്ഥകാരൻ മറനീക്കി പുറത്തുകൊണ്ടുവരുന്നു. ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ഊർജ്ജ സ്രോതസ്സ് കൈയ്യടക്കി വച്ച് നിയന്ത്രിക്കുന്നവുടെ കൈകളിലേക്കായി ഒതുങ്ങുന്നു. യൂഫ്രട്ടീസ് തീരങ്ങളിൽ നിന്നും ലഭ്യമായ ഊർജ്ജസ്രോതസ്സുകൾകൊണ്ട് ഒന്നാം ലോക രാജ്യങ്ങൾ ലോകത്തിന്റെ നെറുകയിലേക്ക് വളരുമ്പോൾ അവിടുത്തെ ജനത കടുത്ത വരൾച്ചയിലേക്കും അരക്ഷിതത്വത്തിലേക്കും നീങ്ങുകയാണുണ്ടായത്.

 ലോകത്ത് മൊട്ടുസൂചി മുതൽ ഭീമാകാരമായ വിമാനങ്ങൾ വരെ നീണ്ടുനില്ക്കുന്ന ക്രൂഡ്ഓയിൽ ഉൽപന്നനിര വിപണി കീഴടക്കുമ്പോൾ യൂഫ്രട്ടീസ് തീരത്തെ തുടർച്ചയായ യുദ്ധങ്ങളിലേക്ക് തള്ളിവിടുകയാണു ചെയ്തത്, അവിടെയും തിരുദൂതരുടെ പ്രവചനം പുലർകയാണുണ്ടായത് എന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഈ യുദ്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കുവാനായി ഗ്രന്ഥകാരൻ നിരത്തുന്ന തെളിവുകളും കണക്കുകളും നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. ഇതിനെല്ലാം പുറമേ ക്രൂഡ് ഓയിലും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളും മൂലം ലോകത്ത് സംജാതമായ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ അവതരിപ്പിക്കുന്നതിലൂടെ ഇത് നിഷിദ്ധമായൊരു സ്വർണമല തന്നെ എന്ന് ഏതൊരു വായനക്കാരനെയും വിശ്വസിപ്പിക്കാൻ ഗ്രന്ഥകാരനാവുന്നുണ്ട്.

    സാധാരണ ലേഖകരെ പോലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു കടന്നുപോവുകയല്ല ഗ്രന്ഥകാരൻ. സ്വർണമല വരുത്തിവെച്ച ദുരിതങ്ങളിൽ നിന്ന് മാനവരാശിക്ക് കരകയറേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ഈ സ്വർണമല മൂലം ഉണ്ടായ പ്രകൃതിയാഘാതങ്ങളാൽ ലോകജനത പൊറുതിമുട്ടുമ്പോൾ അതിനൊരു പരിഹാരം എന്ന നിലയ്ക്ക് ഭൂമിയിൽ വിത്ത് വിതറുന്ന കർഷകനായി സ്വയം തന്നെ മാറുന്ന ചിത്രം വായനക്കാർക്കു മുമ്പിൽ പങ്കു വെച്ചു കൊണ്ടുമാണ് ഗ്രന്ഥകാരൻ പിരിയുന്നത്. ഭൂമിയും പ്രകൃതിവിഭവങ്ങളും അതിൻറെ സന്തുലിതാവസ്ഥയും മതപണ്ഡിതന്മാർ ഏറെ ചർച്ച ചെയ്യാത്ത വിഷയമാണ്. എന്നാൽ സമകാലികാവസ്ഥ എന്താണെന്ന് പറഞ്ഞു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരൽച്ചൂണ്ടുന്നു. അവിടെ ഭൂമിയെ വീണ്ടെടുക്കണമെന്നും മാനവരാശിക്ക് പ്രതീക്ഷയുണ്ട് എന്നുള്ള പങ്കുവെക്കൽ നടക്കുന്നു. ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്ന ആശയത്തെ ഒരു ഉട്ടോപ്യ ആയൊന്നും കണ്ടുകൂടാ. പ്രവാചകർ(സ) ഈ സ്വർണ്ണ മലയിൽ നിന്ന് ആരും എടുക്കരുതെന്നു താക്കീത് നൽകിയിട്ടുണ്ടെങ്കിൽ അതിനായി ജിഹാദിലേർപ്പടാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നോർക്കണം. ലോകം ഇത്രയും മുന്നോട്ടു പോയതും ജീവിതത്തിന്റെ സമസ്തമേഖലയിലും ഇതെല്ലാം ചൂഴ്ന്നു നിൽക്കുന്നതുമായൊരു സാഹചര്യത്തിൽ ഇനിയത് സാധ്യമാണോ, എന്ന ചോദ്യം എല്ലാവരിലും ഉണ്ടായിരിക്കാം. ഒരു ഉദാഹരണം എന്ന സ്ഥിതിക്ക് സൂചിപ്പിക്കട്ടെ, കാലങ്ങൾക്ക് മുമ്പേ വ്യാവസായിക വിപ്ലവവും ആധുനികനഗരവൽക്കരണവും നടന്ന സൗകര്യങ്ങളുടെ പറുദീസയായ അമേരിക്കയിൽ പോലും ആധുനികത കൊണ്ടുവന്ന യാതൊരു സൗകര്യങ്ങളും ഉപയോഗപ്പെടുത്താതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരമ്പരാഗതമായ ഗോത്രീയരീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. ക്രൈസ്തവ മതത്തിൽ പെട്ട -ആമിഷ് അമേരിക്കൻസ്. അതുകൊണ്ട് ഒരു തിരിച്ചുനടത്തം സാധ്യമല്ല എന്നുള്ള വാദം തികച്ചും തെറ്റാണെന്ന് അവരെ കുറിച്ച് പഠിച്ചാൽ മനസ്സിലാക്കാവുന്നതുമാണ്.

 

 An Amish farmer in the field,

    പണ്ഡിതനും പാമരനും ഒരുപോലെ  ബോധ്യപ്പെടുംവിധം വിഷയം  അവതരിപ്പിക്കാൻ ഗ്രന്ഥത്തിനായിട്ടുണ്ട്.  മാറ്റത്തിന് ഒരു ഇടം ഉണ്ട് എന്നുള്ള ചിത്രം അവസാനത്തിൽ പങ്കുവച്ചു എന്നുള്ളതും ഭൂമിക്കായും മാനവകുലത്തിനായും ത്യാഗം സഹിക്കേണ്ടതുണ്ട്, എന്ന സന്ദേശം പകർന്നു എന്നതുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മയായി ബോധ്യപ്പെടുന്നത്. മതകീയമായ കാര്യങ്ങൾ അവതരിപ്പിച്ചു നിർത്താതെ ഇത്തരം സന്ദേശം നൽകാൻ ഉസ്താദ് റഹ്മത്തുള്ളാഹ് ഖാസിമിക്കായി എന്നത് പുസ്തകത്തിനുമപ്പുറം അദ്ദേഹത്തിലെ പരിവർത്തകനെ കണ്ടെത്താൻ  നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ മുൻപ് വായിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള ഒരിടത്തും ഇത്തരമൊരു ത്യാഗസമ്പൂർണ്ണ തിരുത്തിനെക്കുറിച്ച് സംസാരിച്ചു കണ്ടിട്ടില്ല, അത് കേരളീയ ഭൂമികയിൽ നിന്ന് ഉണ്ടായികണ്ടത് ശുഭപ്രതീക്ഷാർഹവുമാണ്. 

  -ഡോ മുനവ്വർ ഹാനിഹ് ടി ടി

 


 

 

 .


 

 

 

 

 

അറബിമലയാളം അണയാത്ത പ്രഭ

പലമകളാൽ നിറഞ്ഞൊരു ആൾക്കൂട്ടത്തെ സമൂഹമാക്കി ഉയർത്തുന്നതിൽ സംസ്ക്കാരത്തിനു വലിയ പങ്കുണ്ട്. ഒരു പ്രദേശത്തു വസിക്കുന്ന ആൾക്കൂട്ടത്തിന്റെ പലമയെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ അവരുടെ സംസ്ക്കാരത്തെ അടയാളപ്പെടുത്താനാവൂ. കാരണം, ഈ പലമകളെല്ലാം ചേർന്നതാണല്ലോ സംസ്ക്കാരം. ഏതൊരു സംസ്ക്കാരത്തിന്റെയും വ്യതിരിക്തത, തനിമ നിർണ്ണയിക്കുന്നതിൽ ആ സമൂഹത്തിന്റെ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഭാഷ സംസ്ക്കാരത്തിന്റെ പ്രധാനഘടകമായിരിക്കെത്തന്നെ സമൂഹത്തെ പരസ്പരം കോർത്തിണക്കി നിർത്തുന്നതും ഭാഷയാണ്. ഭാഷ എന്ന സാംസ്ക്കാരികഘടകത്തിന് ആശയവിനിമയത്തിനുമപ്പുറം വിശാലമായ ധർമ്മങ്ങളുണ്ട് എന്നു സാരം. സമൂഹത്തിന്റെ തനിമയെ നിലനിർത്തുന്നതോടൊപ്പം ചരിത്രത്തെയും സംസ്ക്കാരത്തെയും രേഖപ്പെടുത്തി വെക്കാനും വിദ്യാഭ്യാസമാധ്യമമായി വർത്തിക്കാനും ഭാഷയ്ക്ക് സാധിക്കുന്നുണ്ട്. ഒരു സംസ്ക്കാരത്തെ സംരക്ഷിക്കാനും മറ്റൊന്നിനെ പ്രതിരോധിച്ച് നിർത്താനും ഭാഷയ്ക്കു സാധിക്കും എന്ന വസ്തുത ഭാഷ എത്ര സുപ്രധാനഘടകമാണ് ഒരു ജനതയെ സംബന്ധിച്ച് എന്നത് വ്യക്തമാക്കുന്നു. ഏതൊരു ഭാഷയും ഇത്തരത്തിലുള്ള സാംസ്ക്കാരികവും സാമൂഹികവുമായ ധർമ്മങ്ങളെ അതിന്റെ ജൈവികധർമ്മമായി പാലിച്ചുപോരുമ്പോൾ ഒരു ഭാഷ  എന്ത് എന്നു മനസ്സിലാക്കുന്നതിലൂടെ മാത്രം അതു നിലനിൽക്കുന്ന സമൂഹത്തെയും സംസ്ക്കാരത്തെയും പറ്റി ഒട്ടൊരുപാട് മനസ്സിലാക്കാൻ സാധിക്കുമെന്നത് ഓരോ ഭാഷയുടെയും സംവഹനശേഷിയെന്തെന്ന് വ്യക്തമാക്കുന്നതാണ്.

കേരളമുസ്.ലീങ്ങളുടെ ഇടയിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഭാഷയാണ് അറബിമലയാളം. ദ്രാവിഡഭാഷയായ മലയാളം എഴുതുന്നതിനായുള്ള അറബിലിപി എന്ന സമാന്യനിർവ്വചനത്തിനുപ്പുറം അറബിമലയാളത്തെ മനസ്സിലാക്കേണ്ടതുണ്ട്. മലയാളഭാഷാപദങ്ങളും അറബിപദങ്ങളും മാത്രമായിരുന്നില്ല അറബിമലയാളത്തിന്റെ പദസഞ്ചയത്തിലുണ്ടായിരുന്നത്. പേർഷ്യൻ, സംസ്കൃതം, തമിഴ്, അറബി പദങ്ങളും അറബിമലയാളത്തിന്റെ ഭാഗമായിരുന്നു. അറബിമലയാളം എന്ന ഭാഷ മലയാളമണ്ണിൽ എങ്ങനെ ആവിർഭവിച്ചു, എപ്പോൾ ആവിർഭവിച്ചു എന്നീ ചോദ്യങ്ങൾ നൂറ്റാണ്ടുകളോളം പഴക്കമുള്ള അറബ്-കേരളാ കച്ചവടബന്ധത്തിലേക്കാണ് വിരൽച്ചൂണ്ടുന്നത്. അറബികളും കേരളീയരും തമ്മിലുള്ള കച്ചവടം എന്നുമുതല്ക്ക ആരംഭിച്ചു എന്നതിൽ വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലുള്ളത്. എന്നാൽ അറബിമലയാളം കേരളത്തിൽ ആവിർഭവിച്ചത് ഇസ്ലാമിന്റെ കടന്നുവരവോടെയാണെന്നതിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ല. അതേസമയം, കേരളത്തിലെ ഇസ്.ലാമിന്റെ ആഗമനത്തെ കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലുള്ളത്. പ്രവാചകൻ മുഹമ്മദ് (സ)യുടെ കാലത്തുതന്നെ ഇസ്.ലാം കേരളത്തിൽ പ്രചരിച്ചുവെന്നും അതല്ല മാലിക്ബ്നു ദീനാറും സംഘത്തിന്റെയും ആഗമനത്തോടെയാണ് കേരളത്തിലെ ഇസ്ലാമിന്റെ പ്രചാരമെന്നും രണ്ടു വാദങ്ങളുണ്ട്. എന്നിരിക്കിലും, ഇസ്ലാം മതത്തിന്റെ ആവിർഭാവത്തോടെ തന്നെ അറബിമലയാളത്തിന്റെ വളർച്ചയും കേരളത്തിൽ ആരംഭിച്ചിരിക്കണം. അറബികൾ ആദ്യകാലത്ത് കച്ചവടത്തിനായാണ് എത്തിയിരുന്നതെങ്കിലും അറേബ്യയിൽ ഇസ്ലാമിന്റെ ആവിർഭാവത്തോടെ മതപ്രചാരണാർത്ഥവും അറബികൾ കേരളത്തിലേക്ക് വന്നു. ഈ സാഹചര്യത്തിൽ കച്ചവടാവശ്യങ്ങൾക്കും മതപ്രചാരണത്തിനുമായി അറബികൾ തന്നെ രൂപപ്പെടുത്തിയതാണ് അറബിമലയാളം എന്നും അതല്ല, അറബികളും മലയാളികളും തമ്മിലുള്ള സമ്പർക്കത്താൽ അറബിയിൽ പ്രാവീണ്യം സിദ്ധിച്ച മലയാളികൾ തന്നെ രൂപപ്പെടുത്തിയതാണെന്നുമുള്ള വാദവും നിലനിൽക്കുന്നുണ്ട്. അറബിമലയാളം രൂപപ്പെടുത്തിയെടുത്തതിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് മതപ്രചാരണം തന്നെയായിരിക്കാം. കാരണം, അറബിമലയാളത്തിൽ കണ്ടുകിട്ടിയ ഭൂരിഭാഗം കൃതികളും മതകീയവിഷയങ്ങളിലുള്ളതാണ്. എന്നാൽ അറബിമലയാള കൃതികൾ ഇവയിൽ മാത്രം ഒതുങ്ങിനിന്നില്ല. ചരിത്രം, ജ്യോതിഷം, വൈദ്യം, നോവൽ, സഞ്ചാരസാഹിത്യം എന്നീ മേഖലകളിലും അറബിമലയാള കൃതികളുണ്ടായിട്ടുണ്ട്. പ്രശസ്ത ചരിത്രകാരൻ ശൂരനാട് കുഞ്ഞൻപിള്ള രേഖപ്പെടുത്തുന്നത് എല്ലാ ശാസ്ത്രങ്ങളിലും മികവ് പുലർത്തുന്ന പുസ്തകങ്ങളും നിഘണ്ടുക്കളും അറബിമലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നാണ്. എന്തിന് ആദ്യകാല മലയാളം എഴുതുന്നതിനായി ഉപയോഗിച്ചിരുന്ന വട്ടെഴുത്തും കോലെഴുത്തും മുസ്ലീങ്ങളെ പഠിപ്പിക്കുന്നതിനായി അറബിമലയാളത്തിൽ ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട് എന്നതിനർത്ഥം കേരത്തിലെ മുസ്ലീങ്ങൾക്കിടയിൽ അറബിമലയാളത്തിന് വലിയ പ്രചാരമുണ്ടായിട്ടുണ്ട് എന്നു തന്നെയാണ്.

അറബിമലയാളവും അതിലെ കൃതികളും കേരളമെന്ന സ്ഥലത്തെയും അവിടെ ഈ ഭാഷ ഉപയോഗിക്കുന്ന ജനസമൂഹത്തിന്റെ ജീവിതത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും ഒരുതരത്തിലുള്ള കൃതികളല്ലഅറബിമലയാള സാഹിത്യപാരമ്പര്യത്തിൽ കാണാൻ സാധിക്കുക. പദ്യവും ഗദ്യവും തർജ്ജമകളുമെല്ലാം ഇതിലുൾപ്പെടുന്നു. അറബിമലയാളത്തിലെ കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമുള്ള കൃതി ഖാളി മുഹമ്മദിന്റെ മുഹ്.യദ്ദീൻ മാലയാണ്. തത്ത്വജ്ഞാന മേഖലയിൽ നിന്നടക്കമുള്ള പല വിശ്വവിഖ്യാത കൃതികളും ആദ്യകാലത്ത് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നുവല്ലോ. അതിനു സമാനമായി പല അറബികൃതികളുടെയും തർജ്ജമ മലയാളത്തിലേക്ക് അഥവാ അറബിമലയാളത്തിലേക്ക് നിർവ്വഹിക്കുകയുണ്ടായി. ഇവ പദാനുപദ വിവർത്തനത്തിനപ്പുറം സ്വതന്ത്രമായ എഴുത്തുകളുടെ സ്വഭാവത്തിലുള്ളതായിരുന്നതിനാൽ അറബിമലയാളത്തിലുണ്ടായ ആദ്യകാല ഗദ്യങ്ങളെല്ലാം ഭൂരിഭാഗവും വിവർത്തനങ്ങളായിരുന്നു. അറബിമലയാളത്തിലെ ഗദ്യത്തിന്റെ ആവിർഭാവവും അച്ചടിയുടെ വികാസവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നവെന്നും പറയാം. കാരണം, കേരളാമുസ്.ലീങ്ങൾക്കിടയിലേക്ക് അച്ചടികടന്നു വരുന്നതിനു മുമ്പ് ഒട്ടുമിക്ക കൃതികളും രചിക്കപ്പെട്ടതും പ്രചരിക്കപ്പെട്ടതും പദ്യരൂപത്തിലായിരുന്നു. എന്നാൽ 1868ൽ തീപ്പൂത്തിൽ കുഞ്ഞഹമ്മദ് അച്ചടിവിദ്യ അഭ്യസിച്ച് പ്രസ്സ് സ്ഥാപിച്ചതോടെ കുറഞ്ഞ കാലയളവിനുള്ളിൽ തലശ്ശേരി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം, കോടൂർ, കായംകുളം എന്നിവിടങ്ങളിലായി പതിനഞ്ചോളം പ്രസ്സുകൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ അനവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അറബിമലയാളം അറിയുന്നവർക്കെല്ലാം വായിക്കാം എന്ന സാഹചര്യം ഇതോടെയുണ്ടായി. അങ്ങനെ പുസ്തകങ്ങൾ ഗദ്യരൂപത്തിലും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ശുജായി മൊയ്തുമുസ്ല്യാരുടെ ചരിത്രഗ്രന്ഥം ഫത്ഹുൽ ഫത്താഹ് ഇതിൽ പ്രധാനപ്പെട്ടതാണ്. സലാഹുൽ ഇഖ്വാൻ എന്ന പത്രവും ഹിദായത്തുൽ ഇഖ്വാൻ എന്ന മാസികയും പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാളത്തിൽ ആദ്യനോവലായ കുന്ദലതയും ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയും ഉണ്ടാവുന്നതിനു മുമ്പു തന്നെ ഛാർ ദർവേശ് എന്ന പേർഷ്യൻ നോവൽ വിവർത്തനം ചെയ്ത് അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകൂടാതെ, അലാവുദ്ദീൻ, ഖമർസമാൻ, ശംസുസ്സമാൻ, ഉമറയ്യാർ, അമീർഹംസ, ഗുൽസനോബർ, സുബൈദ, സൈനബ, ഖിളർ നബിയെക്കണ്ട നബീസ തുടങ്ങിയ നോവലുകളും അറബിമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇതുകൂടാതെ, ഭാഷാനിഘണ്ടുക്കൾ, ഖുർആൻ പരിഭാഷകൾ, ഇസ്ലാമിക നിയമഗ്രന്ഥങ്ങളുടെ അറബിമലയാളം പരിഭാഷ, വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ എന്നിവയും അറബിമലയാളത്തിൽ തർജ്ജമ ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തു. ഇതെല്ലാം അറബിമലയാളത്തിന്റെ വിപുലമായ ഗദ്യസാഹിത്യസമ്പത്തിന്റെ ഉദാഹരണങ്ങളാണ്.

അറബിമലയാളത്തിന്റെ സ്വഭാവത്തിനു സമാനമായ ഭാഷകൾ അറബികൾ എത്തിച്ചേർന്നയിടങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്. ഏറ്റവും മികച്ച ഉദാഹരണം അറബിത്തമിഴ് തന്നെ. പ്രാദേശികഭാഷയായ മലയാളത്തിന്റെ ലിപിയേക്കാൾ തങ്ങൾക്ക് പരിചിതമായത് അറബിയുടെ ലിപിയാണ് എന്നതും മലയാളലിപിക്ക് അക്കാലത്ത് ഐക്യരൂപമില്ലാതെ പോയതും ഈ ഭാഷാഭേദം ഉടലെടുത്ത് നിലനിൽക്കാൻ കാരണമായി. കൊളോണിയൽ കാലഘട്ടത്തിൽ വൈദേശിക ഭാഷയോടുള്ള പ്രതിരോധം എന്ന നിലയിൽ അറബിമലയാളം അടയാളപ്പെടുത്തപ്പെട്ടു. സാംസ്ക്കാരികമായ പടിഞ്ഞാറൻ അധിനിവേശത്തെ ചെറുക്കാൻ പ്രാദേശികമതകീയ സംസ്ക്കാരത്തെ സ്വരൂപിച്ച് പ്രസാരണം ചെയ്യാൻ ഈ ഭാഷയ്ക്കായി.  മറ്റു പല ഭാഷകൾ പ്രധാനവ്യവഹാര മാധ്യമമായി വരുമ്പോൾ സംഭവിക്കുന്ന മൃതാവസ്ഥ അറബിമലയാളത്തിനുണ്ടായിട്ടില്ല എന്നത് ഏറെ ശുഭകരമായ വസ്തുതയാണ്. ഒരു കാലഘട്ടത്തിലെ വൈജ്ഞാനികതയുടെ ആശയപ്രചാരണത്തിന്റെയും മറ്റു കച്ചവടവ്യവഹാരങ്ങളുടെയും ആവശ്യമായിരുന്നു അറബിമലയാളമെങ്കിൽ ഇന്നത് കേരളത്തിലെ മുസ്.ലീങ്ങളുടെ വിദ്യാഭ്യാസമാധ്യമമാണെന്നു പറയാം. ഇവ്വിഷയത്തിൽ കേരളത്തിലെ പാരമ്പര്യ മതപഠന സ്ഥാപനങ്ങളായ മദ്രസാ സംവിധാനത്തിനുള്ള പങ്ക് തള്ളിക്കളയാനാവില്ല. 643 സി.ഇയിൽ സ്ഥാപിതമായ ചേരമാൻ പെരുമാൾ പള്ളിയിലെ വിളക്കു തിരിയിൽ നിന്ന് വെളിച്ചം പകർന്നെടുത്ത് പൊന്നാനിയിലെ മഖ്ദൂം പാരമ്പര്യത്തിലൂടെ കത്തിജ്വലിച്ചു നിന്ന ദർസീപാരമ്പര്യത്തിലാണ് മദ്രസാ സംവിധാനത്തിന്റെ വേരുകൾ. ജീവിതത്തിൽ പുലർത്തേണ്ട വിശ്വാസകർമ്മപരവും ആചാരപരവുമായ കാര്യങ്ങൾ ചരിത്രം, സാഹിത്യം, അറബിഭാഷ എല്ലാം പഠിപ്പിച്ചുവാർത്തെടുക്കുന്നത് മലയാളഭാഷയിലൂടെയാണ്.  അറബിമലയാളത്തിന്റെ വളർച്ചയ്ക്കും ഇന്നത്തെ നിലനിൽപ്പിനും പിന്നിൽ കേരളത്തിലെ സുന്നികൾ നിലനിർത്തിപ്പോരുന്ന മദ്രസാ സംവിധാനത്തിന്റെ ഭാഗമായ അറബിമലയാള ഭാഷാ അധ്യയനവും പാഠപുസ്തകങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. അറബിമലയാളത്തിൽ ശിക്ഷണം നേടുന്ന കുട്ടികൾക്ക് അറബിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം സിദ്ധിക്കുന്നുവെന്നു മാത്രമല്ല, അറബിമലയാളത്തിലുണ്ടായ വിവധ കൃതികളെ വീണ്ടെടുത്ത് ഗവേഷമണാത്മകമായി പഠിക്കാനും ഉപയോഗപ്പെടുത്തുന്നത് അറബിമലയാളം എന്ന ഭാഷയെ കൂടുതൽ സജീവമാക്കുന്നതിന് ഉപയുക്തമാണ്.

പതിനായിരക്കണക്കിനു മദ്രസകളുള്ള സമസ്ത കേരളാസുന്നി വിദ്യാഭ്യാസബോർഡിനും മറ്റു കീഴ്ഘടകങ്ങളിലുമായി കേരളത്തിലും മറ്റനവധി സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, മധ്യപൂർവ്വേഷ്യ അടക്കമുള്ള മറ്റു ഭൂമികയിലും മദ്രസാ വിദ്യാഭ്യാസത്തിന്റെ പഠനഭാഷയായി മലയാളം നിലനിർത്തപ്പെടുന്നു. കേരളത്തിനു പുറത്തു ജനിച്ചുവളരുന്ന ഒറു തലമുറയിലേക്ക മാതൃഭാഷ പടർത്തുക എന്ന ദൌത്യം ഇവിടെ നിവർത്തിക്കപ്പെടുന്നു.

സാംസ്ക്കാരികമായ യൂറോപ്യൻ അധിനിവേശത്തെ അതിജീവിക്കാനുള്ള കെൽപ്പ് നമ്മുടെ എല്ലാ പ്രാദേശികഭാഷകൾക്കുമുണ്ട്. എന്നാൽ പടിഞ്ഞാറൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റം ഇനിയൊരു ചെറുത്തുനിൽപ്പിന്റെ സാധ്യതയില്ലാത്തവിധം പിടിമുറുക്കിയിരിക്കുന്നു. എങ്കിലും തങ്ങളുടെ പ്രാദേശിക ഭാഷയായ മലയാളത്തെ മതവിദ്യാഭ്യാസത്തിനുതകും വിധം നിലനിർത്തിപ്പോന്നവർ ഒരുതരി വെട്ടം അണയാതെ നിലനിർത്തുന്നുണ്ട്. ഈ മതകീയ വിദ്യാഭ്യാസത്തിലൂടെ കടന്നുപോവുന്ന ഓരോ വ്യക്തിയെയും മൂല്യബോധമുള്ള ചെറുപ്പാക്കാരായി വളർത്തിയെടുക്കാൻ ആവശ്യമായ അറിവുപകരാൻ ഈ സമ്പ്രദായത്തിനു കഴിയുന്നുമുണ്ട്. അത് രാഷ്ട്രത്തിനു തന്നെയും മുതൽക്കൂട്ടാവും എന്ന് രാഷ്ട്രപിതാവിന്റെ വാക്കുകൾ ചേർത്തുവെച്ചു വായിച്ചാൽ വ്യക്തമാകുന്നതാണ്. 

 


 

 

 

 

 

 

 .


 

 

 

ലിബറൽ രാഷ്ട്രീയത്തിന്റെ സമദർശനങ്ങൾ

ജർമ്മനിയിലെ ജൂതസമുദായത്തിന്റെ സമസ്യകളെ കുറിച്ച് കുട്ടികൾ ബോധവാന്മാരാകുന്നതിനു മുമ്പു തന്നെ ജൂതവിരുദ്ധാശയങ്ങൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ കുത്തിവെക്കാനായിരുന്നു നാസികൾ ശ്രമിച്ചിരുന്നത്. അതിലന്നവർ വിജയിക്കുകയും ചെയ്തു. പറഞ്ഞുവരുന്നത്, നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിലെ സമദർശൻ എന്ന പേരിലുള്ള മൊഡ്യൂളിനെ കുറിച്ചാണ്. ഏഴു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സഹവാസക്യാമ്പിൽ വ്യക്തിവികാസത്തിനുതകുന്ന നിരവധി പരിശീനങ്ങളും പ്രവർത്തനങ്ങളുമുണ്ട്. ബൌദ്ധികവും കായികവുമായ സർഗ്ഗശേഷിയെ വ്യക്തിയുടെയും ദേശത്തിന്റെയും ഉന്നമനത്തിനായി പരിപോഷിപ്പിക്കുക, അതിനുള്ള പദ്ധതിയും പരിശീലനവുമെന്ന നിലയിക്കാണ് പൊതുഫണ്ടുപയോഗിച്ച് ഇത്തരം ക്യാമ്പുകൾ നടത്തുന്നത്. ഈ ക്യാമ്പിലെ അനേകം പ്രവർത്തനങ്ങളിൽ, വിവിധ ക്ലാസ്സുകളിൽ ഒരു പക്ഷേ ഒന്നോ രണ്ടോ മണിക്കൂർ മാത്രം കുട്ടികളേർപ്പെടുന്ന പരിശീലനമോ പ്രവർത്തനമോ ആയിരിക്കും സമദർശൻ എന്ന മൊഡ്യൂളിന്റെ ഭാഗമായി വരുന്നത്. എന്നാൽ, ആ ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ ഒരു വിദ്യാർത്ഥിയുടെ സാമൂഹ്യബോധത്തെയും വ്യക്തിബോധത്തെയും എങ്ങനെ നിർണ്ണയിക്കും എന്നുള്ളതും പ്രധാനമാണ്.  ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്ത ഘട്ടത്തിൽ  കുട്ടികളിലേക്കെത്തുന്ന ആശയപ്രചാരണങ്ങൾ പലപ്പോഴും തെറ്റേത് ശരിയേതെന്ന ആശയക്കുഴപ്പം കുട്ടികളിൽ സൃഷ്ടിക്കും. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം വ്യക്തിവികാസവും അതുവഴി രാഷ്ട്രവികസനവും ആണെന്നിരിക്കേ സ്വത്വപ്രതിസന്ധികളുടെ അതും ലൈംഗിക/ലിംഗപരമായ സ്വത്വപ്രതിസന്ധികളിലേക്ക് അവരെ തള്ളിവിടേണ്ടതുണ്ടോ എന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഈ ചിന്ത ആരംഭിക്കേണ്ടത് രക്ഷിതാക്കൾക്കിടയിൽ നിന്നും മതസാംസ്ക്കാരിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി രൂപംകൊണ്ട് നിലനിൽക്കുന്ന സംഘടനകളിൽ നിന്നുമാണ്.

ഇത്തരം ചിന്തകൾ ശാസ്ത്രസത്യമെന്ന വ്യാജേന കുട്ടികളിലേക്കെത്തിക്കുന്നത് നാസികൾ നടത്തിയ ജൂതവിരുദ്ധാശയ പ്രചാരണങ്ങൾക്കു തുല്ല്യമാണെന്നേ പറയാൻ സാധിക്കൂ. മാധ്യമങ്ങളിലൂടെയും സാഹിത്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ജൂതവിരുദ്ധാശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ നാസികളുടെ മലീമസലക്ഷ്യം ആര്യരാഷ്ട്രം ആയിരുന്നെന്നിരിക്കേ, കേരളത്തിലെ വിദ്യാഭ്യാസമണ്ഡലങ്ങളിൽ ഉദാരലൈംഗിക അജണ്ടകൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും മുൻകയ്യെടുക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്താണെന്നു പരിശോധിക്കേണ്ടതുണ്ട്. ആഗോളരാഷ്ട്രീയത്തിലെ വലത്/ഇടത്- കൺസർവേറ്റീവ്/ലിബറൽ ദ്വന്ദ്വങ്ങളിൽ പലപ്പോഴും ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ചർച്ചകളുയരുന്നത് ലൈംഗികസ്വത്വത്തെ അടിസ്ഥാനമാക്കിയാണ്. അമേരിക്കയുടെ മുൻ പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപ്, ലൈംഗികാസ്തിത്വത്തിന്റെ ലിബറൽ രാഷ്ട്രീയത്തെ കുറിച്ചും അതിനു പിന്നിലെ കമ്പോള അജണ്ടയെക്കുറിച്ചും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റു പല വേദികളിലും സംസാരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെയും മറ്റും ഇത്തരം ലിബറൽ ലൈംഗികാശയങ്ങൾ എങ്ങനെയാണ് കുട്ടികളിലേക്കും അതവരുടെ മാനസികശാരീരികാരോഗ്യത്തെയും കുടുംബവ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെ കുറിച്ചം ട്രംപിന്റേതായ രാഷ്ട്രീയശൈലിയിൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. എന്നാൽ ട്രംപിനുള്ള നെഗറ്റീവ് ഇമേജിന്റെ ഭാഗമായേ അദ്ദേഹത്തിന്റെ ഇത്തരം വീക്ഷണങ്ങൾ മനസ്സിലാക്കപ്പെട്ടിട്ടുള്ളൂ. ലിബറലിസത്തിന്റെ പരിസരത്തിൽ നിന്നുള്ള ലൈംഗികപരിപ്രേക്ഷ്യങ്ങളെ നേരിടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനോ ലോകനേതാവോ അല്ല ട്രംപ്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനടക്കമുള്ള ലോകനേതാക്കൾ ഇത്തരം ലിബറൽ ലൈംഗിക പ്രവണതകളെ സ്വാഭാവികവത്ക്കരിക്കുന്ന മുന്നേറ്റങ്ങൾക്കെതിരെ കൃത്യമായ പ്രതിരോധം തീർത്തിട്ടുണ്ട്. ലോകത്തെ വികസിതരാജ്യങ്ങളും ലിബറൽ സംസ്ക്കാരത്തിന്റെ വേരോട്ടം കൃത്യമായുള്ളിടങ്ങളിൽ നിന്നു പോലും ലൈംഗികരാഷ്ട്രീയത്തിന്റെ തുറന്ന ഇടപെടലുകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ലൈംഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി ചെറിയക്ലാസ്സുകളിൽ തന്നെ ലൈംഗികവിദ്യാഭ്യാസം വേണമെന്നും വേണ്ടെന്നുമുള്ള ചർച്ചകൾ കൃത്യമായി വലതുപക്ഷ രാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും വിഭജിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള രാജ്യങ്ങളിലെ മതസാംസ്ക്കാരിക സംഘടനകൾ ഉദാരലൈംഗിക രാഷ്ട്രീയത്തിന്റെ ആശയപ്രചാരണങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഇടം നൽകുന്നതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ലൈംഗികഅരാജകത്വം സൃഷ്ടിക്കുമെന്നതു മാത്രമല്ല ഇത്തരം എതിർപ്പുകൾക്കു കാരണം. പകരം, ഇത്തരം ആശയങ്ങൾ ലോകരാഷ്ട്രീയക്രമത്തിലെ തന്നെ ലിബറൽ ചേരിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് എന്നതിനാലാണ്. സാമൂഹികസാംസ്ക്കാരിക മൂല്യങ്ങളെ, ധർമ്മങ്ങളെ പൂർണ്ണമായും ഇല്ലായ്മ ചെയ്ത് കമ്പോളനേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിനു ലിബറൽ ചേരി അതിസമർത്ഥമായി അസ്തിത്വത്തിന്റെ വ്യഥകളെ ചേർത്തുപിടിച്ച് ഇത്രമേൽ സങ്കീർണ്ണമാക്കി തീർത്തൊരു വിഷയമാണ് ലൈംഗികസ്വത്വത്തെ സംബന്ധിച്ചുള്ളത്. ലൈംഗികരാഷ്ട്രീയത്തെ ഉദാരവത്കരിച്ച് വിദ്യാഭ്യാസം പോലെ മൂല്യാധിഷ്ഠിത സമ്പ്രദായത്തിന്റെ ഭാഗമാക്കുന്നതോടെ ലിബറൽ രാഷ്ട്രീയത്തിന്റെ വലിയൊരു അജണ്ടയും മൂല്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന മിഥ്യാധാരണ വളർന്നു വരുന്ന തലമുറയെ ഗ്രസിക്കും. അതുവഴി സമൂഹത്തിന്റെ കെട്ടുറപ്പിനായി പാരമ്പര്യമായി കൈമാറിപ്പോന്നിട്ടുള്ള മതസാംസ്ക്കാരിക മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തദ് സ്ഥാനത്ത് ലിബറൽ രാഷ്ട്രീയത്തിന്റെ സാംസ്ക്കാരികാധിനിവേശപരമായ അജണ്ടകളും ആശയങ്ങളും സ്ഥാനം പിടിക്കുകയും ചെയ്യും. അതുവഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന അരാജകത്വവും അനീതിയും ഭീമമായിരിക്കും.

ആഗോളരാഷ്ട്രീയത്തിൽ തന്നെ ലൈംഗിക രാഷ്ട്രീയത്തെ കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചും തലനാരിഴ കീറിയുള്ള ചർച്ചകൾ ഇപ്പോഴും നടക്കുമ്പോഴും പൂർണ്ണമായി തള്ളാതെയും കൊള്ളാതെയും പഠനങ്ങളും ചർച്ചകളും വീണ്ടും വീണ്ടുമാവർത്തിക്കുമ്പോഴും നമ്മുടെ സർക്കാരിനെന്തു കൊണ്ടാണിത്ര ധൃതിയെന്ന് അതിശയിച്ചു പോവുകയാണ്. വർഗ്ഗരാഷ്ട്രീയത്തിന്റെ ആശയസംഹിതയിലൂന്നി നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ടീയപ്പാർട്ടിയുടെ ഭരണകൂടം നിലനിൽക്കുമ്പോൾ ഈ ലിബറൽ ലൈംഗികരാഷ്ട്രീയത്തെ ഇവർ കയ്യും മെയ്യും മറന്ന് പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യമെന്താണ്?. വർഗ്ഗസമത്വപൂർണ്ണതയ്ക്കു വേണ്ടി പാരമ്പര്യ മതസാംസ്ക്കാരികവൈവിധ്യങ്ങളുടെ ധ്വംസനം കമ്യൂണിസ്റ്റ് ആശയത്തിൽ ലയിച്ചു കിടക്കുന്നുണ്ട്. എന്നാൽ, ഇവിടെ പാരമ്പര്യമൂല്യങ്ങളെ ചവിട്ടിയരച്ച് ലൈംഗികരാഷ്ട്രീയത്തിന്റെ ലിബറൽ ആശയപ്രചാരണങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനു പിന്നിലെ ലക്ഷ്യം വർഗ്ഗവിപ്ലവവും സമത്വസുന്ദരമായൊരു ലോകം പോലുമല്ല. പകരം, ഉദാര ലൈംഗികരാഷ്ട്രീയത്തിനു പിന്നിലെ കമ്പോളനേട്ടങ്ങളാണ്. ജൈവികമായി സമൂഹത്തിന്റെ ഭാഗമായ സാംസ്ക്കാരിക ഘടകങ്ങളെ തികഞ്ഞ പ്രത്യയശാസ്ത്ര അജണ്ടയോടെ വിദ്യാഭ്യാസത്തിലൂടെ പറിച്ചു കളയാൻ ശ്രമിക്കുന്നതിനു പിന്നിലെ കമ്യൂണിസ്റ്റ് അജണ്ടയെ മുതലാളിത്തത്തിന്റെ വകഭേദമായല്ലാതെ മറ്റെന്തായാണ് മനസ്സിലാക്കേണ്ടത്? മുതലാളിത്ത പാശ്ചാത്യർ ഒരുക്കുന്ന സംസ്ക്കാരത്തിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്നതിനായി തന്നെയാവണം ഈ തിടുക്കം. വൈവിധ്യമാർന്ന ലോകത്തെ രാഷ്ട്രീയമായി ഏകധ്രുവാധിപത്യത്തിനു കീഴിൽ ശണ്ഡീകരിച്ചു നിലനിർത്തുക എന്ന ഉത്തമമായ പാശ്ചാത്യ സഖ്യസേനയുടെ സ്വപ്നത്തിനു വേണ്ടിയുമാവാം. അതുകൊണ്ടാണ് ഗാസ്സയിലേക്ക് യുദ്ധടാങ്കുകളുമായി ഇസ്രയേൽ ഇരച്ചുകയറുമ്പോൾ അവർ നാട്ടിയ ആറു നിറങ്ങളുള്ള ലൈംഗികരാഷ്ട്രീയത്തിന്റെ കൊടി ഏറ്റു പിടിക്കാൻ കേരളകമ്യൂണിസ്റ്റുകൾക്ക് ഇത്ര ഔത്സുക്യം.

ലൈംഗികസ്വത്വത്തിന്റെ പേരിലുള്ള രാഷ്ട്രീയം സാമൂഹികസാംസ്ക്കാരികതലത്തെ മാത്രമാണ് സ്വാധീനിക്കുന്നതെന്നു കരുതരുത്. ലിംഗമാറ്റ ശസ്ത്രക്രിയയും സൌന്ദര്യവർധക ശസ്ത്രക്രിയകളും ഹോർമോൺ ഇൻഞ്ചക്ഷനുകളും ഉൾപ്പെടുന്ന വലിയൊരു വിപണി ഈ മുന്നേറ്റത്തിനു പുറകിലുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ആശുപത്രി വ്യവസായവും മേയ്ക്കപ്പിലും വസ്ത്രവിപണിയിലും വ്യാപിച്ചു കിടക്കുന്ന വിപണന തന്ത്രങ്ങളുമെല്ലാം ലൈംഗിക/ലിംഗരാഷ്ട്രീയത്തോടു ചേർത്തു വായിക്കേണ്ടതുണ്ട്. ഇത്തരം അജണ്ടകളെ വിദ്യാഭ്യാസത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ഇവിടുത്തെ സർക്കാർ, പ്രബുദ്ധകേരളം നിരന്തരം പഴി പറയുന്ന ഹിന്ദുത്വരാഷ്ട്രീയമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കാൾ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്. ഈ പ്രത്യാഘാതങ്ങളാവട്ടെ രാഷ്ട്രീയമാറ്റമോ ഭരണകൂടമാറ്റം കൊണ്ടോ തിരുത്താൻ പറ്റുന്നതുമായിരിക്കില്ല. തലമുറകളോളം വേരുകളാഴ്ത്തി സ്വന്തം സ്വത്വത്തെ കുറിച്ചും ധർമ്മത്തെ കുറിച്ചും അസന്ദിഗ്ദ്ധരാവുന്ന ഒരു പറ്റം വ്യക്തികളെയായിരിക്കും ഇത്തരത്തിലുള്ള ഒളിയമ്പുകൾ സൃഷ്ടിക്കുന്നത്. അത്തരമൊരു അരാജകസമൂഹത്തെ സൃഷ്ടിക്കുന്നതിലേക്കുള്ള ആശയപ്രചാരണ പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ് ഭരണകൂടം പങ്കുകൊള്ളുന്നതിനെ നിരന്തരം നിരീക്ഷിക്കാനും അതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കാനുമുള്ള ബാധ്യത ഇവിടുത്തെ മതസാംസ്ക്കാരിക സംഘടനകളുടേതാണ്. അവരിക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മതസാംസ്ക്കാരിക സംഘടനകളും മതങ്ങളും സംസ്ക്കാരവും പോലും ഇവിടെ ബാക്കിയുണ്ടാവില്ല. ഇതിനെതിരെയുള്ള മൌനം മാനവരാശിയെ തന്നെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടുന്നതിനു സമമായിരിക്കും.

എൻ.എസ്.എസ് ക്യാമ്പുകളും സഹവാസക്യാമ്പുകളും വിദ്യാർത്ഥികളുടെ വ്യക്തിത്വ-സാമൂഹിക വികസനത്തിനോ അതുവഴി സാമൂഹ്യ-രാഷ്ട്ര വികസനത്തിനും ഉതകുന്നതാവണം. അല്ലാതെ, അശാസ്ത്രീയമായ വൈകാരികതകളെ ശാസ്ത്രമെന്ന വ്യാജേന കുട്ടികളെ പഠിപ്പിച്ച് അവരിൽ അസ്തിത്വപ്രതിസന്ധി സൃഷ്ടിക്കുന്നതാവരുത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. കുട്ടികളെ മാനസിക, ശാരീരിക, വൈകാരിക വികാസത്തെ നന്മയുടെ, നീതിയുടെ  പക്ഷവുമായി ചേർത്തുനിർത്തുന്ന പാഠങ്ങളാവട്ടെ ഇത്തരം ക്യാമ്പുകളുടെ ഭാഗമായുണ്ടാവുന്നത്. 

 









.

 

കോഴിക്കോടിന്റെ സൂഫീപാരമ്പര്യം

വിവിധ സംസ്കൃതികളും ഭാവുകത്വങ്ങളും ആശകളും പേറിവന്ന ഒട്ടൊരുപാട് മനുഷ്യരെയും അവരുടെ പക്കലുണ്ടായിരുന്ന വസ്തുവകകളെയും കയ്യുംനീട്ടി സ്വീകരിച്ച നാടാണ് കോഴിക്കോട്. ആതിഥേയത്വത്തിന്റെ വാതിലുകൾ അടച്ചുവെക്കാൻ കോഴിക്കോട് ഇഷ്ടപ്പെട്ടില്ല. എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്നതിൽ മാത്രമായിരുന്നില്ല ഈ നഗരം ശ്രദ്ധചെലുത്തിയത്. സ്വദേശ-വിദേശ വ്യത്യാസങ്ങളില്ലാതെ വളരാനുള്ള സഹായസഹകരണങ്ങളും കോഴിക്കോടും അതിന്റെ ഭരണാധികാരികളും നൽകിപോന്നു. കേരളത്തിൽ തന്നെ അറബികളുമായി ഏറ്റവും മികച്ച കച്ചവടബന്ധം സൂക്ഷിച്ചിരുന്നത് കോഴിക്കോട്ടെ തുറമുഖമായിരുന്നു എന്നത് അനിഷേധ്യമായ ചരിത്രവസ്തുതയാണ്. ആ അറബികളിലൂടെ ഇസ്.ലാം എന്ന മതം കേരളത്തിലേക്ക് വന്നപ്പോഴും കോഴിക്കോടും ഇവിടുത്തെ നീതിമാനായ ഭരണാധികാരിയും ആ മതത്തിനു വളരാൻ വേണ്ടുന്ന വെള്ളവും വളവും നൽകി. ഇസ്.ലാമിന്റെ ലാവണ്യമേറിയ മുഖമായ സൂഫിസം എന്ന ആത്മീയധാരയും ഇതോടൊപ്പം കോഴിക്കോടിന്റെ മണ്ണിൽ തഴച്ചുവളരുകയും ഇവിടെ നിന്ന് കേരളത്തിന്റെ നാനാതുറകളിലേക്കും ഇവിടം കടന്നു മറ്റു മണ്ണുകളിലേക്കും വളർന്നു. കോഴിക്കോടിന്റെ സൂഫിപാരമ്പര്യം എന്നത് ഏറെ വിശാലമായൊരു പഠനമേഖലയാണ്. ചരിത്രവും സംസ്ക്കാരവും സാഹിത്യവും വ്യക്തികളും സ്മാരകങ്ങളുമെല്ലാം ഇടകലർന്നിരിക്കുന്ന ഏറെ കനപ്പെട്ട പഠനമേഖല. സുദീർഘമായൊരു ഗവേഷണവിഷയമാണെന്നിരിക്കെ തന്നെ കോഴിക്കോടിന്റെ സുപ്രധാനമെന്നു കരുതുന്ന സൂഫീപാരമ്പര്യത്തെയും അതിൽ നിന്നുടലെടുത്ത സൂഫീസാഹിത്യത്തെയും അടയാളപ്പെടുത്താൻ ശ്രമിക്കുകയാണിവിടെ.

കോഴിക്കോടിന്റെ നഗരപ്രാന്തത്തിലുള്ള തെക്കെപ്പുറം പ്രദേശം ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നൊരിടമാണ്. നിരവധി പുരാതന തറവാടു വീടുകളും ആചാരങ്ങളും വ്യത്യസ്ത സംസ്ക്കാരവുമായി വേറിട്ടുനിൽക്കുന്നൊരു സ്ഥലം. നിരവധി സൂഫികളുടെ കർമമണ്ഡലമായിരുന്നു ഈ പ്രദേശം എന്നു പഴമക്കാർ പറയുന്നു. അതിന്റെ തെളിവുകൾ ഇന്നും ഈ പ്രദേശത്തു അവശേഷിക്കുന്നുണ്ട്. പള്ളിവളപ്പുകളിലും നടവഴികളിലുമെല്ലാം പേരറിയാത്ത പല മഹാന്മാരുടെയും ഖബറുകൾ കാണാം. ജാറങ്ങൾ സന്ദർശിക്കാൻ ആരും വന്നില്ലെങ്കിലും വല്ലപ്പോഴുമൊക്കെ ഒരു കുറ്റി ചന്ദനത്തിരി പുകയുന്നതു കാണാം. പേരോ ഊരോ അറിയാത്ത നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ച ദിവ്യന്മാരുടെ ഖബറുകൾ പൊളിക്കാതെ ഇന്നും ബഹുമാനത്തോടെ സൂക്ഷിച്ചു പോരുന്നുണ്ട് ഇവിടെ. കുറ്റിച്ചിറ കുളത്തിനടുത്ത്, മുച്ചുന്തി പള്ളിയുടെ അടുത്ത്, ഇടിയങ്ങരയിലെ ലീഗ് ഓഫീസിലേക്കു കയറുന്ന വഴിയിൽ അങ്ങനെയങ്ങനെ നിരവധി പേരറിയാത്ത സൂഫികൾ ഈ മണ്ണിലുറങ്ങുന്നു. ഇവർക്കൊപ്പം തന്നെ, ഏറെ പ്രസിദ്ധമായ അപ്പവാണിഭ നേർച്ച നടക്കുന്ന ശൈഖ് പള്ളിയും കോഴിക്കോടിനു തൊട്ടടുത്തുള്ള തെക്കേപ്പുറത്തു തന്നെയാണ്. തെക്കേപ്പുറത്തെ ചില തറവാടുവീടുകൾക്കുമുണ്ട് സൂഫികളുടെ കഥ പറയാൻ. തെക്കേപ്പുറത്തെ സൂപ്പിക്കാവീട് എന്ന തറവാടിന് ആ പേരു വന്നതിനു പിന്നിലാണ് സൂഫി സന്ദർശനങ്ങളുടെ ചരിത്രമുള്ളത്. പണ്ടുകാലത്ത് നിരവധി സൂഫികൾ ഈ പ്രദേശത്തു വരുമ്പോൾ അവർക്കു വേണ്ട ഭക്ഷണതാമസസൌകര്യം ഒരുക്കിയതു കൊണ്ടാണത്രേ ഈ തറവാടിനു ഈ പേരുവന്നത്. സൂഫികൾക്കായി ഇപ്പോഴും സ്ഥലം ആ തറവാട്ടിൽ ഒഴിച്ചിടാറുണ്ടെന്നും ഒരു തെക്കേപ്പുറത്തുകാരൻ സുഹൃത്ത് പറഞ്ഞതോർക്കുന്നു. ഇതു കാലങ്ങൾക്കു മുമ്പു കഴിഞ്ഞതെങ്കിലും സൂപ്പിക്കാവീട് ഇപ്പോഴുമുണ്ട്. മറ്റൊരു സമീപകാല സൂഫിചരിത്രമുള്ളൊരു വീടുണ്ട് കുണ്ടുങ്ങലിലേക്ക് പോകുന്ന വഴിക്കുള്ള പടന്നപള്ളിക്കടുത്ത്. മഹാനായ സി.എം വലിയുല്ലാഹി വന്നു താമസിച്ചിരുന്ന വീട്. ആ വീടിന്റെ മുകൾനിലയിലായിരുന്നു മഹാന്റെ താമസം. അദ്ദേഹത്തെ കാണാൻ ആളുകൾ വരിനിൽക്കുകയും ആ വരി ഇടിയങ്ങരയോളം നീണ്ടുപോകുമായിരുന്നു എന്നും പറയപ്പെടുന്നു. ഈയടുത്ത കാലം വരെയും ആ വീട്ടിൽ സ്ഥിരമായി മൌലിദ് സദസ്സുകളും മറ്റും സംഘടിപ്പിച്ചു പോന്നിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് പെരുമാറ്റത്തിന്റെ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും പറയപ്പെടുന്നുണ്ട്. തെക്കേപ്പുറത്തു നിന്ന് മാറി കടൽത്തീരത്തൂടെ വടക്കോട്ടു പോയാലാണ് വരക്കൽ ബീച്ച്. നിരവധി പേർ നിത്യേന പുണ്യദർശനത്തിനായി എത്തുന്ന വരക്കൽ മഖാം കടലിനോടടുത്ത് സ്ഥിതിചെയ്യുന്നു. സമസ്ത കേരളാ ജംഇയത്തുൽ ഉലമയുടെ സ്ഥാപകനും സൂഫിയും മഹാപണ്ഡിതനുമായ വരക്കൽ മുല്ലക്കോയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ പെടുന്ന സൂഫിയും പണ്ഡിതനുമായ മഹാനായ ശംസുൽ ഉലമാ ഇ. കെ അബൂബക്കർ മുസ്ലിയാരാണ് പിന്നീട് സമസ്തയുടെ പുനരുദ്ധാരകനായിത്തീർന്നത്. മാനവമൈത്രിയെ കുറിച്ച് ശംസുൽ ഉലമ സംസാരിക്കുന്നത് കോഴിക്കോടിന്റെ ഹൃദയഭാഗത്തുളള മാനാഞ്ചിറയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. അദ്ദേഹം പറയുന്നു: ഈ സ്ഥലത്ത് ശുദ്ധജലമുണ്ടെന്ന് സയ്യിദ് ജിഫ്.രി തങ്ങളവർകൾ പറഞ്ഞു. അതിനു വരുന്ന ചെലവുകൾ ഞാൻ വഹിക്കാമെന്ന് ടിപ്പുസുൽത്താനും ഏറ്റു. അതിനുവേണ്ട സ്ഥലം സാമൂതിരി മാനവിക്രമൻ തമ്പുരാൻ നൽകി. അതിനു നാമകരണം മാനാഞ്ചിറ എന്നു പേരും കൊടുത്തു.ഇതാണ് സൌഹാർദ്ദം എന്നാണ് മഹാപണ്ഡിതൻ ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹത്തിന്റെ ഖബറും വരക്കൽ മഖാമിൽത്തന്നെയാണുള്ളത്. കോഴിക്കോടിന്റെ ആത്മീയചൈതന്യത്തിനു മാറ്റുകൂട്ടുന്ന രണ്ട് പണ്ഡിതജ്യോതിസ്സുകളാണിവരെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ നിരവധി പ്രശസ്തരും അപ്രശസ്തരുമായ സൂഫികളുടെ മഖ്ബറകൾ കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലായുണ്ട്. കോഴിക്കോടിന്റെ സൂഫീപാരമ്പര്യത്തിനു ഇതിലും മികച്ച തെളിവന്വേഷിക്കേണ്ടതില്ല എന്നു തന്നെ പറയാം.

സൂഫിസം എന്ന ആത്മീയധാര സാംസ്ക്കാരികതയുടെ അവിഭാജ്യഘടകമായതിനു പിന്നിൽ അതു നൽകിയ സാഹിത്യസംഭാവനകൾ ഏറെ പ്രധാനമാണ്. അറബിയിലും അറബിമലയാളത്തിലുമായി നിരവധി ആത്മീയ, സൂഫീകൃതികൾ കോഴിക്കോടിന്റെ മണ്ണിൽ നിന്നുണ്ടായിട്ടുണ്ട്. സൂഫികളാൽ എഴുതപ്പെട്ടതോ അല്ലെങ്കിൽ സൂഫീവിജ്ഞാനം പരിചയപ്പെടുത്തുന്നതോ ആയ കൃതികളെല്ലാം തന്നെ സൂഫീകൃതികളായി കണക്കാക്കാവുന്നതാണ്. സൂഫീസാഹിത്യം അല്ലെങ്കിൽ അറബിമലയാളത്തിലെ സാഹിത്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ, ഏറ്റവും ആദ്യം ഓർമ്മവരുന്നത്, അല്ലെങ്കിൽ നമ്മുടെ സാഹിത്യചരിത്രത്തിൽ തന്നെ കണ്ടെടുത്ത ഏറ്റവും പഴക്കം ചെന്ന കൃതിയാണ് മുഹ്.യദ്ദീൻ മാല. മഹാനായ സൂഫി ശൈഖ് മുഹ്.യദ്ദീൻ അബ്ദുൽ ഖാദർ ജീലാനിയുടെ അപദാനമായ മുഹ്.യദ്ദീൻ മാലയുടെ രചയിതാവ് കോഴിക്കോട്ടെ ഖാസി മുഹമ്മദാണ്. മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ പോലും അനേകമായ ചരിത്രാന്വേഷണങ്ങൾക്കും സാംസ്ക്കാരികപഠനങ്ങൾക്കും അടിസ്ഥാനമായ ഈ കൃതി ഒരു സൂഫീകൃതിയാണിത്. മുഹ്.യദ്ദീൻമാലാ പാരായണം ഇന്നു വിരളമായി തീർന്നെങ്കിലും അനേകം തലമുറകളായി കേരളമുസ്ലീങ്ങളുടെ ആത്മീയനിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഈ കൃതി. അതും കോഴിക്കോടിന്റെ ആത്മീയ-സാഹിത്യഭൂമികയിൽ നിന്ന് ഉടലെടുത്തതുമാണെന്നത് ഈ നാടിന്റെ മാറ്റുവർധിപ്പിക്കുന്നു. അറബിമലയാളത്തിൽ മുഹ്.യദ്ദീൻ മാലക്കു മുമ്പും ശേഷവും കൃതികളുണ്ടായിരുന്നു. എന്നാൽ നിലവിൽ കണ്ടുകിട്ടിയതിൽ കാലഗണനാപ്രകാരം മുഹ്.യദ്ദീൻ മാലയാണ് ഏറ്റവും പഴക്കം ചെന്നത്. കോഴിക്കോടെ ഖാസിപരമ്പരയിൽ നിന്നുള്ള സാഹിത്യസംഭാവനകൾ മുഹ്.യദ്ദീൻ മാലയോടെ അവസാനിച്ചെന്നു കരുതരുത്. കോഴിക്കോട്ടെ ഖാസി പരമ്പരയ്ക്കു മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്നുദിനാറും സംഘവുമായി ഇഴയടുപ്പമുള്ളതും കോഴിക്കോടിന്റെ പൌരാണികമായ ആത്മീയചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്നുദീനാറും സംഘവും കൊടുങ്ങല്ലൂരിൽ ആദ്യത്തെ പള്ളി സ്ഥാപിച്ചു പ്രബോധനം നടത്തി. പിന്നീട് അവരെത്തിയത് കേരളത്തിലെ തന്നെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോടുള്ള ചാലിയത്തേക്കാണ്. മാലിക്ബ്നുദിനാറിന്റെ സഹോദരപുത്രൻ മാലിക്ബ്നു ഹബീബ് ചാലിയത്ത് ഒരു പള്ളി നിർമ്മിക്കുകയും പൌത്രൻ മുഹമ്മദ്ബ്നു മാലികിൽ മദനിയ്യെ ഖാസിയായി നിയമിക്കുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നാണ് കോഴിക്കോട്ടെ ഖാസി പരമ്പരയുടെ ആരംഭം. ചാലിയത്തെ പുഴക്കര പള്ളി പിന്നീട് പോർച്ചുഗീസ് ആക്രമണത്തിൽ നശിപ്പിക്കപ്പെടുകയും ഖാസി പരമ്പരയെ കുറിച്ചുള്ള നിരവധി രേഖകൾ നഷ്ടമാകുകയും ചെയ്തു. പള്ളിയുടെ ഉരുപ്പടികൾ ഉപയോഗിച്ചാണ് ചാലിയം കോട്ട പണിതത് എന്നും പറയപ്പെടുന്നു. പിന്നീട് സാമൂതിരി രാജാവിന്റെ സൈനികരുടെ കൂടെ സൂഫികളായ ഖാസി മുഹമ്മദ്, ശൈഖ് മാമുക്കോയ എന്നിവരും ചേർന്ന് പോർച്ചുഗീസ് കോട്ട ആക്രമിക്കുകയും കോട്ടയുടെ ഉരുപ്പടികൾ ഉപയോഗിച്ച് ചാലിയത്തെ പുഴക്കര പള്ളിയും മിഷ്ക്കാൽ പള്ളിയും പുനരുദ്ധാരണവും നടത്തി. എന്നാലും ഖാസി പരമ്പരയെ കുറിച്ചും അവരിൽ നിന്നുമുണ്ടായിട്ടുള്ള പല സുപ്രധാന രേഖകളും പള്ളിയാക്രമണത്തിൽ നഷ്ടമായി. ഒരുപക്ഷേ, പള്ളിയിലെ രേഖകൾ പലതും നശിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കോഴിക്കോടിന്റെയും കേരളത്തിന്റെ തന്നെയും സൂഫിസാഹിത്യ സഞ്ചയത്തിലേക്ക് ഒട്ടനവധി മഹത്കൃതികൾ ലഭിക്കുമായിരുന്നു. പിന്നീട് ഖാസിമാരുടെ പ്രധാനകേന്ദ്രം കുറ്റിച്ചിറ പള്ളിയായി മാറി. ഖാസി മുഹമ്മദ് അടക്കമുള്ള മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്നതും കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിക്കു സമീപമാണ്.

കോഴിക്കോട്ടെ ഈ ഖാസി പരമ്പരയിൽ നിന്നുമായി അനേകം സാഹിത്യസംഭാവനകളുണ്ടായിട്ടുണ്ട്. ഖാസി മുഹമ്മദു മാത്രം ഇരുപത്തിമൂന്നോളം ഗ്രന്ഥങ്ങൾ രചിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫത്ഹുൽ മുബീൻ, മഖാസ്വിദുനികാഹ്, ഇലാകം അയ്യുഹൽ ഇഖ്വാൻ, മുദ്ഹില്ലുൽ ജിനാൽ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. ഇദ്ദേഹത്തിന്റെ ഇലാകം അയ്യുഹൽ ഇഖ്.വാൻ എന്ന കവിത ഖാസി അബൂബക്കർ കുഞ്ഞി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും തടിഉറുദി മാല എന്നതിനു പേരു നൽകുകയും ചെയ്തു. അബൂബക്കർ കുഞ്ഞുഖാസി പതിനേഴോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നസ്വീഹത്തുൽ ഇഖ്വാൻ, മദാരിജുൽ തൻവീറുൽ ഫുആദ്, ശറഹ് വിത്.രിയ്യഃ എന്നിവയാണ് പ്രധാന കൃതികൾ. ഇതു കൂടാതെ, അഖീദഃ മാല, ശാദുലിമാല എന്നിവയും ഖാസി അബൂബക്കർ കുഞ്ഞിയുടേതാണ്. അറബിയിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം ഒരു നിമിഷകവിയായിരുന്നത്രേ.  ഖാസി റമ്മസ്സാനു ശാലിയാത്തിയുടെ ഉംദത്തുൽ അസ്ഹാബ്, ഖാസി മുഹമ്മദ് രണ്ടാമന്റെ ഫത്ഹുല്ലാഹിൽ ഖുദൂസ് എന്നിവയും ഖാസി പരമ്പരയിൽ നിന്നുണ്ടായ പ്രധാനകൃതികളാണ്. ഖാസി അബൂബക്കർ ശാലിയാത്തി ബനാത്ത് സുആദ്, ബുർദ എന്നിവക്ക് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ആദരണീയനായ അറബിപണ്ഡിതനായിരുന്നു. കൂടാതെ, ഖുർആന്റെ മലയാള പരിഭാഷയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കോഴിക്കോടിന്റെ സാമൂഹിക-സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ വിശ്വാസികളുടെ ആത്മീയവിശ്വാസത്തിനു ദിശാബോധം നൽകുന്ന സാഹിത്യങ്ങൾ സംഭാവന ചെയ്യുന്നതിലും കോഴിക്കോട്ടെ ഖാസിമാർ പരിശ്രമിച്ചു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

അറബിമലയാള ഭാഷയിലേക്കും അതുവഴി മലയാള സാഹിത്യത്തിനും വലിയ സംഭാവനകൾ കോഴിക്കോടു നിന്നുണ്ടായിട്ടുണ്ട്. നിലവിലെ അക്കാദമിക ഗവേഷണങ്ങൾ പ്രകാരം അറബിമലയാളത്തിൽ കാലഗണന പ്രകാരം കണ്ടുകിട്ടിയതിൽ വെച്ച് പഴക്കമുള്ള രണ്ടാമത്തെ കൃതി കുഞ്ഞായിൻ മുസ്ല്യാരുടെ നൂൽമദ്ഹായാണ് ഒ. ആബുസാഹിബിനെ പോലുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മുഹ്.യദ്ദീൻ മാലക്കും കുഞ്ഞായിൻ മുസ്ല്യാരുടെ കൃതിക്കും തമ്മിൽ ഏകദേശം 146 വർഷത്തെ ഇടവേളയുണ്ട്. അത്രയും കാലം അറബിമലയാളത്തിൽ സാഹിത്യങ്ങളൊന്നും ഉണ്ടായില്ലെന്ന് വിശ്വസിക്കാനാവില്ല. പകരം, അവ നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു. ഖാസി മുഹമ്മദിന്റെ കോഴിക്കോടൻ ബന്ധം നേരത്തെ സൂചിപ്പിച്ചു. തലശ്ശേരി സ്വദേശിയും പൊന്നാനിയിൽ ശിക്ഷണം സ്വീകരിച്ച കുഞ്ഞായിൻ മുസ്ല്യാരെന്ന പണ്ഡിതന്റെ കർമ്മമണ്ഡലം  കോഴിക്കോടായിരുന്നു. സാമൂതിരിയുടെ കൊട്ടാരം വിദൂഷകനായിരുന്നു കുഞ്ഞായിൻ മുസ്ല്യാർ. ഇങ്ങനെ അനവധി സൂഫീ പണ്ഡിതരും സൂഫീകൃതികളും സംഭാവന ചെയ്ത ഭൂമികയാണ് കോഴിക്കോടിന്റേത്. അതിനു സഹായകമായത് ഇവിടുത്തെ സമൂഹവും സംസ്ക്കാരവും ഭരണാധികാരികളുമാണെന്നതിൽ സംശയമില്ല. ആത്മീയതയും സാഹിത്യവും വാണിജ്യവും നാഗരികതയുമെല്ലാം സമ്മേളിക്കുന്ന ഒരു അതിശയഭൂമികയായതിനാൽ തന്നെയാവണം യുനെസ്കോയുടെ സാഹിത്യനഗരി എന്ന പദവി കോഴിക്കോടിനെ തേടിയെത്തിയത്. കാരണം, ഏതെങ്കിലും ഒരു തരം സാഹിത്യമല്ല നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവുക. ചരിത്രാതീതകാലം മുതൽ വന്നരും പോയവരും നിലനിന്നവരുടെയെല്ലാം ചരിത്രസാംസ്ക്കാരിക അവശേഷിപ്പുകളെ ഉൾച്ചേർന്നിരിക്കുന്നതാണ് ഇവിടുത്തെ സാഹിത്യം. ഇവിടുത്തെ സാഹിത്യങ്ങളൊന്നും സാഹിത്യത്തിനു വേണ്ടി മാത്രം ഉണ്ടായതല്ലെന്നും അതിനു ശക്തമായ ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലങ്ങളുണ്ടായിരുന്നുവെന്നും ബോധ്യപ്പെടുത്തുന്നതാണ് കോഴിക്കോടിന്റെ സൂഫീപാരമ്പര്യവും അതിന്റ ഭാഗമായുണ്ടായ സാഹിത്യങ്ങളും.

 

ഡോ. മുനവ്വർ ഹാനിഹ്


 

 

 

 

 

 

 

 

 

 

.

Malayala sufi kavitha

 Malayala sufi kavitha (മലയാള സൂഫീകവിത) is a Malayalam literature study written by Dr. Munawar Hanih T T and published by Book Plus on 2023. This book introduces Malayalam Sufi poetry and its concept, history and culture. According to the writer, the Malayalam Sufi poems have been orally transmitted from generation to generation. Numerous poets who authored Sufi poetry were overlooked by mainstream literary institutions. Through this book, the writer introduces the reader to Malayalam Sufi poetry. The writer states by presenting a plethora of poems and poets that the Malayalam Literature tradition should identify this poem genre as a separate genre of poetry in the Malayalam Language to enrich the Malayalam Literary tradition.
    To gain a comprehensive understanding of the Malayalam literary tradition and Sufism, this book provides a quick overview of their respective histories. Each poetry in the book is thoroughly examined, along with its underlying ideas and meanings, so it does a lot more than reveal us to it. The reader would be able to comprehend the wide range of Sufi philosophy that each Sufi poet has incorporated into their lyrics after reading this book. The most controversial or disputed Sufi ideas, such as Wahdat Ul Wujud and Wahdat ul Shuhud, are presented in this poem. It is essential to comprehend numerous Sufi ideas related to metaphysics, epistemology, aesthetics, and ethics in order to comprehend this Malayalam Sufi poem.
    Notable literary critic and scholar M N Karassery opines in his Foreword for this book that "Even the Sufiworks among Mappilappattu genre did not get the recognition as it is deserved. This is where this book becomes important".

To Buy / Visit Publisher - Click here


 

 

സംവരണം ചെയ്യപ്പെടുന്ന ഭാഷാപ്രയോഗങ്ങൾ

    ആശയങ്ങളുടെ സംവേദനം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സാധ്യമാകുന്നത് ഭാഷയിലൂടെയാണ്. ആ  ഭാഷ ആംഗലേയമോ മലയാളമോ തമിഴോ ആകട്ടെ, എല്ലാ ഭാഷകളിലും അന്തർലീനമായി കാണുന്ന ചില സവിശേഷതകളുണ്ട്. മറ്റുപല ഘടകങ്ങളുടെയും കൃത്യമായ ഉപയോഗത്തിലൂടെ ഭാഷയെ തനിക്കുതകും വിധം വിപുലീകരിക്കാൻ സാധ്യമാണ്. അതുവഴി ഭാഷ സാധ്യമായൊരു അധികാര ഘടന സൃഷ്ടിക്കുന്നുണ്ട്. ഒരാൾ റോഡിലിറങ്ങി ഓട്ടോക്കാരനെ അഭിസംബോധന ചെയ്യുന്നത് ഏയ്.. ഓട്ടോ എന്നാണ് മറിച്ച് അയാൾ തന്റെ സ്ഥാപനത്തിലെ മേലധികാരിയെ വിശേഷിപ്പിക്കുന്നതാവട്ടെ, അങ്ങ്, താങ്കൾ, സാർ തുടങ്ങിയ പ്രത്യയങ്ങൾ ചേർത്തുകൊണ്ടാണ്. ഈ ക്രമത്തിൽ താൻ ഉപയോഗിച്ച കേവല ശബ്ദത്തിലൂടെ   സ്വീകർത്താവും താനുമായുള്ള
ശ്രേണീകൃതഘടന അയാൾ നിശ്ചയിച്ചുകഴിഞ്ഞു.

    ഇത്തരത്തിൽ ലോകക്രമത്തിൽ ഭാഷക്ക് കൃത്യമായ വാർപ്പുമാതൃകകൾ ഉണ്ട്. പ്രത്യേകിച്ച് മാധ്യമ ഭാഷയ്ക്ക്. അവയിലേറെയും കൊളോണിയൽ ആധിപത്യാനന്തരം നിലവിൽ വന്ന ലോകക്രമത്താൽ ചിട്ടപ്പെടുത്തിയതും ആണ്. ഈ ചിട്ടപ്പെടുത്തൽ ആധുനികതയിൽ പുതിയ ആയുധമായി മാറുന്നുണ്ട്. ലോകത്തെ ഒന്നാം തരക്കാരന്റെ ഭാഷയായ ആംഗലേയം ലോക രാഷ്ട്രീയത്തിന്റെ ഭാഷ കൂടിയാണിന്ന്.  ആ രാഷ്ട്രീയക്രമത്തിൻറെ അധികാരഘടന ഭാഷയിലൂടെയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭീകരർ, തീവ്രവാദികൾ എന്ന് വിശേഷിക്കപ്പെടേണ്ടവരായി ഒരു വിഭാഗത്തെ ലോകത്ത് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിനൊന്നോടെയാണ് ലോകത്തിൽ ഇത് സ്ഥാപിതമായിരിക്കുന്നത്.  മധ്യേഷ്യയിലും പശ്ചിമേഷ്യയിലും പതിറ്റാണ്ടുകൾ നീണ്ട, ലക്ഷക്കണക്കിന് മനുഷ്യരെ കുരുതി കൊടുക്കാൻ ഇടയായ യുദ്ധ പരമ്പരകൾക്ക് പിന്നീട് വേണ്ടി വന്നത് ഭീകരർ, തീവ്രവാദികൾ എന്ന ആരോപണശരങ്ങൾ മാത്രമാണ്. സി. ഐ. എ തന്നെ പരിശീലനം നൽകിയവരായിരുന്നു സെപ്റ്റംബർ 11ലെ അക്രമങ്ങൾക്ക് പിന്നിൽ എന്ന പിന്നീട് പുറത്തുവന്ന സത്യം ഭാഷയിലെ ഈ അധികാരഘടനയ്ക്ക് ഒട്ടും മങ്ങലേൽപ്പിച്ചില്ല.

    അങ്ങനെ ലോകത്തെ ഒരു വിഭാഗം വിശ്വാസികൾക്ക് മേൽ ലോക അധികാരഘടന യഥേഷ്ടം ഈ വാക്കുകൾ ചാപ്പകുത്തി പോന്നു. എന്നാൽ ഈ വാക്കുകൾ ഒന്നാം ലോകരാജ്യത്തിലെ ഏതെങ്കിലുമൊരു വെളുത്തവർഗ്ഗക്കാരന്റെ മേൽ പിന്നീടാരോപിതമായില്ല. മൂന്നാം ലോക രാജ്യത്തിലെ, ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങൾ എന്നും ഇത് ഏറ്റുപിടിച്ചിട്ടേയുള്ളൂ. ഏറെ കൊളോണിയൽ വിരുദ്ധതയും പാശ്ചാത്യ വിരുദ്ധതയും കവലപ്രസംഗങ്ങളിൽ കേട്ടു വളർന്ന കേരളത്തിലെ മാധ്യമങ്ങൾക്കു പോലും ഈ അധികാരഘടനയെ മറികടക്കാനായില്ല. കേരളത്തിലെ കളമശ്ശേരിയിലുണ്ടായ ദൌർഭാഗ്യകരമായ സംഭവത്തിൽ യഥാർത്ഥ കുറ്റവാളിയുടെ നാമം പുറത്തുവരുന്നതുവരെ തീവ്രവാദ പ്രവർത്തനം, ഭീകരവാദ പ്രവർത്തനം എന്ന വിശേഷണം സ്കൂോളുകളിലും മാധ്യമ അവതാരകരുടെ നാവിലും നിറഞ്ഞുനിന്നു. എന്നാൽ ഈ വിശേഷണങ്ങൾ ഉച്ചയോടെ വഴിമാറി. അക്രമിയെന്നോ സാമൂഹികവിരുദ്ധൻ എന്നൊക്കെയോ ആയിമാറി.

    ഭീകരൻ എന്നതിന് ഭയം ഉണ്ടാക്കുന്നവൻ എന്ന അർത്ഥവും തീവ്രവാദി എന്നതിന് കഠിനമായി വാദിക്കുന്നവൻ എന്ന അർത്ഥമേ ഉള്ളൂ എന്ന് അറിയാത്തതിനാലല്ല, മറിച്ച് ലോകക്രമത്തിൽ
ഈ വാക്കുകൾ ഉപയോഗിക്കപ്പെടേണ്ട സന്ദർഭമല്ല ഇപ്പോൾ ഇവിടെ ഉണ്ടായത് എന്ന തിരിച്ചറിഞ്ഞു തന്നെയാണ് മാധ്യമങ്ങളുടെ ഈ മാറ്റം. അങ്ങനെ കൊച്ചുകേരളത്തിലെ മാധ്യമങ്ങളും ലോക വേട്ടക്കാരുടെ ഭാഷ എന്ന ആയുധത്തെ കൃത്യമായി ഉപയോഗപ്പെടുത്തുന്നു. അധികാര ശ്രേണിയിൽ സൂചിതങ്ങളായ പല വാക്കുകളെയും മാറ്റിമറിച്ചത് പോലെ, പുരുഷ കേന്ദ്രീകൃത ഭാഷയെ ശ്രദ്ധാപൂർവ്വം മാറ്റിയത് പോലെ, എന്നാണ് ഭാഷയിലെ പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഘടനയെ പുനർനിർമ്മിക്കാൻ ആവുക. അല്ലെങ്കിൽ അതിനുള്ള ഒരു ശ്രമവും അവരിൽ നിന്ന് ഉണ്ടാകാത്തതെന്തേ? ലോകഅധികാര ഘടനയ്ക്കു കീഴിൽ അടിമപ്പെട്ടു അവർ മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങൾക്ക് മാത്രമേ തങ്ങൾ വഴങ്ങൂ എന്ന ദുശ്ശാഠ്യം ഇതിലുണ്ട്. കളമശ്ശേരിയിൽ നടന്നത് തീവ്രതയുള്ള പ്രവർത്തനമാണ്,  ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച പ്രവർത്തനവുമാണ്. ഈയൊരു തിരിച്ചറിവ് ഉള്ള ആർക്കും ഈ വിശേഷണങ്ങൾ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന ഏതൊരു വ്യക്തിക്കും സംഘടനക്കും മേലും  ഒരുപോലെ പ്രയോഗിക്കാൻ കഴിയേണ്ടതുണ്ട്. അല്ലെങ്കിൽ, മുൻധാരണകളെയും സങ്കൽപ്പങ്ങളെയും ആശ്രയിച്ചു ഉയർന്നുവരുന്ന ഇത്തരം പദപ്രയോഗങ്ങൾ ഒരു സമൂഹവിഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെടും. അതാവട്ടെ, സ്പഷ്ടമായ വർഗ്ഗവിവേചനത്തിന്റെ പ്രതിഫലനമാവുകയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വിവേചനത്തിനെതിരെയുള്ള മൌലികാവകാശത്തെ വെല്ലുവിളിക്കുന്ന സാഹചര്യവും സംജാതമാക്കും.

 

ഡോ. മുനവ്വർ ഹാനിഹ്