Modern discourses on Sufism

   


 Modern discourses on Sufism (സൂഫിസം ആധുനിക വ്യവഹാരങ്ങളിൽ) provide a thorough and introductory understanding of Sufism and its related fields, such as metaphysics, epistemology, cosmology, aesthetics, ethics, psychology, etc. This reference book was written by Dr. Munawar Hanih T T and published by Book Plus in 2023. The scholarly community frequently ignores or misunderstands the mystical tradition of Sufism. This book is a modest attempt on the part of the author to provide a succinct overview and guidance to scholars and students who wish to learn more about Sufism from reliable sources in an academic setting.
    A large portion of this material was compiled by the author using classical Islamic texts connected to Sufism or Tasawwuf. This book makes the claim that Sufism emerged within Islam and is not outside nor distinct from the Islamic faith. In the foreword to this excellent book, renowned Keralite Sufi writer and scholar C. Hamza writes, "This book has included new topics such as Sufi aesthetics which are not widely discussed along the Sufi disciplines." For those who are interested in learning more about the history and philosophy of Sufism, this reference book will undoubtedly be helpful.

To Buy / Visit Publisher - Click here  


 

ഫലസ്തീൻ: വിഷലിപ്തരാഷ്ട്രീയമാണ് പ്രശ്നം

പശ്ചിമേഷ്യൻ പ്രശ്നം ചർച്ചയാവുന്നത് ലോകരാഷ്ട്രീയ ബലാബലത്തിനപ്പുറം മതകീയ പരിസരത്തിലാണ്. സെമറ്റിക് മതങ്ങളുടെ പല വിശ്വാസങ്ങളും പങ്കിടുന്ന ഭൂമികയാണ് പലസ്തീൻ. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം ഇവയുടെ പല വിശ്വാസങ്ങളും പലസ്തീനും മസ്ജിദുൽ അഖ്സയും പങ്കിടുന്നു. പരിഹാരമില്ലാത്ത ഒരു ലോക പ്രശ്നമായി ലോക രാഷ്ട്രീയ ക്രമത്തെ നിശ്ചയിക്കുന്ന പ്രശ്നമായി എങ്ങനെ എല്ലാ കാലത്തും ഇത് നിലനിൽക്കുന്നു?. കേവല രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രമല്ല ഇവിടെ പ്രശ്നം, അതിർത്തി പ്രശ്നമല്ല, ആയുധ ക്രയവിക്രയം പോലുമല്ല.

 ദൈവശാസ്ത്രത്തിനകത്ത് പല മതങ്ങളിലും ചർച്ചക്കെടുക്കുന്ന ചരിത്രാവസാനകാലപഠനം(Eschatology) എന്നതിൻറെ പരിധിയിൽ തുലോം ന്യൂനപക്ഷത്തിന് മാത്രം വ്യക്തമായ ധാരണയുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധിച്ചാൽ ഇതിൻറെ അടിയൊഴുക്ക് അറിയാനാകും. ചരിത്രാവസാനകാല പഠനശാഖ ലോകത്ത് വരാനിരിക്കുന്ന പല കാര്യങ്ങളെയും മുൻകൂട്ടി നിർണയിക്കാൻ ഉതകുന്ന ഒന്നാണ്, പല അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധരും ഇതിൽ നിപുണരും രാഷ്ട്രങ്ങളുടെ നയനിലപാടുകൾ കെട്ടിപ്പടുക്കാൻ ഈമേഖലയിൽ ഉത്തരം തേടുന്നവരുമാണ്. ചരിത്രം തുടങ്ങുന്ന കാലം മുതൽ അവസാനിക്കുന്നത് വരെയുള്ള പല കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ വേദഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. അവ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കി ഗവേഷണം ചെയ്തു നിരീക്ഷണങ്ങൾ തിട്ടപ്പെടുത്തുന്ന പഠിതാക്കൾ ഈ മേഖലയിലുണ്ട്. സെമറ്റിക് മതങ്ങളുടെ ബന്ധങ്ങളിൽ പശ്ചിമേഷ്യൻ പ്രശ്നം/പരിഹാരം അല്ലെങ്കിൽ നടന്നത്/നടക്കാനിരിക്കുന്നത് ഇപ്രകാരം മനസ്സിലാക്കിയെടുക്കാനുമാവും. അവ മതകീയ മാനത്തിൽ പണ്ഡിതർ പഠിച്ച് ശിഷ്യന്മാർക്ക് ഉപദേശങ്ങൾ നൽകുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗവേഷകർ പഠനംനടത്തി ആവശ്യമായവ ചികഞ്ഞെടുക്കുന്നു.

യേശുവിൻറെ തിരിച്ചുവരവ് ബന്ധപ്പെട്ട മാനവരാശിയുടെ അവസാനവും സെമറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നു. ഇത്തരം പരാമർശങ്ങളെ മുൻനിർത്തിക്കൊണ്ട് നിരീക്ഷിക്കുമ്പോൾ ദൈവം മുൻനിശ്ചയിച്ചതും പ്രവാചകന്മാർ/പുണ്യവാളന്മാർ ഉണർത്തിയതുമായ കാര്യങ്ങളുടെ തുറവിയാണ് നമുക്ക് കാണാനാവുക. മതങ്ങൾ എന്ന നിലയ്ക്ക് മൂന്നു മതങ്ങളും അക്രമത്തെ സംഘർഷത്തെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഓർത്തഡോക്സ് ചർച്ചിന്റെ ആശീർവാദത്താൽ നിലകൊള്ളുന്ന റഷ്യ പലസ്തീനു പിന്തുണ നൽകുന്നു, കേരളത്തിലെ സിറിയൻ ഓർത്തഡോക്സ് പാതിരി ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കുന്നു. മാത്രമല്ല ഓർത്തഡോക്സ് ജൂയിഷ് പണ്ഡിതനായ യസ്രേയേൽ ഡോവിഡ് വെസ്സ് റബ്ബി മാസങ്ങൾക്ക് മുമ്പ് പറഞ്ഞത് –“അക്രമികൾ ജൂതന്മാരല്ല അവർ ഇസ്രായേലികളായ സയണിസ്റ്റുകൾ മാത്രമാണ്, മുസ്ലിങ്ങളെ ആക്രമിക്കുന്നത് തോറ  വേദപ്രകാരം ഞങ്ങൾക്ക് ചെയ്യാനാകുന്നതല്ല.  വിശ്വാസികളുടെ ചേരിയിൽ ഐക്യപ്പെടലുണ്ട് എന്നിത് വ്യക്തമാക്കുന്നു.

തീവ്ര ദേശീയതയാൽ രാഷ്ട്രീയവത്കരിക്കപ്പെട്ട ജൂതന്മാർ 150 വർഷം മുമ്പ് മാത്രം സംഘംചേർന്നവരാണ്. സയണിസ്റ്റുകൾ എന്ന ഇവരുടെ കൂട്ടിനെത്തിയ റോമൻപിന്തുടർച്ചക്കാരായ പാശ്ചാത്യ ക്രിസ്ത്യൻ ചേരിയും രണ്ടാം ലോകമഹായുദ്ധത്തോടെ വളച്ചുകെട്ടിയ ഒരു പ്രദേശമാണ് ഇസ്രയേൽ. ഇതിന്ന് രാജ്യമായി നിലനിൽക്കുന്നത് തന്നെ പാശ്ചാത്യ സഖ്യസേനയുടെ പിൻബലത്താൽ മാത്രമാണ്. ഈ സഖ്യസേനയുടെ രാഷ്ട്രീയ തത്വശാസ്ത്രം ഉദാരവൽക്കരണ (Liberalism)മാണ്, ഇത് മതങ്ങളെ തകർത്തെറിയുക എന്ന ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. അപ്പോൾ ഊ സഖ്യസേനയുടെ നിലനില്പും ഇസ്രായേലിന്റെ നിലനിൽപ്പും മതങ്ങൾക്ക് വേണ്ടിയല്ല എന്നത് വ്യക്തമല്ലോ!. ഇസ്രായേലിനു ഭീഷണിയായി ഉണ്ടായിരുന്ന ഒട്ടനേകം രാജ്യങ്ങൾ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെ വിനാശകരമായ മാറ്റം ലോകത്ത് നടന്നുകഴിഞ്ഞു എന്നാണ് ചരിത്രാവസാനകാലത്തെക്കുറിച്ചു പഠിക്കുന്നവരുടെ പ്രബലമായ അഭിപ്രായം. ഇതോടെ ഗോഗ് ആന്റ് മാഗോഗ് പുറപ്പെട്ടു കഴിഞ്ഞു എന്ന് പല പണ്ഡിതരും കരുതുന്നു. അത്ര വിഷലിപ്തമായ തത്വചിന്തയും ഭരണക്രമവും രാഷ്ട്രീയക്രമവും ലോകത്ത് നടപ്പിൽ വന്നു കഴിഞ്ഞു. ഇതു കൂടി ചേർത്തു വച്ചാൽ ഈ ലോകരാഷ്ട്രീയ തത്വചിന്താക്രമത്തിൻറെ സാരഥ്യം ഇപ്പോൾ അമേരിക്കയുടെ പക്കലാണ്. എന്നാൽ ഇത് വളരെ വൈകാതെ ഇസ്രായേലിലേക്ക് നീങ്ങും അഥവാ പാക്സ് അമേരിക്കാന എന്നത് പാക്സ് ജൂതായിക്ക എന്ന ലോകക്രമത്തിലേക്ക് മാറ്റപ്പെടും(pax Americana to pax judaica). അപ്പോഴാകും പശ്ചിമേഷ്യ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുക. പരിപൂർണ്ണമായ മൂല്യതകർച്ചയുടെ ഈ കാലത്തായിരിക്കും സെമറ്റിക് മതങ്ങളിൽ പരാമർശിച്ചത് പ്രകാരം ഈസ പ്രവാചകൻ ആഗതനാവുക എന്നാണ് പ്രബല നിരീക്ഷണം.

മതങ്ങളെ സംബന്ധിച്ച് മാത്രമല്ല മതചരിത്രം, ദൈവശാസ്ത്രം, മതാചാരം എന്നിവ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മനസ്സിലാക്കിയിട്ടുള്ളവർക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മറ്റൊരു വീക്ഷണകോണിലൂടെ മനസ്സിലാക്കാനാകും. അങ്ങനെ മനസ്സിലാക്കിയാൽ മതങ്ങൾ അക്രമത്തേയോ യുദ്ധത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. മതം സമാധാനം മാത്രമാണ്. രാഷ്ട്രങ്ങളുടെ സഖ്യം ചേരലുകളിലേക്ക് മതമൂല്യങ്ങൾ ഇല്ലാത്തവർ കടന്നുകയറി സാരഥ്യമേറ്റെടുത്തു എന്നതിൻറെ ഫലമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ പ്രശ്നം മതങ്ങൾ തമ്മിലല്ല. മൂല്യങ്ങളില്ലാത്ത രാഷ്ട്രീയചേരിക്കെതിരിൽ മനുഷ്യർക്ക് ചെയ്യാനാകുന്ന പ്രതിരോധമാണ് ഇന്നു നാം കാണുന്നത്. ഇതിൽ നീതി പുലരുക തന്നെ ചെയ്യും എന്ന് സർവ്വ മതങ്ങളും പറയുന്നു. സത്യം മനസ്സിലാക്കിയവർ സ്ഥൈര്യം കൈവിടേണ്ടതില്ല.

ഡോ. മുനവ്വർ ഹാനിഹ് 

 




 

 

.

Periodical Articles



Periodical Articles


________________________________________________________________________

 Arabi- Malayalam is a regional dialect, how does this centuries old language evolved and still prevail among the Keralites deeply influencing its literature and culture. 

________________________________



 When curriculum is used as a propaganda instrument, it is a sign of hostility towards society and the next generation. This is a thoughtful and perceptive critique of left-liberal propaganda.

  To Read- click here

______________________________________

 The historic port city of Calicut has a distinct past and present. an updated examination of Calicut's Sufi heritage following its UNESCO designation as a city of literature.

 To Read- click here

_________________________

 
A modern examination of the ways in which certain terms are restricted to particular cultural groups in the press today.

 ____________________________

 

 International perspectives on the central problem of Palestine.

  To Read- click here

 __________________________

 

 

 

Investigating the global significance of the Milad celebration in terms of history and culture.

 

 

___________________________________

 


It was a debut for Professor Vellayani Arjunan, a notable scholar and linguist from Kerala. 

 _________________________________________

 

 

An analysis of how festivals are evolving into venues for the celebration of anarchic liberalism. A nuanced viewpoint of literary festivals. 

 To Read- click here
 ____________________________________________


A collection of first-hand accounts and visuals from memories of Ramadan in northern India.

To Read- click here

___________________________________________ 




 

ദേശാതിവർത്തിയാകുന്ന മീലാദ്

മൂഹത്തിന്റെയും സംസ്ക്കാരത്തിന്റെയും അവിഭാജ്യവും വ്യതിരിക്തവുമായ ഏതൊരു ആചാരാനുഷ്ഠാനത്തിനും നൈസർഗ്ഗികമായ ജൈവിക പരിസരമുണ്ടായിരിക്കും. അത്തരം ജൈവികതയിലൂന്നിനിന്നുകൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങൾക്കു മാത്രമേ ജനസഞ്ചയത്തിനകത്ത് കൃത്യമായ സ്വാധീനം സ്വരൂപിക്കാനും നിലനിന്നുപോരാനും സാധിക്കയുള്ളൂ. വ്യത്യസ്തമായ സാംസ്ക്കാരിക ഭൂമികയിലെ സ്ഥലകാലബോധത്തിലുള്ള ചരിത്രത്തിനു വിദൂരദേശത്തെ ജനസമൂഹത്തിനിടയിൽ കാലങ്ങൾക്കിപ്പുറവും വിപുലമായ സാംസ്ക്കാരിക പ്രാധാന്യം ലഭിച്ചു പോരുന്നുണ്ടെങ്കിൽ അതിനർത്ഥം അതിനു നിദാനമായ സംഭവകഥ ഇന്ന് ഇത് ആചരിക്കുന്ന ജനസമൂഹങ്ങൾ വൈകാരികമായി ഉൾക്കൊണ്ടിട്ടുണ്ടെന്നും അവരുടെ സാമൂഹിക സംസ്ക്കാരത്തിലേക്ക് അതിനെ പറിച്ചു നട്ടിട്ടുണ്ടെന്നുമാണ്. പിന്നീടത് വളർന്ന് വ്യാപിച്ച്, പ്രബലമാകുന്നത് അത് നിലനിൽക്കുന്ന സംസ്ക്കാരത്തിൽ നിന്നുള്ള വെള്ളവും വളവും കൊണ്ടാണ്. വീണ്ടുമൊരു നബിദിനം ആസന്നമാകുമ്പോൾ മക്കയിൽ ഭൂജാതനായ തിരുദൂതരുടെ ജന്മദിനം ഇന്ത്യൻ ഭൂമികയിൽ, കേരളത്തിൽ, ഏതെല്ലാം വിധത്തിലുള്ള സാംസ്ക്കാരിക വിനിമയങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് പരിശോധിക്കുന്നത്. ഈ ആചാരാനുഷ്ഠാനം മുസ്ലിം വിശ്വാസിസമൂഹത്തിന്റെ സാംസ്ക്കാരികതയെ എങ്ങനെ നിർവ്വചിക്കുന്നു എന്നതിലേക്കുള്ള എത്തിനോട്ടം കൂടിയാണ്.

ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ മുസ്ലിം വിശ്വാസി സമൂഹമുണ്ടോ അവിടെയെല്ലാം ആ സംസ്ക്കാരത്തിന്റെ ഭാഗമായി തന്നെ മീലാദുന്നബി അഥവാ നബിദിനം ആഘോഷിച്ചു പോരുന്നുണ്ട്. അതിനപ്പുറം വിപുലമായി അവിടുത്തെ വ്യവസ്ഥാപിത ഭരണത്തിന്റെ അംഗീകാരത്തോടുകൂടി ആഘോഷിച്ചുപോരുന്നുണ്ട് എന്നു വേണം പറയാൻ. നല്ലൊരു ശതമാനം രാജ്യങ്ങളിൽ റബീഅൽ അവ്വലിലെ മീലാദ് ദിനത്തിനു ലഭിക്കുന്ന പൊതുഅവധി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ബഹുസാംസ്ക്കാരികരാജ്യങ്ങളിൽ(Multicultural countries) മതസാംസ്ക്കാരിക സമൂഹങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭരണകൂട ബോധ്യത്തോടെ പൊതുഅവധി ലഭിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ആ ആചാരം അല്ലെങ്കിൽ അനുഷ്ഠാനം പ്രത്യേകമായ മതസാംസ്ക്കാരിക സമൂഹത്തിന്റെ ആ രാഷ്ട്രത്തിലെ അസ്തിത്വ പദവിയെ നിർണ്ണയിക്കുന്നതാണെന്നാണ്. ഏത് മതസാംസ്ക്കാരിക സമൂഹത്തിന്റെയും വിശ്വാസവൈകാരികതകളെ ഏകോപിപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിച്ചും ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് സൌകര്യങ്ങളൊരുക്കിയും ബഹുസാംസ്ക്കാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പിന്നിൽ വൈവിധ്യത്തെ ഫലപ്രദമായി ഉദ്ഗ്രഥിക്കുക എന്ന ലക്ഷ്യമുണ്ട്. ഓരോ രാജ്യത്തിന്റെയും സംസ്ക്കാരത്തിലും ഈ ആചാരാനുഷ്ഠാനത്തിന് ആഴത്തിലുള്ള ആദാനപ്രദാനത്തിന്റെ വേരുകളുണ്ട് എന്ന തിരിച്ചറിവു കൂടി ഇതിനു പിന്നിലുണ്ട്. ഗാന്ധിജയന്തിക്ക് ഓരോ ഇന്ത്യൻ പൌരനും പൊതുഅവധി ഭരണകൂടം അനുവദിക്കുന്നതിനു സമാനമായി നബിദിനത്തിനും പൊതുഅവധി ലഭിക്കുന്നുണ്ട് എന്നതിനർത്ഥം സാമൂഹികവും സാംസ്ക്കാരികവുമായി ഈ ഭൂമികയെ പ്രവാചകനും പ്രവാചകനെ മാതൃകയാക്കിയ വിശ്വാസിസമൂഹവും സമ്പന്നമാക്കിയിട്ടുണ്ട് എന്നാണ്.

വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം മീലാദുന്നബി എന്നാൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾച്ചേർന്നിരിക്കുന്ന ആഘോഷമാണ്. പ്രത്യേക തരം വാക്കുകളും പ്രവൃത്തികളും ശീലമാക്കുക, പ്രത്യേക കൃതികൾ ആലപിക്കുക, ഇതിന്റെ ഭാഗമായുള്ള സംഗീതമോ കവിതയോ ജാഥയോ നടത്തുക, പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, സാംസ്ക്കാരിക പ്രാധാന്യമുള്ള വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിക്കുക, വിശേഷമായ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുക, ഇതെല്ലാം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആഘോഷപൂർവ്വം നടന്നുപോരാറുണ്ട്. ആ അർത്ഥത്തിൽ നബിദിനം ഇസ്.ലാമിക സംസ്കാരത്തെ മറ്റുസംസ്കൃതികളുമായി ഇഴുകിച്ചേർക്കുന്ന എത്രത്തോളം അവിഭാജ്യമായൊരു ഘടകമാണെന്ന് ബോധ്യപ്പെടുത്തും. നബിദിനത്തിന്റെ ഭാഗമായി അനേകം പ്രവാചക പ്രകീർത്തന സാഹിത്യങ്ങൾ വിശ്വാസികൾ സമ്മേളിക്കുന്ന വിവിധ വേദികളിൽ, കൂട്ടങ്ങളിൽ അനുഭവിക്കാനാവും. അത്തരം പ്രവാചക() പ്രകീർത്തന സദസ്സുകൾക്ക് പിന്നിൽ വിശ്വാസമുണ്ട്, അനുരാഗമുണ്ട്, സാഹിത്യവും സംസ്ക്കാരവുമുണ്ട്. പ്രവാചക() ജന്മദിനം അത് ആഘോഷിക്കപ്പെടുന്ന എല്ലാ സംസ്ക്കാരങ്ങളിലെയും ഭാഷകളിൽ സാഹിതീയമായി അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്. ഓരോ ഭാഷകളിലെയും സാഹിത്യസംഭാവനകളെ സൂചിപ്പിക്കാൻ കഴിയാത്തവിധം ബഹുലമാണത്. ഈ സാഹിത്യസംഭാവനകളുടെ എല്ലാം ഉള്ളടക്കം അല്ലെങ്കിൽ പ്രമേയം തിരുദൂതരുടെ() ജനന, ജീവിത സമയത്ത് ഈ പ്രപഞ്ചത്തിലാകമാനം സംഭവിച്ച ഗോചരവും അഗോചരവുമായ പ്രതിഭാസങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ്. ഈ പ്രമേയത്തെ സ്വീകരിച്ചുകൊണ്ട് അനേകം കാവ്യങ്ങൾ ഓരോ ഭാഷയിലും കണ്ടെത്താൻ സാധിക്കും. പ്രവാചക() പ്രകീർത്തനങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വിവരണങ്ങളെ കാവ്യാത്മകമായും മറിച്ച് അക്ഷരംപ്രതിയും മനസ്സിലാക്കാം. നബി()പ്രകീർത്തന കാവ്യങ്ങളിലെ ഇത്തരം വിവരണങ്ങളെ കേവലയുക്തിയുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചുകൊണ്ട് മാത്രമല്ല പരിശോധിക്കപ്പെടേണ്ടത്. അതിനെ സാഹിത്യത്തിന്റെ തലത്തിൽ മനസ്സിലാക്കുന്നതോടൊപ്പം സാംസ്ക്കാരികമായിക്കൂടി മനസ്സിലാക്കുമ്പോൾ കുറേക്കൂടി തെളിച്ചം ലഭിക്കും. പതിനേഴാം നൂറ്റാണ്ടിൽ ഗൂജറാത്തിൽ ജീവിച്ചിരുന്ന കവി പ്രവാചക() ജനനത്തെ കുറിച്ചെഴുതിയ കാവ്യത്തിൽ പ്രവാചക()രുടെ ജനനസമയത്ത് ഒരു ബ്രാഹ്മണൻ അവിടെ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം തന്റെ വിശുദ്ധമായ പൂണൂൽ നവജാതശിശുവിനു അണിയിച്ചുമെന്നുമുള്ള സംഭവം ആൻമേരി ഷിമ്മൽ, മുഹമ്മദ്: അവന്റെ പ്രചാവചകൻ’ () എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഈകാവ്യത്തെ അക്ഷരാർത്ഥത്തിൽ പരിശോധിക്കുമ്പോൾ അവിടെ ബ്രാഹ്മണനെയോ പ്രവാചകരെ() പൂണൂൽ അണിയിച്ചതോ തെളിയിക്കാൻ സാധിച്ചെന്നു വരില്ല. പകരം, കവി അത്തരം അതിശയോക്തിപരമായ വർണ്ണനയും വൈകാരികസന്ദർഭവും സൃഷ്ടിക്കുന്നത് തുലോം കാവ്യഭംഗിക്കു വേണ്ടിയല്ല. അതിനപ്പുറം ഇവിടെ നടക്കുന്നത് സാംസ്ക്കാരികമായ സംവേദനമാണ്. പ്രവാചകരെ() കുറിച്ച് മലയാളത്തിലുണ്ടായ അനേകം പ്രകീർത്തന ശീലുകളിലും അതിശയോക്തി കലർന്ന വർണ്ണനകളും വൈകാരിക മുഹൂർത്തങ്ങളും കണ്ടെന്നു വരാം. അതിനു കാരണം, മാനവകുലത്തിനാകെയായി സർവ്വശക്തൻ നിയോഗിച്ച പ്രവാചകരുടെ() ജനനത്തെ സകലസാംസ്ക്കാരിക ഭൂമികകളിലും അവിടുത്തെ ജൈവികതകളിൽ അടയാളപ്പെടുത്താൻ പ്രവാചക() അനുരാഗികളായ വിശ്വാസികൾ ശ്രമിക്കുന്നതിനാലാണ്. ഇത്തരം ശീലുകൾ അപ്രധാനമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം, കേവലയുക്തിയിൽ അധിഷ്ഠിതമായ, ഊഷരമായൊരു ഏകശിലാത്മക ഇസ്.ലാമിക സംസ്ക്കാരത്തെ വിഭാവനം ചെയ്യുന്നതു കൊണ്ടാണ്.

ഇവ്വിധം ഊഷരമായ, ഏകശിലാത്മക വിശ്വാസ സംസ്ക്കാരമല്ല, ഇസ്.ലാമിനുള്ളതും അതിലെ യഥാർത്ഥ വിശ്വാസി സമൂഹങ്ങൾക്കുള്ളതും. രണ്ടാം ലോകമഹായുദ്ധത്തോടെ ലോക നേതൃത്വം നഷ്ടപ്പെട്ട ഇസ്.ലാമിക സമൂഹത്തിന് ഇന്നും ഈ ആഘോഷം സാർവ്വദേശീയമായി നിലനിർത്താനാവുന്നു എന്നത് വ്യത്യസ്ത സംസ്കൃതികളിൽ എത്ര ആഴത്തിലുള്ള വേരൂന്നലാണ് ഇവ നടത്തിയത് എന്ന് വിളിച്ചുപറയുന്നുണ്ട്. പാശ്ചാത്യ രാഷ്ട്രീയചേരിയിൽ നിലകൊള്ളുന്ന പ്രബലമുസ്.ലിം രാഷ്ട്രനേതൃത്വങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നാണ് പലയിടങ്ങളിലും മീലാദ് ആഘോഷിക്കപ്പെടുന്നത് എന്നത് വസ്തുതയാണ്. ആധുനികതയിൽ ഈ ആഘോഷം പാരമ്പര്യ വിശ്വാസി സമൂഹം മതമൌലിക പ്രത്യയശാസ്ത്രത്തിനെതിരെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയപ്രതിരോധം കൂടിയായിമാറുന്നുണ്ട്. മറ്റൊരു അർത്ഥത്തിൽ വ്യത്യസ്ത സംസ്കാരങ്ങളോട് ഇഴുകിചേരാനുള്ള ഇസ്.ലാമിന്റെ ശേഷിയെ സ്വരൂപിച്ചുവെക്കുന്നുണ്ട് ഈ ആഘോഷം ഓരോ തവണയും.

പ്രവാചകരുടെ() നിയോഗം മാനവകുലത്തിനൊന്നാകെ ആയിട്ടായിരുന്നുവെങ്കിൽ അവിടുത്തോടുള്ള() അനുരാഗത്തിന്റെ വെളിച്ചം ഏത് വിദൂരസംസ്ക്കാരത്തിന്റെയും ഊർജ്ജത്തിൽ പ്രകാശിക്കും. മീലാദിന്റെ ഭാഗമായി പല സംസ്ക്കാരങ്ങളിലും വെളിച്ചം തെളിയിക്കുക പ്രധാനപ്പെട്ടൊരു ഘടകമായിരുന്നു. വെളിച്ചം ഏതൊരു സംസ്ക്കാരത്തിലും സർവ്വസമ്മതമായി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി സ്വീകരിക്കപ്പെട്ടിരുന്നു. പള്ളികളും മദ്രസകളും വീടുകളും പല വർണ്ണങ്ങളിലുള്ള വിളക്കുകളാൽ പ്രകാശമാനമാക്കിയിരുന്നു. മധ്യകാലഘട്ടത്തിൽ ഈജിപ്തിലും തുർക്കിയിലും വർണ്ണമെഴുകുതിരികളുമായി, പ്രവാചക() പ്രകീർത്തനങ്ങൾ ആലപിച്ചുകൊണ്ടുള്ള ജാഥകൾ നടത്തുമായിരുന്നു. പ്രവാചകരുടെ() ജനനത്തെ കുറിച്ചുള്ള കാവ്യങ്ങളിലെല്ലാം തന്നെ പ്രകാശത്തിനു വലിയൊരു പ്രാധാന്യം നൽകിയുള്ള വർണ്ണനകളും വിവരണങ്ങളും കാണാവുന്നതുമാണ്. ലോകത്തിനു തന്നെ വെളിച്ചമായി അയച്ച തിരുദൂതരുടെ() ജന്മദിനത്തിൽ സന്തോഷസൂചകമായി വിളക്കുകളാൽ അലങ്കരിക്കാതിരുന്നാൽ പ്രകാശത്തിന് പിന്നെയെന്നാണ് തന്റെ സകല രശ്മികളാലും പ്രകാശിക്കാനാവുക?! കേരളത്തിൽ പാനൂസു വിളക്കുകൾ കൊണ്ട് റമദാനിൽ വീടുകളും മറ്റും അലങ്കരിക്കുന്നത് ഇന്നും ചിലയിടങ്ങളിൽ പ്രചാരത്തിലുണ്ടെങ്കിലും നബിദിനത്തോടനുബന്ധിച്ചു വീടുകളിലുള്ള വെളിച്ചാലങ്കാരങ്ങളെല്ലാം പൂർണ്ണമായും അവസാനിച്ചുവെന്നു തന്നെ പറയാം. മലബാർ പ്രദേശത്ത് കുട്ടികൾ വർണ്ണക്കടലാസു കൊണ്ട് പാനൂസു വിളക്കുകളുണ്ടാക്കി അവരുടെ മദ്രസ്സകളിലും വീടുകളിലും നിരനിരയായി അലങ്കരിച്ചിരുന്നത് ഓർത്തെടുക്കുന്നവർ ഇന്നുമുണ്ട്. ഏതൊരു സംസ്ക്കാരത്തിലും വെളിച്ചത്തിനു അനന്യമായ പ്രാധാന്യമുണ്ടായിരിക്കേ അത്തരം വിശ്വാസത്തിന്റെ സാംസ്ക്കാരിക പ്രകടനങ്ങളെ ഇനിയും നിലനിർത്തേണ്ടതുണ്ട്.

ഓരോ മതവും വിശ്വാസവും സാർവ്വദേശീയമാകുന്നത് അത് നിലനിൽക്കുന്ന സാംസ്ക്കാരികഭൂമികയിൽ ജൈവികമായ അടയാളങ്ങളുണ്ടാക്കുമ്പോഴാണ്. നബിദിന റാലിയിൽ കുരുന്നുകൾ വർണ്ണ വസ്ത്രങ്ങളുമായി പ്രവാചകനെ പ്രകീർത്തിക്കുമ്പോൾ അത് ആസ്വദിക്കാനും ആ റാലിയിലുള്ളവർക്ക് മധുരം വിതരണം ചെയ്യുന്നതും ഏതെങ്കിലും ഒരു മതവിഭാഗമല്ല. പകരം, അത് ആസ്വദിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും അത് രുചിക്കുന്നതും വിവിധ സംസ്ക്കാരങ്ങളെ നെഞ്ചേറ്റിയ ഒരു രാഷ്ട്രത്തിലെ സമൂഹമാണ്. അതിൽ വിവിധ മതജാതിവർഗ്ഗവർണ്ണഭേദങ്ങളുണ്ടായിരിക്കും. അവർക്കെല്ലാം അത് ആസ്വാദ്യകരമാകുന്നത്, ചിരപരിചിതവും തങ്ങളുടെ മണ്ണിലെ സംസ്ക്കാരത്തിന്റെ ഘടകങ്ങൾ അതിലുള്ളതുകൊണ്ടുമാണ്. ഈ പ്രപഞ്ചത്തിനാകെയും അനുഗ്രഹമായ പുണ്യപ്രവാചകരോടുള്ള വിശ്വാസത്തെ, അനുരാഗത്തെ ഓരോമണ്ണിലും നട്ട് വളർത്തി തണലാക്കുകയാണ് വേണ്ടത്.

ഡോ. മുനവ്വർ ഹാനിഹ് ടി.ടി

 


.








.

 

വിശ്രമമറിയാത്ത പണ്ഡിതമാതൃക: വെള്ളായണി അർജുനൻ


ചിലർ തങ്ങളുടെ പ്രതിഭ ലോകത്തിനു മുമ്പിൽ തെളിയിച്ചതിനു ശേഷം വിശ്രമജീവിതത്തിലേക്കു തിരിയും. എന്നാൽ മറ്റു ചിലരാവട്ടെ തന്റെ പ്രതിഭക്കപ്പുറമുള്ള ജ്ഞാനലോകത്തെ നശ്വരജീവിതത്തിന്റെ സമയക്കുരുക്കിട്ട് ആവുന്നത്ര എത്തിപ്പിടിക്കാൻ ശ്രമിക്കും. പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അത്തരത്തിലുള്ളൊരു പ്രതിഭാധനനായിരുന്നു. തൊണ്ണൂറാം വയസ്സിൽ വിടപറയുമ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗവും അദ്ദേഹം വിനിയോഗിച്ചിരിക്കുക അറിവ് വർധിപ്പിക്കാനും അതുവഴി ഭാഷാമേഖലയുടെ വളർച്ചക്കുമായിരിക്കണം. മലയാള ഭാഷക്ക് കനപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, കവി, നിരൂപകൻ, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകൻ എന്നു തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിയോഗം ഉത്തരേന്ത്യയിലും വാർത്തയായിരുന്നു. അതെ, കേരളത്തിനു പുറത്തും മലയാളഭാഷയുടെ വളർച്ചക്കു വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു വെള്ളായണി അർജുനൻ. കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകളിൽ, പ്രത്യേകിച്ചും കേന്ദ്രസർവ്വകലാശാലകളിൽ ഭാഷാപഠനത്തിനു പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയിലും മലയാള പഠനത്തിനായൊരു ഡിപാർട്മെന്റ് ആരംഭിച്ചപ്പോൾ അവിടെ ആദ്യ അധ്യാപകനായി നിയമിതനായത് വെള്ളായണി അർജുനനായിരുന്നു. അക്കാലഘട്ടത്തിൽ അലിഗഢ് പോലുള്ളൊരു സർവ്വകവലാശാലയിൽ മലയാളത്തിലെ ആദ്യത്തെ അധ്യാപകനായി നിയമിതനാകുമ്പോഴും ഏറ്റെടുക്കേണ്ട വെല്ലുവിളികളുടെ ഭാരം കനപ്പെട്ടതു തന്നെയായിരുന്നു. ഹിന്ദി ഡിപാർട്മെന്റിനോടു ചേർന്ന് ആരംഭിച്ച മലയാളം പിന്നീട് ആധുനിക ഭാരതീയ ഭാഷാവിഭാഗമായും അതിൽ തന്നെ, എം.എ, ഗവേഷണ പഠന സൌകര്യങ്ങളുള്ള ഡിപാർട്മെന്റുമാക്കി വളർത്തിയതിൽ വെള്ളായണി അർജുനന്റെ ക്രാന്തദർശിത്വം ഉണ്ടെന്നത് വിസ്മരിക്കാനാവില്ല. അലിഗഢിലെ തന്റെ ഭാഷാപ്രവർത്തനത്തെ കുറിച്ച് വെള്ളായണി അർജുനൻ പ്രൊഫ. ടി. എൻ. സതീശൻ എഡിറ്റു ചെയ്ത അലീഗഢ് മലയാളം എന്ന ഗ്രന്ഥത്തിൽ സവിസ്തരം ഓർമ്മിക്കുന്നുണ്ട്.

കോവിഡ് നാളുകളിൽ അലിഗഢിലെ മലയാള വിഭാഗം ഒരു കേരളപ്പിറവി ഓൺലൈനായി ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുത്ത വെള്ളായണി അർജുനൻ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാവുന്ന തരത്തിലേക്ക് അലീഗഢിലെ മലയാളം വളർന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. എന്നാൽ, അദ്ദേഹം മലയാളാധ്യാപകനായിരിക്കുന്ന കാലഘട്ടത്തിൽ തന്നെ മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരേയും രാഷ്ട്രീയക്കാരേയും മലയാള വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ക്ഷണിക്കുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.എച്ച് മുഹമ്മദ് കോയ, എസ്. കെ പൊറ്റക്കാട്, ജി ശങ്കരക്കുറുപ്പ്, തകഴി, എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ, സി.എൻ ശ്രീകണ്ഠൻ നായർ എന്നിവരെയൊക്കെ അലീഗഢിലെത്തിച്ച് ഭാഷാ-സാഹിത്യ സംബന്ധിയായ ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ അർജുനൻ മാഷ് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു പക്ഷേ, അലീഗഢിലെ പൂർവ്വ മലയാളം വിദ്യാർത്ഥി എന്ന നിലക്ക് എനിക്കിവക്കായിരിക്കാം പ്രാധാന്യം.

എന്നാൽ, ഇങ്ങ് കേരളത്തിൽ, മലയാള ഭാഷക്കും അതിന്റെ വളർച്ചക്കും അദ്ദേഹം നൽകിയ സംഭാവനകളെന്തെല്ലാമായിരുന്നു എന്ന അന്വേഷണം ചെന്നെത്തിക്കുക അദ്ദേഹത്തിന്റേതായുള്ള അൻപതോളം പുസ്തകങ്ങൾ, നാന്നൂറോളം ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ ആഴപ്പരപ്പിലേക്കാണ്. നാലു ബിരുദാന്തര ബിരുദങ്ങൾ, ഡോക്ടറേറ്റ്, മൂന്ന് ഡീ.ലിറ്റുകൾ തുടങ്ങി അദ്ദേഹത്തിന്റെ ഭാഷാരംഗത്തെ സംഭാവന മലയാളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ആഗ്ര സർവ്വകലാശാലയിൽ നിന്നും ജബൽപൂർ സർവ്വകലാശാലയിൽ നിന്നും ലഭിച്ച ഡി.ലിറ്റുകൾ ഹിന്ദി-മലയാളം ഭാഷാതാരതമ്യ ഗവേഷണത്തിനായിരുന്നു. മലയാള കവിതയിൽ ശ്രീനാരായണ ഗുരുവിനുള്ള സ്വാധീനം എന്ന വിഷയത്തിനാണ് അലിഗഢ് മുസ്ലിം സർവ്വകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചത്. കേരളാ ഗവൺമെന്റിന്റെ എൻസൈക്ലോപീഡിയ ചീഫ് എഡിറ്ററും ഡയറക്ടറും ആയി നിയമിച്ചതോടെ അലീഗഢിനോട് വിടപറഞ്ഞ വെള്ളായണി അർജുനൻ മലയാളത്തിലെ സർവ്വവിജ്ഞാനകോശത്തെ ജനകീയമാക്കുന്നതിൽ ഏറെ പ്രവർത്തിച്ചു. അക്കാലത്ത് വലിയ തുകക്കായിരുന്നു സർവ്വവിജ്ഞാനകോശം വിറ്റിരുന്നത്. എന്നാൽ തവണകളായി പണമടച്ചു കൊണ്ട് സർവ്വവിജ്ഞാനകോശം ഏവർക്കും സ്വന്തമാക്കാനുള്ള സാഹചര്യം അദ്ദേഹമുണ്ടാക്കി. എഡ്വേർഡ് ആൽബിയുടെ ഹൂ ഈസ് എഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ് എന്നതിനെ പ്രശസ്ത സാഹിത്യകാരൻ വി.കെ.എൻ മൊഴിമാറ്റിയത് വെള്ളായണി അർജുനനെ ആർക്കാണ് പേടി എന്നായിരുന്നു. പരോക്ഷമായാണെങ്കിലും വെള്ളായണി അർജുനൻ എന്ന പണ്ഡിതനുള്ള വി.കെ.എന്റെ അംഗീകാരം തന്നെയായിരുന്നു ആ തർജമ എന്നു വിശ്വസിക്കാം.

തിരുവിതാംകൂറിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ ഏക സന്താനമായിരുന്നു വെള്ളായണി അർജുനൻ. പതിനായിരത്തിനലധികം വരുന്ന പുസ്തകശേഖരമുള്ള ഇദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ മുഴുക്കെയും ഇദ്ദേഹം വായിച്ചിട്ടുണ്ടെന്ന് മാത്രമല്ല, പുസ്തകങ്ങളിൽ മാത്രം മയങ്ങിക്കിടക്കുന്ന ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. പല പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് കഠിനാധ്വാനത്തിലൂടെ വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്തിയ വെള്ളായണി അർജുനൻ സാധാരണക്കാർക്കിടയിൽ ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇദ്ദേഹം സാഹിതീയവും സാമൂഹികവുമായ മേഖലകളിൽ നിരന്തരമായി പ്രവർത്തിച്ചിരുന്നു. ഒരു വിധത്തിൽ അദ്ദേഹത്തെ തേടിയെത്തിയ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം അറിവിന്റെ പാതയിൽ തിരിച്ചുവിട്ടു എന്നു പറയുന്നതായിരിക്കും ശരി. പഠിക്കാനും പഠിച്ചുകൊണ്ടെയിരിക്കാനും നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലൂടെ. ഒഴുക്കിനെതിരെ എന്ന പേരിൽ പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥ അറിവിനോടുള്ള വെള്ളായണി അർജുനന്റെ അടങ്ങാത്ത ആഗ്രഹത്തെ അടിവരയിടുന്നതാണ്. എന്തിന്, അദ്ദേഹത്തിന്റെ നവതി ആഘോഷം പോലും അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു.

ജരാനരകളെ കാര്യമാക്കാതെ അറിവു നേടാനുള്ള നിരന്തര ശ്രമത്തിൽ കഴിഞ്ഞുപോയ തലമുറക്കും ഇന്നത്തെ തലമുറക്കുമുള്ള പണ്ഡിത മാതൃകയാണ് വെള്ളായണി അർജുനൻ. അദ്ദേഹത്തിന്റെ സ്മരണകൾക്കു മുമ്പിൽ ഒരു അലിഗറിയന്റെ പ്രണാമം...!

ഡോ. മുനവ്വർ ഹാനിഹ് ടി.ടി

 


 

 

 

 

 

 

 

 

.

 

അലിഗഢിലെ റമദാൻ

അലിഗഢിന്റെ റമദാൻ വേനലിനു മാത്രമായി ഉഴിഞ്ഞുവെച്ചതായിട്ടു പോലും ഓർമ്മവെച്ചതിലിങ്ങോട്ടുള്ള റമദാനുകളിലേതിനേക്കാൾ ആർദ്രതയുള്ള നോമ്പുകാലമാണ് അലിഗഢിലേത്. റമദാൻ എന്നാൽ ശാന്തിയാണെന്നു പഠിപ്പിച്ചതും അലിഗഢാണ്. കഴിഞ്ഞ എട്ടു വർഷത്തെ അലിഗഢ് ജീവിതത്തിൽ അവിടെ ചെലവഴിച്ച റമദാനുകൾക്ക് എന്തോ ചില പ്രത്യേകതകളുണ്ട് എന്നു തോന്നിത്തുടങ്ങിയത് എപ്പോഴാണ്? കേരളം ഒരുക്കിവെച്ചിരിക്കുന്ന എല്ലാ സുരക്ഷിതത്വങ്ങളെയും മാറ്റിനിർത്തി ഓരോ റമദാനും അലിഗഢിൽ കരുപ്പിടിപ്പിക്കാൻ പിടഞ്ഞോടുന്നത് എന്തിനാണ്? ലോക്ഡൌൺ കാലത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയതും അലിഗഢിൽ ചെലവഴിച്ച റമദാൻ കാലത്തു തന്നെയാണ്. സർ സയ്യിദ് ഉപ്പാപ്പയുടെ മണ്ണിന് ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാനാവാത്ത ചില പ്രത്യേകതകളുണ്ട്.

 

റമദാൻ വരുന്നതിനു മുമ്പു തന്നെ റമദാനു വേണ്ടി വിശ്വാസികൾ ഒരുങ്ങുന്നത് ഓരോ സംസ്ക്കാരത്തിലും വ്യത്യസ്ത രീതികളിൽ കാണാം. ശാരീരികമായും മാനസികമായും ആത്മീയമായും ഒരുങ്ങുന്നതിനോടൊപ്പം വീടും പരിസരവും അടിച്ചുകഴുകി വൃത്തിയാക്കുക, വീട്ടിലുള്ള പഴയ സാധനങ്ങൾ ഒഴിവാക്കി വിശ്വാസിയുടെ മനസ്സിനെയെന്ന പോലെ അയാളുടെ ചുറ്റുപാടുകളെയും വിശുദ്ധ റമദാനെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് റമദാനു മുമ്പുള്ള ശഅബാനിലെ പ്രധാന പ്രവൃത്തികളാണ്. കേരളത്തിൽ വിശിഷ്യാ, മലബാറിൽ നനച്ചുകുളി എന്ന പേരിലറിയപ്പെടുന്ന ആചാരം അലിഗഢിൽ മറ്റൊരു വിധത്തിലാണ് നടത്തിപ്പോരുന്നത്. റജബ് കഴിഞ്ഞാൽ ശഅബാൻ ആരംഭം മുതൽ റമദാനു തൊട്ടുമുമ്പു വരെ വളരെ സന്തോഷകരമായ കാലഘട്ടമായാണ് ഇവിടെ കരുതിപ്പോരുന്നത്. വിളക്കുകൾ തെളിയിക്കുക, പടക്കം പൊട്ടിക്കുക തുടങ്ങിയ സന്തോഷപ്രകടനങ്ങൾ ഈ സമയത്ത് പരക്കേ കാണാം. ഒരു കാലത്ത് കേരളീയ മുസ്ലീങ്ങൾക്കിടയിൽ ഒരു വീട്ടിലെ സ്ത്രീജനങ്ങളൊരുമിച്ചു ചേർന്ന് അത്യുത്സാഹത്തോടെ കൊണ്ടാടിയിരുന്ന നനച്ചുകുളി എന്ന ശുദ്ധികലശം എത്രകണ്ട് കുറഞ്ഞുവോ, അത്തരം നാഗരികവും പരിഷ്കാരപ്രധാനവുമായ മാറ്റങ്ങളെല്ലാം അലിഗഢിന്റെ പൂർവ്വറമദാൻ ഒരുക്കങ്ങളിലും വന്നു ചേർന്നിട്ടുണ്ട്. റമദാൻ എന്നാൽ റമദാൻ മാത്രമല്ലെന്നും റമദാനായുള്ള ഒരുക്കങ്ങൾ അങ്ങ് റജബിലും ശഅബാനിലും തുടങ്ങി ഘട്ടം ഘട്ടമായി റമദാനിലേക്കെത്തുന്ന ആന്തരിക-ബാഹ്യ ശുദ്ധീകരണങ്ങളും ആത്മീയശുദ്ധീകരണവുമെല്ലാം വരും കാലങ്ങളിൽ കുറഞ്ഞുപോവുമെന്നതിന്റെ ലക്ഷണമായിരിക്കണം ഈ മാറ്റങ്ങൾ. എങ്കിലും ഈ ശഅബാനിലും അങ്ങിങ്ങു നിന്നായി ആരൊക്കെയോ വിളക്കുകൾ തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. അപ്പോളൊരു ഉത്തരേന്ത്യൻ സുഹൃത്ത് നേരിയൊരു പുച്ഛത്തോടെ പറഞ്ഞതിങ്ങനെ; “വോ ബറേൽവി ഹേ...!”

 

റമദാനാരംഭത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അലിഗഢിലെ ചന്തകളിലുള്ള തിരക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു മാസക്കാലത്തേക്കുള്ള സാധനങ്ങളെല്ലാം മുൻകൂട്ടി വാങ്ങാൻ കണക്കാക്കിയെത്തുന്ന സ്ത്രീകൾ. മിക്കവാറും പലചരക്ക് കടകളുടെ മുൻവശം പന്തലിട്ട് ഇറക്കികെട്ടിയിട്ടുണ്ടാകും. പല നിറങ്ങളിലും ആകൃതിയിലുമുള്ള കാരപ്പൊരികൾ ചാക്കുചാക്കായി നിരത്തിവെച്ചിരിക്കും. ഓരോന്നും കിലോക്കണക്കിനാണ് സ്ത്രീകൾ വാങ്ങിക്കൊണ്ടുപ്പോകുന്നത്. സമൂസ, പഴംപൊരി, തുടങ്ങി പലമാതിരി എണ്ണപ്പലഹാരങ്ങൾ കഴിച്ചുശീലിച്ച നമുക്ക് ഇവരീ വാങ്ങിക്കൂട്ടുന്ന കാരപ്പൊരികൾ വലിയ അത്ഭുതമായിരുന്നു. എങ്ങനെ നോമ്പു തുറക്കുന്ന സമയം ഇത് കഴിക്കുമെന്നതായിരുന്നു പ്രധാന ആശങ്ക. റമദാൻ കാലത്തു കടകൾക്കു മുമ്പിൽ കൂനകളായി പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചരക്കാണ് സേമിയ. സേമിയ ഉപയോഗിച്ചുള്ള ഖീർ (പായസം), പുലാവ് എന്നിവ അലിഗഢ് റമദാന്റെ മുഖ്യവിഭവങ്ങളിലൊന്നാണ്. കേരളത്തിൽ പ്രചാരത്തിലുള്ള തരം സേമിയയെക്കാൾ അലിഗഢിനു പ്രിയം വളരെ നേർത്ത സേമിയയോടാണ്. പാകം ചെയ്തു കഴിഞ്ഞാൽ അപ്പൂപ്പൻതാടി കണക്കേ അലിഞ്ഞുപോകുന്ന ഇത്തരം സേമിയ പലരത്തിലുണ്ട്. വറുത്തതും വറുക്കാത്തതും വൃത്താകൃതിയിൽ ചുറ്റിയെടുത്തതും നീളത്തിലുള്ളതുമായി വിവിധ തരം. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഇവ പാക്ക് ചെയ്തു വരുന്നവയല്ലെന്നാണ്. അലിഗഢിന്റെ തന്നെ ഏതെങ്കിലും ഭാഗങ്ങളിലെ കുടിൽവ്യവസായത്തിന്റെ ഉത്പ്പന്നമാണിവ. ഒരു കാലത്ത് കേരളത്തിലേറെ വിവാദത്തിലകപ്പെട്ട മക്രോണിയും അലീഗഢിലെ നോമ്പുതുറ വിഭവങ്ങളിലെ പ്രധാന താരമാണ്. പലച്ചരക്കു കടകൾക്കു മുമ്പിൽ മക്രോണിയുടെ തന്നെ വിവിധ രൂപവകഭേദങ്ങൾ വിൽക്കപ്പെടുന്നുണ്ട്. മൈദ കൊണ്ടുണ്ടാക്കുന്ന മക്രോണിയുണ്ടെങ്കിലും ഇവിടെ പ്രചാരം റവ ഉപയോഗിച്ചുണ്ടാക്കുന്ന മക്രോണിക്കാണ്.

 

       കേരളത്തിൽ നോമ്പുകാലഭക്ഷണം ഏറെക്കുറെ മാംസാഹാരത്തിലേക്കൊതുങ്ങുമ്പോൾ അലിഗഢിൽ നേരെമറിച്ചാണ്. അലിഗഢിൽ പൊതുവേ മാംസാഹാരം നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും നോമ്പുകാലത്ത് ഇവിടെ പ്രധാനമായും കറിക്കടല, കടലപ്പരിപ്പ് എന്നിവയാണ് ഇവരുടെ പ്രധാനഭക്ഷണം. കടല പുഴുങ്ങി മസാലയിടുന്നതാണ് നോമ്പുതുറ വിഭവങ്ങളിൽ പ്രധാനപ്പെട്ടത്. വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലുകളിൽ ഇതു നൽകിപ്പോരുന്നുണ്ട്. പലഹാരങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കുന്ന രീതിക്ക് കേരളത്തിൽ ക്രമാതീതമായ കുറവ് നേരിട്ടതിനു സമാനമായി അലിഗഢിലെ മീഠാഷോപ്പുകൾക്ക് മുമ്പിലും നോമ്പുതുറ സമയത്തിനടുപ്പിച്ച് വലിയ തിരക്കാണ്. പാലക് പകോഡ (ചീര കൊണ്ടുളള പൊക്കുവട), പ്യാസ് പകോഡ(ഉള്ളി പൊക്കുവട), ദഹിവട (തൈരു വട), മിർച്ച് പകോഡ (മുളകു ബജി) തുടങ്ങി കടലപ്പൊടിയിൽ വറുത്തുകോരിയ പലഹാരങ്ങൾക്കാണിവിടെ പ്രചാരം.

 

വേനലിലായാലും അല്ലെങ്കിലും നോമ്പുകാലത്ത് സമൃദ്ധമായി വിറ്റഴിഞ്ഞു പോകുന്ന മറ്റൊരു ഉത്പ്പന്നമാണ് റൂഹ്അഫ്സ എന്ന സ്ക്വാഷ്. കസ്കകസും പാലും റൂഹ് അഫ്സയും ചേർത്തുണ്ടാക്കുന്ന മധുരപാനീയം നോമ്പുതുറ സമയത്തെ ദാഹശമനി എന്നതിനപ്പുറം അനേകം ഔഷധ ഗുണമുണ്ടിവക്ക്. യൂനാനി വൈദ്യവിധി പ്രകാരം പല തരത്തിലുള്ള ഔഷധങ്ങൾ ചേർത്താണ് കടും ചുവപ്പു നിറത്തിലുള്ള ഈ മധുര സിറപ്പ് പാകം ചെയ്തെടുക്കുന്നത്. കേരളത്തിലെ നന്നാറി സർബത്തിന്റെ അലിഗഢ് ബദലായി റൂഹ്അഫ്സയെ പരിഗണിക്കാവുന്നതാണ്. യൂനാനി മരുന്നുകളിലെ വൻകിടക്കാരായ ഹംദർദുകാരുടെ റൂഹ്അഫ്സക്കാണ് പൊതുവെ കൂടുതൽ പ്രചാരമുള്ളതെങ്കിലും അലിഗഢ് മുസ്ലിം സർവ്വകലാശാലക്കു കീഴിലുള്ള യൂനാനി മെഡിക്കൽ കോളജായ അജ്മൽഖാൻ തിബ്ബിയ കോളജും അവരുടെ ലേബലിൽ റൂഹ്അഫ്സ പുറത്തിറക്കുന്നുണ്ട്.  

 

അത്താഴത്തിനു നൽകുന്ന ഭക്ഷണത്തിൽ അത്ഭുതം തോന്നിയിട്ടുള്ളത്. വെള്ളത്തിൽ കുതിർത്തെടുത്ത കടലപ്പരിപ്പ് സലാഡാണ്. പച്ചപ്പരിപ്പ് ഉള്ളിയും തക്കാളിയുമിട്ട് സലാഡാക്കി തിന്നുന്ന ഭക്ഷണസൌന്ദര്യശാസ്ത്രം കേരളീയ രുചിസംസ്ക്കാരത്തിന് ദഹിക്കാൻ പ്രയാസമാണെങ്കിലും അലിഗഢിന്റെ കടുത്തവേനലിൽ ഈ ഭക്ഷണം തരുന്ന ഊർജ്ജം മറ്റൊന്നു തന്നെയാണ്. എന്നു കരുതി കേരളത്തിൽ ഇതു പരീക്ഷിക്കുന്നത് വിജയകരമായിരിക്കില്ല. ഓരോ ഭക്ഷണവും അതു നിലനിൽക്കുന്ന ഭൂപ്രകൃതിക്കും സംസ്ക്കാരത്തിനും അനുയോജ്യമായി ഉരുത്തിരിഞ്ഞതായിരിക്കുമല്ലോ. അത്താഴത്തിന്റെ ഏറ്റവും അവസാനം തിളപ്പിച്ചാറ്റിയ പാൽ കുടിക്കുന്നതും അലിഗഢിൽ പതിവുള്ളതാണ്.

 

അലിഗഢിലെ നോമ്പുതുറയുടെ മറ്റൊരു പ്രത്യേകത മഗ്.രിബ് സമയം അറിയിക്കാനുള്ള സൈറണാണ്. ക്യാംപസിന്റെ എല്ലാ ഭാഗത്തേക്കും പള്ളിയിൽ നിന്നുള്ള ബാങ്കുവിളി ശബ്ദം എത്താത്തതിനാലാവണം ഇത്തരമൊരു സൈറൺ. ബാങ്ക് സമയത്തോടടുപ്പിച്ച് ഒരു ചെറിയ സൈറൺ, ബാങ്കുസമയത്തെ ദീർഘസൈറണുമാണ് ഉണ്ടാവുക. കൂടാതെ, അത്താഴത്തിനു സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു ഇരുപത് മിനിറ്റു മുമ്പും ഒരു സൈറണുണ്ടായിരിക്കും. ഏതാലായും സൈറൺ ഉള്ളതുകാരണം, നാട്ടിലായിരിക്കുമ്പോൾ കാരക്ക കയ്യിൽപ്പിടിച്ച് സ്വന്തം ഗ്രൂപ്പിന്റെ പള്ളിയിലെ ഉസ്താദിന്റെ ബാങ്ക് ശബ്ദം കേൾക്കുന്ന വരെ കാത്തിരിക്കേണ്ട ആശയക്കുഴപ്പം അലിഗഢിലില്ല. അലിഗഢിലെ തഹ്സീബും പാരമ്പര്യവും പലപ്പോഴും പല ആശയപ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാറുണ്ട് എന്നതിനൊരു ഉദാഹരണമാണിത്. താരതമ്യേന മുസ്.ലിം ഭൂരിപക്ഷ പ്രദേശമാണ് അലിഗഢ്. എന്നാലും യൂണിവേഴ്സിറ്റിയിലേക്കെത്തുന്ന മറ്റുമതസ്ഥരുടെ ആവശ്യങ്ങളെ ഉൾക്കൊണ്ടെന്ന പോലെ അലിഗഢിലെ മിക്കവാറും ചായക്കടകളും ധാബകളും തുറക്കാറുണ്ട്. അമുസ്ലീങ്ങളുടെ കടകൾ പോലും നോമ്പുകാരോടുള്ള ബഹുമാനാർഥം ഒതു തുണി കൊണ്ട് കെട്ടിമറക്കും.

 

റമദാൻ കാലമായാൽ യൂണിവേഴ്സിറ്റിയിലെ ഓഫീസുകളിലെയും ലൈബ്രറിയിലെയും എന്തിന് ഡിപാർട്മെന്റുകളിലെ പോലും സമയം മാറും. നോമ്പുകാർക്കുണ്ടാവുന്ന എല്ലാ അസൌകര്യങ്ങളെയും മറികടക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള സമയക്രമീകരണം. ഈ സമയത്ത് പ്രധാന അക്കാദമിക് പ്രവർത്തനങ്ങൾ നടത്തരുതെന്നത് ഒരു കീഴ്വഴക്കമായിവിടെ തുടർന്നു പോരുന്നുണ്ട്. എന്നാൽ, ആരെങ്കിലും നടത്തിയാൽ തന്നെയും ആർക്കും പരാതികളുമില്ല. ഇങ്ങ് അലിഗഢിലായാലും അങ്ങ് കേരളത്തിലായാലും ഇനി ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓരോ വിശ്വാസിക്കും തന്നിലടങ്ങിയിരിക്കുന്ന വിശുദ്ധിയെ ശരീരത്തിന്റെയും മനസ്സിന്റെയും കറകളെ നീക്കി പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് ഓരോ റമദാനും. അത്തരം വിശുദ്ധ വ്രതങ്ങളുടെ നൈർമ്മല്യം ഓരോ മനുഷ്യമനസ്സിനുമുണ്ടാവട്ടെയെന്നും ഈ പരിശുദ്ധ റമദാൻ അത്തരമൊന്നാവട്ടെയെന്നും പ്രാർത്ഥിക്കാം.

ഡോ. മുനവ്വർ ഹാനിഹ് ടി.ടി


.









 










..........





.

ചിത്രങ്ങൾ: ത്വാഹ